സ്വപ്‌നം വിരല്‍ത്തുമ്പില്‍; കെ ഫോണ്‍ പദ്ധതി ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി

കേരളത്തിന്‍റെ സ്വപ്ന പദ്ധതിയായ കെ ഫോണ്‍ ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി പിണറായി വിജയന്‍. എല്ലാവർക്കും ഇൻറർനെറ്റ് എന്ന സ്വപ്നം നമ്മൾ യാഥാർത്ഥ്യമാക്കിയെന്നും സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന 20ലക്ഷം കുടുംബങ്ങൾക്ക് സൗജന്യമായി ഇന്‍റര്‍നെറ്റ് ലഭിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. “അങ്ങനെ അതും നമ്മള്‍ നേടി” എന്ന് പറഞ്ഞുകൊണ്ടാണ് മുഖ്യമന്ത്രി തന്‍റെ പ്രസംഗം ആരംഭിച്ചത്.

ഇൻ്റർനെറ്റ് എന്ന അവകാശം എല്ലാവർക്കും ലഭ്യമാകുമെന്നും  എന്താണോ വാഗ്ദാനം ചെയ്തത് അത് ഇടതുപക്ഷ സര്‍ക്കാര്‍ നടപ്പിലാക്കുന്നുവെന്നതിൻ്റെ ഉദാഹരണമാണ് കെ ഫോണെന്നും മുഖ്യമന്ത്രി പറഞ്ഞു. എല്ലാ വീടുകളിലും സർക്കാർ ഓഫീസുകളിലും ഏറ്റവും വേഗം ഇൻറർനെറ്റ് കണക്ഷൻ ലഭ്യമാക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

17412 സർക്കാർ ഓഫീസുകളിലും, 2105 വീടുകളിലും നിലവിൽ കണക്ഷൻ നൽകി. അവർക്ക് വലിയതോതിൽ കെ ഫോൺ ഗുണം ചെയ്യും. 9000 ത്തിൽ അധികം വീടുകളിൽ കേബിൾ വലിച്ചു. മലയോരപ്രദേശങ്ങളിൽ കണക്ടിവിറ്റി ഉറപ്പ് വരുത്തി. വിജ്ഞാന സമൂഹമായി കേരളത്തെ മാറ്റാൻ കെ ഫോൺ ഉപകരിക്കുമെന്നും  ടെലികോം മേഖലയിലെ ജനകീയബദലാണ് കെഫോണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

ഇന്‍റർനെറ്റ് ഷട്ട്ഡൗൺ ഏറ്റവും കൂടുതൽ ഉള്ള രാജ്യമാണ് ഇന്ത്യ. അവിടെയാണ് കേരളം സ്വന്തമായി ഇൻറർനെറ്റ് സേവനം ലഭ്യമാക്കുന്നത്. എല്ലാവരേയും ‘റിയൽ കേരളാ സ്റ്റോറി’യുടെ ഭാഗമാക്കുകയാണ് കെ ഫോണ്‍ പദ്ധതി ലക്ഷ്യം വയ്ക്കുന്നത്.  രാജ്യത്ത് 50 ശതമാനത്തിൽ താഴെ ആളുകള്‍ക്ക് മാത്രമാണ് ഇൻറർനെറ്റ് ഉപയോഗിക്കാൻ ക‍ഴിയുന്നത്. അവിടെയാണ് നമ്മുടെ നാട്ടിൽ ആദിവാസികൾ ഉൾപ്പെടെയുള്ളവർക്ക് ഇൻറർനെറ്റ് നൽകുന്നത്

പൊതുമേഖലയിൽ ഒന്നും വേണ്ട, എല്ലാം സ്വകാര്യമേഖലയിൽ മതി എന്നാണ് ചിലരുടെ വാദം. അവർക്ക് കേരളത്തിൻ്റെ ബദൽ എന്തെന്ന് മനസിലാകില്ല. അവരാണ് കിഫ്ബിയെ മലർപൊടിക്കാരൻ്റെ സ്വപ്നം എന്ന് വിളിച്ചതെന്നും അവരെ എങ്ങനെ കാണണമെന്ന് ജനങ്ങൾ തീരുമാനിക്കണമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. സമഗ്രമായ വികസനത്തിന് എതിര് പറയാൻ ചിലരുണ്ട്.  ഏതൊരു നല്ല കാര്യത്തിനും ഇവർ എതിരാണെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.  ലോകമെങ്ങുമുളള മാറ്റം ഇവർ കാണുന്നില്ലേ എന്നും മുഖ്യമന്ത്രി ചോദിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News