കുട്ടികള്‍ക്കെതിരെയുള്ള അതിക്രമങ്ങളോട് ഒരു തരത്തിലുള്ള വിട്ടുവീഴ്ചയും അനുവദിക്കില്ല ; മുഖ്യമന്ത്രി

ശിശു അവകാശങ്ങളുടെ കാര്യത്തില്‍ കേരളം എല്ലാ അര്‍ത്ഥത്തിലും രാജ്യത്തിന് മാതൃകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇതാവര്‍ത്തിച്ചുറപ്പിക്കുന്ന ഭരണനടപടികളാണ് കേരളത്തിലുണ്ടാവുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. ഈ ശിശുദിനം പലസ്തീനിലെ കുഞ്ഞുങ്ങളുടെ സുരക്ഷക്കും പുനരധിവാസത്തിനുമുള്ള കൂട്ടായ ഇടപെടലുകള്‍ക്കായുള്ള ഓര്‍മ്മപ്പെടുത്തല്‍ കൂടിയാവട്ടെയെന്നും മുഖ്യമന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റ്

ഇന്ന് ശിശുദിനം. ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രിയായ ജവഹര്‍ലാല്‍ നെഹ്രുവിന്റെ ജന്മദിനം. പോഷകാഹാര ലഭ്യതയും ആരോഗ്യ സംരക്ഷണവും ഗുണമേന്മയുള്ള വിദ്യാഭ്യാസവുമെല്ലാം ഇവിടെ ജനിച്ചു വീഴുന്ന ഓരോ കുഞ്ഞിന്റെയും അവകാശമാണ്. കുട്ടികള്‍ക്കു നേരെയുള്ള അതിക്രമങ്ങളും ചൂഷണങ്ങളുമില്ലാത്ത ഒരിന്ത്യയാണ് നെഹ്റു ഉള്‍പ്പെടെയുള്ള ഭരണഘടനാ ശില്‍പ്പികള്‍ വിഭാവനം ചെയ്തത്.

ALSO READ: നൂറോളം സഖാക്കൾ, അനശ്വര രക്തസാക്ഷി ധീരജിന്റെ പേരിൽ നാമകരണം ചെയ്ത വേദി; രണ്ടാമത് എസ് എഫ് ഐ യു കെ സമ്മേളനത്തിന് തിരശീല വീണു

കുട്ടികളുടെ അവകാശങ്ങള്‍ സംരക്ഷിക്കുകയെന്നത് ഭരണകൂടത്തിന്റെ ഉത്തരവാദിത്വമാണ്. ശിശു അവകാശങ്ങളുടെ കാര്യത്തില്‍ കേരളം എല്ലാ അര്‍ത്ഥത്തിലും രാജ്യത്തിന് മാതൃകയാണ്. ഇതാവര്‍ത്തിച്ചുറപ്പിക്കുന്ന ഭരണനടപടികളാണ് കേരളത്തിലുണ്ടാവുന്നത്. പോഷകബാല്യം പദ്ധതി, സ്മാര്‍ട്ട് അങ്കണവാടികള്‍, പാരന്റിംഗ് ക്ലിനിക്കുകള്‍, ബാലവേലയെപ്പറ്റി വിവരം നല്‍കുന്നവര്‍ക്ക് ഇന്‍സന്റീവ് നല്‍കുന്ന പദ്ധതി, അന്താരാഷ്ട്ര നിലവാരത്തിലുള്ള പൊതുവിദ്യാഭ്യാസ സൗകര്യങ്ങള്‍ എന്നിവ ഇവയില്‍ ചിലതുമാത്രമാണ്. കുട്ടികള്‍ക്കെതിരെയുള്ള അതിക്രമങ്ങളോട് ഒരു തരത്തിലുള്ള വിട്ടുവീഴ്ചയും അനുവദിക്കില്ലെന്നതാണ് സര്‍ക്കാരിന്റെ നിലപാട്.

ഈ ഘട്ടത്തില്‍ കുഞ്ഞുങ്ങള്‍ക്കു നേരെ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടക്കുന്ന അതിക്രമങ്ങള്‍ നമ്മുടെ ഹൃദയത്തെ നോവിക്കുന്നുണ്ട് എന്നത് വിസ്മരിക്കാനാവില്ല. പലസ്തീനില്‍ ഇസ്രായേല്‍ നടത്തുന്ന കടന്നാക്രമണങ്ങളില്‍ ഇരകളാവുന്ന കുഞ്ഞുങ്ങളുടെ ദയനീയ ചിത്രങ്ങള്‍ വാര്‍ത്താ മാധ്യമങ്ങളില്‍ നിറഞ്ഞുനില്‍ക്കുകയാണ്. ഗാസയില്‍ മാത്രം 4609 കുട്ടികളാണ് ഇസ്രായേല്‍ ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടത്. ഗുരുതരമായി പരിക്ക് പറ്റിയവരും കുടുംബാംഗങ്ങള്‍ നഷ്ടപ്പെട്ട് അനാഥരായവരുമായ ഒട്ടനേകം കുഞ്ഞുങ്ങളുടെ മുഖം മനുഷ്യമനഃസാക്ഷിക്കു തീരാമുറിവായി മാറിയിരിക്കുന്നു. സാമ്രാജ്യത്വ ശക്തികളുടെ പിന്തുണയോടെ ഇസ്രായേല്‍ നടത്തുന്ന അധിനിവേശം അവസാനിപ്പിക്കാതെ ഈ ദുരന്തങ്ങള്‍ക്ക് ശമനമുണ്ടാകില്ല. ഇതിനായി ലോകത്തെ എല്ലാ പുരോഗമന ശക്തികളും ഒന്നിച്ചു ശബ്ദമുയര്‍ത്തണം. ഈ ശിശുദിനം പലസ്തീനിലെ കുഞ്ഞുങ്ങളുടെ സുരക്ഷക്കും പുനരധിവാസത്തിനുമുള്ള കൂട്ടായ ഇടപെടലുകള്‍ക്കായുള്ള ഓര്‍മ്മപ്പെടുത്തല്‍ കൂടിയാവട്ടെ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News