ഐക്യമുള്ള നാടിന് ഒന്നും അസാധ്യമല്ലെന്ന് ലോകസമക്ഷം തെളിയിച്ചവരാണ് നാം; മുഖ്യമന്ത്രി

സിപിഐ സംസ്ഥാന സെക്രട്ടറിയും ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ സമുന്നത നേതാവുമായ സഖാവ് കാനം രാജേന്ദ്രന്റെ വിയോഗം സൃഷ്ടിച്ച ദുഃഖത്തിന്റെ അന്തരീക്ഷത്തിൽ നവകേരള സദസ്സ് ശനിയാഴ്ച നിർത്തിവച്ചിരുന്നു. ഞായറാഴ്ചത്തെ പര്യടനം പരിമിതപ്പെടുത്തി. വെള്ളിയാഴ്ച രാത്രിതന്നെ മന്ത്രിസഭാംഗങ്ങൾ കൊച്ചിയിലെ ആശുപത്രിയിലെത്തി കാനത്തിന് അന്ത്യോപചാരം അർപ്പിച്ചിരുന്നു. കേരളത്തിലെ ഇടതുപക്ഷ ഐക്യത്തെ കരുത്തുറ്റതാക്കുന്നതിന് നിസ്തുലമായ സംഭാവന നൽകിയ നേതാവാണ് കാനം. ആകസ്മികമായ ആ വേർപാട് പെട്ടെന്ന് പൊരുത്തപ്പെടാനാകുന്നതോ നികത്താനാകുന്നതോ അല്ല. ദീർഘകാലം കേരളത്തിലെ പുരോഗമന പ്രസ്ഥാനങ്ങളുടെ നേതൃനിരയിലിരിക്കുകയും നേർവഴിക്ക് നയിക്കുകയും ചെയ്ത കാനത്തിന്റെ സ്മരണ അനശ്വരമാണ്.

ദുഃഖസൂചകമായി എറണാകുളം ജില്ലയിലെ തൃപ്പൂണിത്തുറയിൽ നടക്കാനിരുന്ന പ്രഭാതയോഗവും നാലുമണ്ഡലങ്ങളിലെ പൊതുപരിപാടിയുമാണ് മാറ്റിവച്ചത്. അങ്കമാലിയിൽ തുടങ്ങി മറൈൻ ഡ്രൈവിൽ അവസാനിച്ച രണ്ടുദിവസത്തെ പര്യടനം എറണാകുളം ജില്ലയിലെ ജനങ്ങളുടെ മനസ്സ് വായിച്ചെടുക്കാവുന്ന തരത്തിലുള്ളതായിരുന്നു. എല്ലാ കേന്ദ്രങ്ങളിലും സംഘാടകരുടെ പ്രതീക്ഷയെ മറികടന്ന ജനാവലിയെത്തി. ധൈര്യമായി മുന്നോട്ടുപോകൂ ഞങ്ങൾ കൂടെയുണ്ട് എന്ന സന്ദേശമാണ് സദസ്സിലേക്ക് ഒഴുകിയെത്തുന്ന ജനങ്ങൾ സർക്കാരിന് നൽകുന്നത്. നാട് ആഗ്രഹിക്കുന്ന വികസനം അതേപടി പ്രാവർത്തികമാക്കാനുള്ള നടപടികളാണ് സർക്കാർ സ്വീകരിക്കുന്നത്. 2016നുശേഷം നാടിനെ പുതുക്കിപ്പണിയാനുള്ള ശ്രമങ്ങളാണ് സർക്കാർ നടത്തിയത്. ഒരിക്കലും നടക്കില്ലെന്ന് കരുതിയ നിരവധി പദ്ധതികൾ പ്രാവർത്തികമാക്കാൻ കഴിഞ്ഞു. ഒന്നും നടക്കില്ലെന്ന് കരുതി നാടുവിട്ട ദേശീയപാത അതോറിറ്റി, ഗെയ്ൽ, പവർഗ്രിഡ് കോർപറേഷൻ എന്നിവരെയൊക്കെ തിരിച്ചുകൊണ്ടുവരാൻ കഴിഞ്ഞു.

ALSO READ:ജമ്മുകശ്മീരിൻ്റെ പ്രത്യേക പദവി റദ്ദാക്കിയതിനെതിരായ ഹർജിയിൽ സുപ്രീം കോടതി വിധി ഇന്ന്

ഗെയ്ൽ പൈപ്പ് ലൈനിന്റെ ഭാഗമായുള്ള ഗ്യാസ് അടുക്കളകളിലെത്താൻ തുടങ്ങി. വ്യവസായ സ്ഥാപനങ്ങളിലെ അടുക്കളയിൽ ഇന്ധനമായും ഗ്യാസ് ഉപയോഗിക്കാനായി. കൂടുതൽ ഉപയോഗത്തിലേക്ക് വരാൻ പോകുകയാണ്. പവർ ഗ്രിഡ് കോർപറേഷന്റെ ലൈനുകളിലൂടെ വൈദ്യുതി പ്രവഹിച്ചുതുടങ്ങി. ദേശീയപാത യാഥാർഥ്യമാകുമോയെന്ന ആശങ്ക ആർക്കും ഇപ്പോഴില്ല. തീരദേശ ഹൈവേയുടെ പ്രവർത്തനങ്ങളും പുരോഗമിക്കുകയാണ്. ആകർഷകമായ പാക്കേജാണ് ഇതിന്റെ ഭാഗമായി നടപ്പാക്കുന്നത്. തീരദേശ ഹൈവേ പൂർത്തിയാകുന്നതോടെ ടൂറിസം രംഗത്ത് വലിയ മാറ്റമുണ്ടാകും. കടലോര റോഡിലൂടെയുള്ള സഞ്ചാരം ടൂറിസ്റ്റുകളെ ആകർഷിക്കും. മലയോര ഹൈവേയും അതിവേഗം യാഥാർഥ്യമാകും. കിഫ്ബി മുഖേന പതിനായിരം കോടി രൂപയാണ് തീരദേശ ഹൈവേക്കും മലയോര ഹൈവേക്കും അനുവദിക്കുന്നത്.

ജലപാതയുടെ പ്രവർത്തനങ്ങൾ ഏതാനും ആഴ്ചയ്‌ക്കകം ഭാഗികമായി പൂർത്തീകരിക്കും. കോഴിക്കോട്, കണ്ണൂർ, കാസർകോട്‌ ജില്ലകളിൽ ഭൂമിയേറ്റെടുത്ത് കനാൽ നിർമിക്കാനുള്ളതിനാൽ ആദ്യഘട്ടത്തിൽ കോവളംമുതൽ ചേറ്റുവവരെയുള്ള പാതയാണ് പൂർത്തിയാകുന്നത്. കോവളംമുതൽ ചേറ്റുവവരെ സഞ്ചരിക്കാവുന്ന രീതിയിൽ കനാൽ പൂർത്തിയാകും. ചില പ്രദേശങ്ങളിലുള്ള പ്രശ്നങ്ങൾ പരിഹരിച്ച് മുന്നോട്ടുപോകും. കോവളംമുതൽ ചേറ്റുവവരെയുള്ള ജലപാത ടൂറിസ്റ്റുകളെ വലിയതോതിൽ ആകർഷിക്കുന്നതാണ്. ജലപാതയിൽ അമ്പത് കിലോമീറ്റർ ഇടവിട്ട് ടൂറിസ്റ്റ് കേന്ദ്രങ്ങൾ ഒരുക്കും. പ്രാദേശിക കലാരൂപങ്ങൾ, നാടൻ ഭക്ഷ്യവിഭവങ്ങൾ, നാടൻ ഉൽപ്പന്നങ്ങൾ എന്നിവയെല്ലാം ഈ കേന്ദ്രങ്ങളിലുണ്ടാകും. ഈ പദ്ധതിക്കായി സ്ഥലമെടുക്കുന്നതിനുള്ള പണവും കിഫ്ബി വഴി കണ്ടെത്തും.

റെയിൽവേ വികസനത്തിന്റെ കാര്യത്തിൽ വലിയ മുന്നേറ്റമുണ്ടാക്കാൻ കഴിഞ്ഞിട്ടില്ല. സംസ്ഥാനത്തിന്റെ ആവശ്യം കണ്ടറിഞ്ഞ് നിലപാട് സ്വീകരിക്കാൻ കേന്ദ്ര സർക്കാർ തയ്യാറാകുന്നില്ല. സിൽവർ ലൈൻ പദ്ധതിക്കെതിരായ കേന്ദ്ര നിലപാട് ഇതു വ്യക്തമാക്കുന്നതാണ്. ഈ നിഷേധാത്മക സമീപനം എല്ലാക്കാലവും കേന്ദ്രസർക്കാരിന് തുടരാൻ കഴിയില്ല. നാടിന്റെ വികസനത്തിൽ അതീവ പ്രാധാന്യമുള്ളതാണ് വേഗതയുള്ള ട്രെയിനുകൾ. വന്ദേഭാരത് ട്രെയിൻ വന്നപ്പോഴാണ് വേഗതയുള്ള ട്രെയിനുകളുടെ ആവശ്യകത എല്ലാവർക്കും ബോധ്യമായത്. കൃത്യസമയം പാലിക്കുന്നതിന് വന്ദേഭാരത് ഓടുമ്പോൾ മറ്റ് ട്രെയിൻ യാത്രക്കാർ വലിയ പ്രയാസം നേരിടുകയാണ്. നിലവിലെ റെയിൽവേ ലൈൻതന്നെ ഉപയോഗിക്കുന്നതിനാലാണിത്. പ്രത്യേകമായ റെയിൽവേ ലൈനായിരുന്നു കേരളത്തിന്റെ പദ്ധതി. അത് നല്ല രീതിയിൽ യാത്രാപ്രശ്നങ്ങൾക്ക് പരിഹാരമുണ്ടാക്കും. അതിനായി ഇനിയും കാത്തിരിക്കേണ്ടതുണ്ട്. റെയിൽവേയുടെ മറ്റ് വികസന പദ്ധതികളിലും അനുകൂലമല്ലാത്ത നിലപാടാണ് കേരളത്തോട് കേന്ദ്രസർക്കാർ സ്വീകരിക്കുന്നത്. റോഡുകൾ, പാലങ്ങൾ, ഓവർബ്രിഡ്ജുകൾ, ഫ്ളൈ ഓവറുകൾ ഇവയെല്ലാം മികച്ച രീതിയിൽ പൂർത്തിയാക്കുകയാണ്. നാടിന്റെ രൂപവും മുഖച്ഛായയും മാറ്റുന്നതിന് സഹായകമായ പദ്ധതികളാണ് പുരോഗമിക്കുന്നത്.

സർക്കാരിന്റെ വികസന പദ്ധതികൾ നല്ല നിലയിൽ പ്രാവർത്തികമായ ജില്ലയാണ് എറണാകുളം. ആകെ 2716 കോടി രൂപയുടെ കുടിവെള്ള പദ്ധതികൾക്കാണ് എറണാകുളം ജില്ലയിൽ ഭരണാനുമതി നൽകിയിരിക്കുന്നത്. അമൃത് പദ്ധതിയിൽ കൊച്ചിയിൽ ഉൾപ്പെടെ 70 കോടി രൂപയുടെ പദ്ധതികളാണ് നിർവഹണത്തിലിരിക്കുന്നത്. ആലുവയിൽ 190 എംഎൽഡി പ്ലാന്റ് കൂടി യാഥാർഥ്യമാകുന്നതോടെ എറണാകുളത്തെ കുടിവെള്ള പ്രശ്നത്തിന് ശാശ്വത പരിഹാരമാകും. എറണാകുളത്തിന്റെ എക്കാലത്തെയും വലിയ പ്രശ്‌നമായ ചെല്ലാനത്തെ കടൽക്ഷോഭത്തെ നേരിടാൻ ക്രിയാത്മകമായ ഇടപെടലാണ് സർക്കാർ നടത്തിയത്. അതിന്റെ ഭാഗമായി ചെല്ലാനം പദ്ധതി രാജ്യത്തിനുതന്നെ മാതൃകയാകുംവിധം പൂർത്തിയാക്കാൻ കഴിഞ്ഞു. ഇന്ന് ചെല്ലാനത്തുകാർക്ക് പേടിയില്ലാതെ ഉറങ്ങാൻ കഴിയുന്നു.

സാമ്പത്തിക ഞെരുക്കത്തിനിടയിലും കേന്ദ്ര സർക്കാരിന്റെ ഉപരോധ സമാനമായ സമീപനത്തിനിടയിലും വികസന പ്രവർത്തനങ്ങൾ നിർത്തിവയ്‌ക്കാൻ നാം തയ്യാറാകുന്നില്ല. ഐക്യമുള്ള നാടിന് ഒന്നും അസാധ്യമല്ലെന്ന് ലോകസമക്ഷം തെളിയിച്ചവരാണ് നാം. തകർന്നടിയുമെന്ന് ലോകം മുഴുവൻ കരുതിയ സമയത്ത് എല്ലാ പ്രതിസന്ധികളെയും അതിജീവിച്ച് ഉയിർത്തെഴുന്നേറ്റവരാണ് നാം. ഓഖിയും നിപായും മഹാപ്രളയവും തുടർന്ന് കോവിഡുമൊക്കെ വന്നപ്പോൾ ഐക്യത്തോടെനിന്ന് അതിനെയെല്ലാം നാം അതിജീവിച്ചു. പ്രതിസന്ധി ഘട്ടത്തിൽ കേന്ദ്ര സർക്കാർ സഹായിച്ചില്ലെന്ന് മാത്രമല്ല, ഉപദ്രവിക്കുകയും ചെയ്തു. കേരളം തകരട്ടെ എന്ന കേന്ദ്രത്തിന്റെ മനസ്സിനെ ഐക്യവും ഒരുമയുംകൊണ്ടാണ് നാം നേരിട്ടത്. നമുക്ക് മുന്നോട്ടുപോയേ തീരൂ എന്ന് നാം ഒറ്റക്കെട്ടായി തീരുമാനിക്കുകയായിരുന്നു. അങ്ങനെ മുന്നോട്ടുപോയ നാം ഇന്ന് എല്ലാ മേഖലയിലും അഭിവൃദ്ധി പ്രാപിച്ചു. നമ്മുടെ തനത് വരുമാനം വർധിച്ചു. പ്രതിശീർഷ വരുമാനത്തിൽ രാജ്യത്ത് മുന്നിലുള്ള അഞ്ചു സംസ്ഥാനങ്ങളിലൊന്ന് ഇന്ന് കേരളമാണ്. ഈ മേന്മ നിലനിർത്താനും കൂടുതൽ മുന്നോട്ടു പോകാനുമുള്ള  ആവേശമാണ് നവകേരള സദസ്സിൽ തടിച്ചു കൂടുന്ന ജനങ്ങൾ പകർന്നു നൽകുന്നത്.

നവകേരള സദസിനെക്കുറിച്ചുള്ള മുഖ്യമന്ത്രിയുടെ വിലയിരുത്തൽ, ദേശാഭിമാനി ദിനപത്രം പ്രസിദ്ധീകരിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News