അനുഭവ സമ്പത്തുള്ളവരുടെ നിര്‍ദേശങ്ങള്‍ സര്‍ക്കാരിന് മുന്നിലെത്തുന്ന പ്രസക്തമായ വേദിയാണ് പ്രഭാത യോഗങ്ങള്‍ : മുഖ്യമന്ത്രി

തനിക്ക് അന്യമായിരുന്ന ശബ്ദങ്ങളുടെ പുതിയ ലോകത്തെത്തിയ നന്ദന എന്ന പെണ്‍കുട്ടി വന്ന് നന്ദി പറഞ്ഞത് ഇന്ന് വ്യത്യസ്തമായ അനുഭവമായിരുന്നു. കഴിഞ്ഞ മേയില്‍ ഗുരുവായൂരില്‍ നടന്ന ‘കരുതലും കൈത്താങ്ങും’ അദാലത്തിലൂടെയാണ് കേള്‍വി പരിമിതി നേരിട്ടിരുന്ന ഗുരുവായൂര്‍ സ്വദേശിനി നന്ദനയ്ക്ക് ശ്രവണ സഹായി നല്‍കിയത്. റവന്യു മന്ത്രി കെ രാജനും ജില്ലാ കലക്ടര്‍ കൃഷ്ണതേജയും ആണ് ഇടപെട്ടത്. മണപ്പുറം ഫൗണ്ടേഷന്‍ സഹായ വാഗ്ദാനവുമായി മുന്നോട്ടു വന്നു.

ഗുരുവായൂര്‍ ലിറ്റില്‍ ഫ്ളവര്‍ കോളേജിലെ ബികോം ഒന്നാംവര്‍ഷ വിദ്യാര്‍ഥിനിയായ നന്ദനയ്ക്ക് ജന്മനാ കേള്‍വി പരിമിതിയുണ്ടായിരുന്നു. മകള്‍ക്ക് ശ്രവണസഹായി വാങ്ങുക എന്നത് അച്ഛന്‍ ബിനുവിന്റെ വലിയൊരു സ്വപ്നമായിരുന്നു. ചായക്കട നടത്തിയാണ് ബിനു കുടുംബം പുലര്‍ത്തുന്നത്. ഭാര്യ അസുഖബാധിത. ആ കൊച്ചു കുടുംബത്തിന് താങ്ങാനാകുന്നതായിരുന്നില്ല 1.80 ലക്ഷം രൂപ വില വരുന്ന ശ്രവണസഹായി. അത് ഇപ്പോള്‍ നന്ദനയ്ക്ക് കിട്ടിയിരിക്കുന്നു.

ഇതൊക്കെ സാധാരണ സര്‍ക്കാര്‍ സംവിധാനങ്ങള്‍ ശ്രദ്ധിക്കാതെ പോകുന്ന സങ്കടങ്ങളാണ്. അവ കേള്‍ക്കാനും പരിഹാരം കാണാനും ഈ സര്‍ക്കാര്‍ നടത്തുന്ന ശ്രമങ്ങള്‍ ഒരു പരിധിവരെ ഫലം കാണുന്നു എന്നാണ് നന്ദനയുടെ അനുഭവം നല്‍കുന്ന സൂചന. തൃശൂര്‍ മുളങ്കുന്നത്തുകാവ് കിലയിലാണ് ചേലക്കര, കുന്നംകുളം, ഗുരുവായൂര്‍, വടക്കാഞ്ചേരി മണ്ഡലങ്ങളിലെ ക്ഷണിക്കപ്പെട്ട 260ഓളം വ്യക്തികള്‍ പങ്കെടുത്ത പ്രഭാതയോഗം ചേര്‍ന്നത്.

ALSO READ: കൊച്ചി മെട്രോ രണ്ടാം ഘട്ടത്തിലേക്ക്; 379 കോടി അനുവദിച്ച് കേരള സർക്കാർ

ചലച്ചിത്ര മേഖലമുതല്‍ ഉന്നത വിദ്യാഭ്യാസരംഗംവരെ- പുതിയ ആശയങ്ങളും അഭിപ്രായങ്ങളും യോഗത്തിന്റെ പരിമിത സമയത്തിനുള്ളില്‍ സജീവമായി ചര്‍ച്ച ചെയ്തു. കുന്നംകുളം മണ്ഡലത്തില്‍ കലാമണ്ഡലത്തിന്റെ സബ് സെന്റര്‍ ആരംഭിക്കണമെന്നായിരുന്നു ഗാനരചയിതാവ് ബി കെ ഹരിനാരായണന്റെ അഭ്യര്‍ഥന. കലാമണ്ഡലത്തിന്റെ ഭാവി വികസന ചര്‍ച്ചകളില്‍ ഇക്കാര്യം ആലോചിക്കാമെന്ന് മറുപടി നല്‍കി.

ആധുനിക സമ്പ്രദായങ്ങള്‍ കൃഷി രീതിയില്‍ പ്രയോഗിക്കുന്നതിനുള്ള പദ്ധതികള്‍ ഉണ്ടാകണമെന്നും കൃഷിയിലേക്ക് യുവജനങ്ങളെ ആകര്‍ഷിക്കുന്നതിന് പഞ്ചായത്തുകള്‍ മുഖേന ശ്രമം ഉണ്ടാകണമെന്നും ജൈവകര്‍ഷകന്‍ രാജു നാരായണ സ്വാമി പറഞ്ഞു. സംസ്ഥാനത്ത് ആധുനിക സംവിധാനങ്ങള്‍ ഉപയോഗിച്ചുള്ള നൂതന കൃഷി രീതികള്‍ നടപ്പാക്കുന്നുണ്ട്. കാര്‍ഷികോല്‍പ്പാദനം വര്‍ധിപ്പിക്കാന്‍ സമഗ്രമായ പദ്ധതികളാണ് സര്‍ക്കാര്‍ ആവിഷ്‌കരിച്ചിട്ടുള്ളത്. കാര്‍ഷിക യന്ത്രവല്‍ക്കരണ മേഖലയില്‍ ഏകജാലക സംവിധാനങ്ങളായ കൃഷിശ്രീ സെന്ററുകള്‍ ആരംഭിക്കുവാനുള്ള നടപടികള്‍ക്ക് 2022ല്‍ തന്നെ തുടക്കമിട്ടു. കാര്‍ഷികരംഗത്തെ തൊഴിലാളി ക്ഷാമം പരിഹരിക്കുക എന്നതാണ് ഈ പദ്ധതികളുടെ പ്രധാന ലക്ഷ്യം.

കൂടാതെ കാര്‍ഷിക മേഖലയില്‍ യന്ത്രോപകരണങ്ങളുടെ ഉപയോഗം വ്യാപിപ്പിക്കുക, കാര്‍ഷിക മേഖലയ്ക്ക് ആവശ്യമായ സഹായങ്ങളും സേവനങ്ങളും മിതമായ നിരക്കില്‍ കര്‍ഷകര്‍ക്ക് നല്‍കുക തുടങ്ങിയവയും ഈ പദ്ധതിയുടെ പ്രധാന പ്രവര്‍ത്തനങ്ങളില്‍ ഉള്‍പ്പെടുന്നു. ഈ സാമ്പത്തിക വര്‍ഷത്തില്‍ 22 കൃഷിശ്രീ സെന്ററുകള്‍ ആരംഭിക്കുന്നതിനായി 8 കോടി രൂപ വകയിരുത്തിയിട്ടുണ്ട്.

ALSO READ: സൗദിയിൽ 28 കാരിയായ മലയാളി യുവതി ഉറക്കത്തില്‍ മരിച്ചു

കര്‍ഷകര്‍ക്ക് അറിവുകള്‍ പകര്‍ന്നു കൊടുക്കാനും ഉദ്യമങ്ങള്‍ ലക്ഷ്യപ്രാപ്തിയിലെത്തിക്കാന്‍ സഹായം നല്‍കാനും ജില്ലകള്‍ തോറും പുതുതായി രൂപീകരിക്കുന്ന വികേന്ദ്രീകൃത സംവിധാനമാണ് വൈഗ റിസോഴ്‌സ് സെന്റുകള്‍. കര്‍ഷകന്റെയോ സംരംഭകന്റെയോ ആവശ്യങ്ങള്‍ മനസ്സിലാക്കി അതനുസരിച്ച് ഡിപിആര്‍ തയ്യാറാക്കല്‍മുതലുള്ള എല്ലാ സേവനങ്ങളും ഒരു കുടക്കീഴില്‍ ലഭ്യമാകുന്ന രീതിയില്‍ റിസോഴ്‌സ് സെന്ററുകള്‍ വിഭാവനം ചെയ്തിട്ടുണ്ട്. റിസോഴ്‌സ് സെന്ററുകള്‍ മുഖേന ഡിപിആര്‍ ക്ലിനിക്കുകള്‍, ബി ടു ബി മീറ്റുകള്‍, സെമിനാറുകള്‍, എക്‌സിബിഷന്‍ തുടങ്ങിയവ സംഘടിപ്പിക്കുന്നതിനോടൊപ്പം ഒരു സംരംഭം ആരംഭിക്കുന്നതിനും വിജയകരമായി പ്രവര്‍ത്തനം തുടരുന്നതിനുമുള്ള എല്ലാ സഹായങ്ങളും (ലൈസന്‍സുകള്‍ ലഭ്യമാക്കല്‍, വായ്പ സംവിധാനം തുടങ്ങിയവ) സംരംഭകര്‍ക്ക് ഒരുക്കി കൊടുക്കും.

കര്‍ഷകര്‍ക്കും കര്‍ഷക ഗ്രൂപ്പുകള്‍ക്കും വ്യവസായ സംരംഭങ്ങള്‍ ആരംഭിക്കുന്നതിനായി ബാങ്ക് വായ്പകളും സര്‍ക്കാരില്‍നിന്ന് മറ്റാനുകൂല്യങ്ങളും ലഭിക്കുന്നതിന് പര്യാപ്തമായ പ്രോജക്ട് റിപ്പോര്‍ട്ടുകള്‍ തയ്യാറാക്കുന്നതിന് കര്‍ഷകരെ പ്രാപ്തരാക്കുന്ന ഡിപിആര്‍ ക്ലിനിക്കുകള്‍ ആരംഭിച്ചിട്ടുണ്ട്. ഇത്തരം കാര്യങ്ങള്‍ വിശദമായി യോഗത്തില്‍ പറഞ്ഞില്ലെങ്കിലും കൃഷിയുമായി ബന്ധപ്പെട്ട ക്രിയാത്മക നിര്‍ദേശങ്ങള്‍ പൂര്‍ണ മനസ്സോടെ ഉള്‍ക്കൊണ്ട് നടപടി സ്വീകരിക്കുമെന്ന ഉറപ്പ് യോഗത്തിന് നല്‍കി.

കേരളത്തിലെ ആരോഗ്യമേഖലയെ ലോകത്തിന്റെ തന്നെ ആരോഗ്യ ഹബ്ബാക്കി മാറ്റാമെന്ന് ആരോഗ്യ സര്‍വകലാശാല വിസി ഡോ. മോഹനന്‍ കുന്നുമ്മല്‍ പറഞ്ഞു. സര്‍ക്കാര്‍തലത്തില്‍ കൂടുതല്‍ നഴ്സിങ് കോളേജുകളും പാരാമെഡിക്കല്‍ കോഴ്സുകളും ആരംഭിക്കണമെന്നും അദ്ദേഹം നിര്‍ദേശം മുന്നോട്ടുവച്ചു. അതാണ് സര്‍ക്കാര്‍ ലക്ഷ്യമെന്നും പഠനസമയത്ത് പരിശീലനം ഉള്‍പ്പെടെ ലഭ്യമാക്കുമെന്നും അതിനോട് പ്രതികരിച്ചു.

തെറ്റ് ചെയ്യുന്ന കുട്ടികളെ തിരുത്താനുള്ള സാഹചര്യം അധ്യാപകര്‍ക്ക് നിലവില്‍ ഇല്ലെന്നത് ആശങ്കജനകമാണെന്ന് ബദനി എഡ്യൂക്കേഷണല്‍ ഇന്‍സ്റ്റിറ്റിയൂഷന്‍ മാനേജര്‍ ഫാ. ബെഞ്ചമിന്‍ അഭിപ്രായപ്പെട്ടു. എന്നാല്‍ കുട്ടികളുടെ അവകാശങ്ങള്‍ സംരക്ഷിക്കപ്പെടേണ്ടതാണെന്നും അവരുടെ വ്യക്തിത്വത്തെ ബാധിക്കുന്ന രീതിയിലുള്ള ഒരു പ്രവൃത്തിയെയും പ്രോത്സാഹിപ്പിക്കില്ലെന്നും അതിനോട് പ്രതികരിച്ച് വ്യക്തമാക്കി. മാറുന്ന കാലത്തിനനുസരിച്ച് അധ്യാപകരും മാറേണ്ടതുണ്ട്. കാലാനുസൃതമായ മാറ്റങ്ങള്‍ ഉള്‍ക്കൊള്ളാന്‍ അധ്യാപകര്‍ക്കും ആകണം. കുട്ടികളുടെ വ്യക്തിത്വം അംഗീകരിച്ച് ആവശ്യമായ ഉപദേശങ്ങള്‍ നല്‍കുകയാണ് വേണ്ടത്.

ALSO READ: ദേശാഭിമാനി സീനിയർ റിപ്പോർട്ടർ എം വി പ്രദീപ്‌ അന്തരിച്ചു

പ്രമേഹ രോഗത്തിന്റെ വര്‍ധനയെക്കുറിച്ചും ഭാരതപ്പുഴയുടെ ദുരവസ്ഥയെക്കുറിച്ചുമുള്ള ഉല്‍ക്കണ്ഠയാണ് നടനും എഴുത്തുകാരനുമായ വി കെ ശ്രീരാമന്‍ പങ്കുവച്ചത്. ജീവിതശൈലി രോഗങ്ങളുടെ കാര്യത്തില്‍ ആരോഗ്യവകുപ്പ് പ്രത്യേക ശ്രദ്ധ പുലര്‍ത്തുന്നുണ്ട്. ഹരിതകേരളം മിഷന്‍ ശുചീകരണ പ്രവൃത്തികള്‍ നടത്തുന്നുണ്ട്. ജലസ്രോതസ്സുകളിലേക്ക് മാലിന്യം തള്ളുന്നതിനെതിരെ കൃത്യമായ നടപടി ഉണ്ടാകുമെന്നും പൊതുജനങ്ങള്‍കൂടി സഹകരിക്കണമെന്നും അദ്ദേഹത്തിന് മറുപടി നല്‍കി.

ചാവക്കാട് കടലോരത്ത് കൂടുതല്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തണമെന്ന് വ്യവസായിയായ നൗഷാര്‍ ആവശ്യമുന്നയിച്ചു. ഇ -ഗ്രാന്റ്‌സ് പോലുള്ള പദ്ധതികള്‍ സമൂഹത്തിന്റെ താഴേത്തട്ടിലുള്ള വിദ്യാര്‍ഥികളെ ഉന്നത വിദ്യാഭ്യാസത്തിന് പ്രാപ്തരാക്കാന്‍ സഹായിക്കുന്നുണ്ടെന്നും മാറിയ കാലത്ത് ഡിജിറ്റല്‍ മാധ്യമങ്ങള്‍ കൈകാര്യം ചെയ്യാന്‍ ചെറുപ്രായംമുതലേ പരിശീലനം നല്‍കണമെന്നും പാലക്കാട് ഗവ. മെഡിക്കല്‍ കോളേജിലെ എംബിബിഎസ് വിദ്യാര്‍ഥിനി എ എം അനീഷ പറഞ്ഞു.

ചേലക്കര മണ്ഡലത്തില്‍ അത്ലറ്റിക്സിനുവേണ്ടി സിന്തറ്റിക് ട്രാക്ക് നിര്‍മിക്കണമെന്നായിരുന്നു ട്രിപ്പിള്‍ ജമ്പിലെ ഏഷ്യന്‍ മെഡല്‍ ജേതാവ് എം പി ഷീനയുടെ ആവശ്യം. പുന്നയൂര്‍ക്കുളത്ത് 1500 കര്‍ഷകര്‍ ഏര്‍പ്പെട്ടിരിക്കുന്ന രാമച്ച കൃഷിയുടെ സംരക്ഷണത്തിനാവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്ന് പുന്നയൂര്‍ക്കുളം രാമച്ച കര്‍ഷകസംഘം പ്രസിഡന്റ് മോഹനന്‍ കറുത്തേടത്ത് ആവശ്യപ്പെട്ടു. കൃഷിവകുപ്പ് ആവശ്യമായ നടപടികള്‍ ഇക്കാര്യത്തില്‍ എടുക്കുന്നുണ്ടെന്ന് അദ്ദേഹത്തെ അറിയിച്ചു.

ചര്‍ച്ചകളുടെ ചെറിയ ഭാഗം മാത്രമാണ് ഇവിടെ സൂചിപ്പിച്ചത്. നമ്മുടെ നാടിന്റെ മുന്നോട്ടുള്ള യാത്ര എങ്ങനെ ആകണമെന്ന് അനുഭവമുള്ളവര്‍തന്നെ പറയുകയും അവ മൂര്‍ത്തമായ നിര്‍ദേശങ്ങളായി സര്‍ക്കാരിനുമുന്നിലെത്തുകയും ചെയ്യുന്ന പ്രസക്തമായ വേദിയാണ് നവകേരള സദസ്സിനോടനുബന്ധിച്ച പ്രഭാത യോഗങ്ങളെന്ന് അനുദിനം തെളിയിക്കപ്പെടുകയാണ്.

(നവകേരള സദസിനെക്കുറിച്ചുള്ള മുഖ്യമന്ത്രിയുടെ വിലയിരുത്തല്‍, ദേശാഭിമാനി ദിനപത്രം പ്രസിദ്ധീകരിച്ചത്)

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News