സ്വിസ്, അമേരിക്കന്‍ ബാങ്കുകളുടെ തകര്‍ച്ചയ്ക്ക് പിന്നാലെ കൂപ്പുകുത്തി ഓഹരി വിപണി. യൂറോപ്യന്‍ ഏഷ്യന്‍ ഓഹരി വിപണികള്‍ തകര്‍ന്നു. 800 പോയിന്റ് വരെ താഴ്ന്ന സെന്‍സെക്‌സും നിഫ്റ്റിയും നഷ്ടത്തില്‍ ക്ലോസ് ചെയ്തു. തകര്‍ച്ചയുടെ വക്കില്‍ നിന്ന് ക്രെഡിറ്റ് സ്വീസ് ബാങ്കിനെ യുബിഎസ് ഗ്രൂപ്പ് ഏറ്റെടുത്തതാണ് ഇന്നത്തെ തകര്‍ച്ചയ്ക്ക് കാരണം.
അമേരിക്കന്‍ ബാങ്കുകളുടെ തകര്‍ച്ചയില്‍ ആരംഭിച്ച ഓഹരി വില നഷ്ടം സ്വിറ്റ്‌സര്‍ലന്റിലേക്ക് കടന്നതോടെ പൂര്‍ണ്ണമാവുകയായിരുന്നു. ഓഹരിവിപണിയുടെ ഇന്നത്തെ കൂപ്പുകുത്തലിന് പ്രധാനകാരണം ക്രെഡിറ്റ് സ്വീസിനെ യുബിഎസ് ഗ്രൂപ്പ് ഏറ്റെടുക്കുമെന്ന പ്രഖ്യാപനമാണ്. അപ്രസക്തിയുടെ പടുകുഴിയിലേക്ക് പതിയെ പതിയെ ഇറങ്ങിപ്പോയിരുന്ന ക്രെഡിറ്റ് സ്വീസ് പലിശ നിരക്കിലെ വര്‍ദ്ധനയും നിക്ഷേപകരുടെ കൂട്ട പിന്‍ മാറ്റവും മൂലം ഒറ്റയടിക്ക് കൂപ്പുകുത്തി.
സ്വിസ് നാഷണല്‍ ബാങ്കിന്റെ അടിയന്തര സഹായവും വന്‍ ബാങ്കുകളുടെ സംരക്ഷണ നീക്കവും ക്രെഡിറ്റ് സ്വീസിനെ രക്ഷപ്പെടുത്തിയില്ല. നേരത്തെ കള്ളപ്പണക്കാരുടെ പ്രിയ സങ്കേതമായിരുന്ന ക്രെഡിറ്റ് സ്വീസിന് പ്രതാപ കാലത്തെ ശേഷിയില്ലെങ്കില്‍ പോലും നിരവധി കോടീശ്വരന്മാര്‍ ഇപ്പോഴും നിക്ഷേപകരായി ഉണ്ടായിരുന്നു. ഒടുവില്‍ 167 വര്‍ഷം പഴക്കമുള്ള ബാങ്കിനെ 300 കോടി സ്വിസ് ഫ്രാങ്കിന് യുബിഎസ് ഗ്രൂപ്പ് ഏറ്റെടുക്കുകയാണ്.
ക്രെഡിറ്റ് സ്വീസിന്റെ 60% ഷെയറുകളും ഏറ്റെടുത്ത യുബിഎസിന്റെ 8 ശതമാനം ഷെയറുകളും തകര്‍ച്ച നേരിട്ടു. യൂറോപ്പില്‍ പരക്കെ ബാങ്കിംഗ് ഓഹരികള്‍ കൂപ്പുകുത്തി. ഡച്ച് ബാങ്കും കോമേഴ്‌സ് ബാങ്കും മൂന്നു ശതമാനത്തില്‍ അധികം തകര്‍ച്ചയെ നേരിട്ടപ്പോള്‍ ബിഎന്‍പി പാരിബാസ് മൂന്നര ശതമാനം ഇടിഞ്ഞു. തകര്‍ച്ച യൂറോപ്യന്‍ അതിര്‍ത്തികള്‍ കടന്ന് ഏഷ്യയിലേക്കും പടര്‍ന്നു.
ഒരു ഘട്ടത്തില്‍ 800 പോയിന്റുകള്‍ വരെ താഴ്ന്ന സെന്‍സെക്‌സ് 360 പോയിന്റ് നഷ്ടത്തില്‍ ക്ലോസ് ചെയ്തു. നിഫ്റ്റി 17,000 ത്തിന് താഴെയെത്തി. വന്‍ ബാങ്കുകളുടെ കണ്‍സോര്‍ഷ്യം രൂപീകരിച്ച സാഹചര്യം മെച്ചപ്പെടുത്താന്‍ ശ്രമം നടത്തുന്നുണ്ടെങ്കിലും അവരുടെ വാഗ്ദാനം നിക്ഷേപകരും ചെവി കൊള്ളുന്നില്ല.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here