കണ്ണൂർ: വയനാട് ദുരിതബാധിതരെ സഹായിക്കാൻ ഒറ്റ മനസോടെ മുന്നോട്ടുപോകുകയാണ് കേരളം. കൊച്ചുകുട്ടികൾ കളിപ്പാട്ടം വാങ്ങാനും മറ്റുമായി കരുതിവെച്ച തുക കുടുക്ക പൊട്ടിച്ച് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് കൈമാറുന്ന വാർത്തകൾ നിരന്തരം വരുന്നു. അതിനിടെയാണ് കണ്ണൂരിൽനിന്നുള്ള കായികതാരം കൂടിയായ ഒരു കൊച്ചുമിടുക്കൻ വയാനിട്ടിലെ ദുരിതബാധിതരെ സഹായിക്കാൻ മുന്നോട്ടുവരുന്നത്.
കണ്ണൂർ ജില്ലാ ടേബിൾ ടെന്നീസ് ചാമ്പ്യനായ അനുഗ്രഹ് എസാണ് പുതിയ ബാറ്റ് വാങ്ങാനായി മാറ്റിവെച്ച തുക വയനാടിന് കൈത്താങ്ങാകാൻ നൽകിയത്. ദുരന്ത ബാധിതർക്ക് വീട് വെച്ച് നൽകാൻ ഡി വൈ എഫ് ഐ നടത്തുന്ന ധനസമാഹരണ ക്യാമ്പയിനിലേക്കാണ് ജൂനിയർ കായികതാരം സംഭാവന ചെയ്തത്. വിവിധ ടൂർണമെന്റുകളിൽ കളിച്ച് ജയിച്ചപ്പോൾ കിട്ടിയ സമ്മാനത്തുകയാണ് അനുഗ്രഹ് ഡിവൈഎഫ്ഐയ്ക്ക് സംഭാവനയായി നൽകിയത്. തളിപ്പറമ്പ് മൂത്തേടത്ത് സ്‌കൂൾ പ്ലസ് വൺ വിദ്യാർത്ഥിയാണ് അനുഗ്രഹ് എസ്.
ALSO READ: കണ്ണീരോടെ മടക്കം… പുത്തുമലയിൽ എട്ട് മൃതദേഹങ്ങൾ സംസ്കരിച്ചു
പുതിയ ബാറ്റ് വാങ്ങുന്നതിനായി കരുതി വെച്ചിരുന്ന തുക ദുരിതമനുഭവിക്കുന്നവർക്ക് നിറഞ്ഞ മനസോടെയാണ് നൽകുന്നതെന്ന് അനുഗ്രഹ് പറഞ്ഞു. ഡി വൈ എഫ് ഐ ആന്തൂർ മേഖല സെക്രട്ടറി ശ്രീരാഗ് തുക ഏറ്റുവാങ്ങി. ആന്തൂർ തളിയിലെ ആയുർവേദ ഡോക്ടർമാരായ ഇ.വി. സുധീറിന്റെയും രശ്മിതയുടെയും മകനാണ് അനുഗ്രഹ്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here