പ്ലസ് ടു സീറ്റ് വര്‍ധന വിഷയത്തിലും ‘വടകരപ്പൂത്തിരി’ മലപ്പുറത്ത് കത്തിക്കരുത്; ലീഗിന് കെ ടി ജലീലിന്റെ മറുപടി

പ്ലസ് ടു മാര്‍ജിനല്‍ സീറ്റ് വര്‍ധനയിലൂടെ കുട്ടികളെ കുത്തിനിറച്ചു കൊണ്ട് മലപ്പുറത്തെ പ്ലസ് ടു വിഷയം പരിഹരിക്കാനാവില്ലെന്ന് പറഞ്ഞ പി കെ കുഞ്ഞാലികുട്ടിക്ക് കുറിക്കുകൊള്ളുന്ന മറുപടിയുമായി കെടി ജലീല്‍. യുഡിഎഫ് ഭരിച്ച കാലത്തും പ്ലസ് ടു മാര്‍ജിനല്‍ സീറ്റ് വര്‍ധന ഉണ്ടായിട്ടുണ്ട്. അന്നത്തെപ്പോലെ കുട്ടികള്‍ക്ക് ഞെരുങ്ങി ഇരിക്കേണ്ട സ്ഥിതി ഇന്നില്ല. അന്നില്ലാത്ത ലീഗിന്‍റെ ‘മലപ്പുറം സ്‌നേഹ’ത്തിന് പിന്നില്‍ അതിസങ്കുചിത കമ്മ്യൂണിസ്റ്റ് വിരുദ്ധ രാഷ്ട്രീയമെന്നും ജലീല്‍ ഫേസ്ബുക്ക് പോസ്റ്റിലൂടെ ചൂണ്ടികാട്ടി.

ഫേസ്ബുക്ക് പോസ്റ്റ്

‘വടകരപ്പൂത്തിരി’ മലപ്പുറത്ത് കത്തിക്കരുത്’

മലബാറിന്റെ +2 പഠന സൗകര്യം വിപുലപ്പെടുത്താന്‍ പടിപടിയായി എല്‍.ഡി.എഫ് സര്‍ക്കാര്‍ നടപടികള്‍ സ്വീകരിക്കുന്നത് പ്രശംസനീയമാണ്. ‘ഞമ്മന്റെ മന്ത്രി’ വിദ്യാഭ്യാസം കൈകാര്യം ചെയ്തിരുന്ന കാലത്തെ (2011-16) അവസാന വര്‍ഷം 2015-ല്‍ മലപ്പുറം ജില്ലയില്‍ തുടര്‍ന്ന് പഠിക്കാന്‍ അവസരം കിട്ടാതെ സ്‌കോള്‍ കേരളയില്‍ +1 ന് പ്രൈവറ്റായി റജിസ്റ്റര്‍ ചെയ്ത കുട്ടികളുടെ എണ്ണം 25,000-ത്തിലധികമായിരുന്നു. കഴിഞ്ഞ വര്‍ഷം അത് 12,000 ആയി ചുരുങ്ങി. 2023 ല്‍ മാത്രം മലപ്പുറത്ത് 65 പുതിയ +2 ബാച്ചുകള്‍ രണ്ടാം പിണറായി സര്‍ക്കാര്‍ അനുവദിച്ചതിന്റെ ഫലമായിരുന്നു ഈ വലിയ മാറ്റം.

Also Read: അത് ചെളിയായിരുന്നില്ല, ഓറിയോ ബിസ്ക്കറ്റ്; ശ്രീനാഥ്‌ ഭാസിക്ക് നിറയെ ഉറുമ്പിന്റെ കടിയും കിട്ടി; ഗുഹക്കുള്ളിലെ ദൃശ്യത്തെ കുറിച്ച് ചിദംബരം

+2 സീറ്റുകളില്‍ 20% മാര്‍ജിനല്‍ സീറ്റു വര്‍ധനവ് ആദ്യമായിട്ടല്ല. UDF ഭരിച്ചിരുന്ന കാലത്തും വര്‍ഷാവര്‍ഷം ഈ വര്‍ധനവ് നല്‍കിയിരുന്നു. അന്ന് പക്ഷെ പരിമിതമായ സൗകര്യങ്ങളിലാണ് കുട്ടികള്‍ ഞെങ്ങി ഞെരുങ്ങി ക്ലാസ്സുകളില്‍ ഇരുന്നിരുന്നത്. ആ ഓര്‍മ്മവെച്ചാകും ലീഗ് നേതാക്കളുടെ പ്രതികരണം. ആ കഷ്ടകാലമൊക്കെ എങ്ങോ പൊയ്മറഞ്ഞു. തെക്കന്‍ ജില്ലകളില്‍ ലീഗ് ഭരിച്ച കാലത്തും ഒരു ക്ലാസ്സില്‍ പത്തും ഇരുപതും കുട്ടികളേ ഉണ്ടായിരുന്നുള്ളൂ. അന്നില്ലാത്ത ‘മലപ്പുറം സ്‌നേഹം’ ഇപ്പോള്‍ ഉണ്ടാകുന്നതിന് പിന്നില്‍ വ്യക്തമായ രാഷ്ട്രീയമുണ്ട്. അത് ലീഗിന്റെ അതിസങ്കുചിത കമ്മ്യൂണിസ്റ്റ് വിരുദ്ധ രാഷ്ട്രീയമാണ്.

ഹയര്‍ സെക്കന്ററിയില്‍ 20% സീറ്റ് വര്‍ധനവ് പുതിയതല്ല. ലീഗ് ഭരിച്ച കാലം മുഴുവന്‍ ഈ വര്‍ധനവ് അനുവദിച്ചിരുന്നു. അന്ന് എം.എസ്.എഫോ യൂത്ത്‌ലീഗോ ജമാഅത്തെ ഇസ്ലാമിയോ ഒരക്ഷരം ഉരിയാടിയിരുന്നില്ല. ഏറ്റവുമവസാനം 2011 മുതല്‍ 2016 വരെ ലീഗിന്റെ വിദ്യാഭ്യാസമന്ത്രി +2 പഠനത്തിന് 20% സീറ്റ് വര്‍ധനവ് അനുവദിച്ചപ്പോള്‍ അതിനെ സ്വാഗതം ചെയ്തവരാണ് ലീഗിന്റെ കുട്ടികള്‍. +2 മേഖലയിലെ മാര്‍ജിനല്‍ സീറ്റു വര്‍ധനവിന്റെ ഉത്തരവ് റിസല്‍ട്ട് വരുന്നതിന് മുമ്പേ പുതുക്കി നല്‍കിയ മന്ത്രി ശിവന്‍കുട്ടിയുടെ നടപടിക്കെതിരെ ‘യുദ്ധപ്രഖ്യാപനം’ നടത്തുന്നതിലെ അനൗചിത്യം വിവേകശാലികള്‍ തിരിച്ചറിയാതെ പോകരുത്.

ഒന്നാം പിണറായി സര്‍ക്കാര്‍ പൊതുവിദ്യാഭ്യാസം മെച്ചപ്പെടുത്തിയതിന്റെ ഫലമായി എല്ലാ ഗവ: സ്‌കൂളുകളിലും പുതിയ കെട്ടിടങ്ങള്‍ ഉയര്‍ന്നു. കാലഹരണപ്പെട്ട പഴയ കെട്ടിടങ്ങള്‍ പൊളിച്ചുമാറ്റി. ലാബുകളും ലൈബ്രറികളും ടോയ്‌ലെറ്റുകളും സ്ഥാപിച്ചു. 8 വര്‍ഷം മുമ്പുണ്ടായിരുന്ന ചോര്‍ന്നൊലിക്കുന്ന ക്ലാസ് റൂമുകളല്ല ഇന്നുള്ളത്. സര്‍ക്കാര്‍ സ്‌കൂളുകളുടെ മുഖച്ഛായ തന്നെ അടിമുടി മാറി. ഇന്ന് സര്‍ക്കാര്‍ വിദ്യാലയങ്ങളുടെ ക്ലാസ്മുറികളില്‍ സ്ഥലപരിമിതി മൂലം വിദ്യാര്‍ത്ഥികള്‍ വീര്‍പ്പുമുട്ടുന്നതായി അറിവില്ല. ഫര്‍ണിച്ചറുകള്‍ക്ക് ക്ഷാമമില്ല. എന്നിട്ടും പത്ത് സീറ്റുകള്‍ ഓരോ ബാച്ചിലും കൂട്ടിയത് ജില്ലയോടുള്ള അവഗണനയായി അവതരിപ്പിക്കുന്നത് ‘വടകര പൂത്തിരി’ മലപ്പുറത്തും കത്തിക്കാനുള്ള പുറപ്പാടാണോ എന്ന് സംശയിക്കണം!

സംസ്ഥാനത്ത് പൊതുവിദ്യാഭ്യാസ യജ്ഞത്തിന്റെ ഭാഗമായി ഏറ്റവുമധികം ഫണ്ട് അനുവദിച്ചത് മലപ്പുറം ജില്ലക്കാണ്. ജില്ലയിലെ എല്ലാ സര്‍ക്കാര്‍ വിദ്യാലയങ്ങളും പുതിയ കെട്ടിടങ്ങള്‍ കൊണ്ട് സമൃദ്ധമായി നില്‍ക്കുന്നത് എത്രമാത്രം കണ്ണിന് കുളിര്‍മ നല്‍കുന്ന കാഴ്ചയാണ്. എം.എസ്.എഫും യൂത്ത്‌ലീഗും മുസ്ലിംലീഗും ജമാഅത്തെ ഇസ്ലാമിയും അവരുടെ മാധ്യമങ്ങളും സമരം ചെയ്തിട്ടല്ല ഇടതുസര്‍ക്കാര്‍ ഇതൊന്നും മലപ്പുറത്തിന് നല്‍കിയത്. അതിന്റെ നേട്ടം അനുഭവിക്കുന്നത് മലപ്പുറം ജില്ലക്കാരാണ്. മലപ്പുറം ജില്ലയിലെ പൊട്ടിപ്പൊളിഞ്ഞ് ചോര്‍ന്നൊലിക്കുന്ന ക്ലാസ് റൂമുകളുള്ള ഒരു സര്‍ക്കാര്‍ സ്‌കൂളിന്റെ ചിത്രം (എയ്ഡഡ് സ്‌കൂളുകളുടേതല്ല) പങ്കുവെക്കുന്നവര്‍ക്ക് പ്രത്യേക സമ്മാനം നല്‍കാം. നല്ല കാര്യം ചെയ്ത ഗവ:നെ അഭിനന്ദിക്കാന്‍ സമുദായപാര്‍ട്ടിയോ നേതാക്കളോ മുതിര്‍ന്നില്ലെന്ന് മാത്രമല്ല പ്രശ്‌ന പരിഹാരത്തിന് മനുഷ്യസാദ്ധ്യമായതെല്ലാം ചെയ്ത മന്ത്രിയേയും മന്ത്രിസഭയേയും പ്രതിക്കൂട്ടില്‍ നിര്‍ത്തി ‘മുസ്ലിം വിരുദ്ധ’ ചാപ്പ കുത്താനുള്ള നീക്കമാണ് ദൗര്‍ഭാഗ്യവശാല്‍ നടത്തുന്നത്. മലപ്പുറത്തെ +2 സീറ്റുകളുടെ കുറവ് ശാശ്വതമായി ഇടതുപക്ഷ സര്‍ക്കാര്‍ പരിഹരിക്കും. സംശയം വേണ്ട. പിണറായി വിജയനാണ് കേരളത്തിന്റെ മുഖ്യമന്ത്രി. ആ ഓര്‍മ്മ കമ്മ്യുണിസ്റ്റ് വിരുദ്ധത മൂത്ത് സമചിത്തത നഷ്ടപ്പെട്ടവര്‍ക്ക് ഉണ്ടായാല്‍ രക്ഷപ്പെടുന്നത് കാലങ്ങളായി വഞ്ചിക്കപ്പെടുന്ന ഒരു ജനതയാകും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News