“സത്യം ചെരുപ്പണിയുമ്പോഴേക്കും നുണ ലോകം ചുറ്റി വന്നിരുന്നു”: മാർക്ക് ലിസ്റ്റ് വിവാദത്തില്‍ പിഎം ആര്‍ഷോ

മാര്‍ക്ക് ലിസ്റ്റ് വിവാദത്തില്‍ വിശദീകരണവുമായി എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പിഎം ആര്‍ഷോ. മനോരമയ്ക്കും ഏഷ്യാനെറ്റിനും എന്ത്‌ ആർഷൊ എന്നും തനിക്കെതിരെയുള്ള ആക്രമണങ്ങള്‍  പ്രസ്ഥാനത്തെ ലക്ഷ്യം വെച്ചുള്ളതാണെന്ന നല്ല ബോധ്യം ഉള്ളതുകൊണ്ട് കർശന നിയമനടപടികളുമായും പ്രതിരോധവുമായും മുന്നോട്ട് പോകുമെന്നും ആര്‍ഷൊ അറിയിച്ചു.

ഇതുപോലൊരു സാങ്കേതിക പ്രശ്നം മൂവായിരത്തിന് മുകളിൽ വിദ്യാർത്ഥികൾ പഠിക്കുന്ന ക്യാമ്പസ്സിൽ എസ് എഫ് ഐ സംസ്ഥാന സെക്രട്ടറിയുടെ റിസൾട്ടിൽ മാത്രം വരിക, അത് കെ എസ് യൂ പ്രവർത്തകർക്ക്‌ മാത്രം കിട്ടുക, അവർ വഴി മാധ്യമങ്ങൾക്ക്‌ ലഭിക്കുക… അതത്രയും നിഷ്കളങ്കമാണെന്ന വിശ്വാസം തൽക്കാലം എനിക്കില്ല- ആര്‍ഷൊ ഫേസ്ബുക്കില്‍ കുറിച്ചു.

ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണരൂപം:

ഇന്നലെ രാവിലെ മുതൽ കേരളത്തിലെ സർവ്വത്ര മാധ്യമങ്ങളുടെയും പ്രധാന ടൈറ്റിൽ എന്റെ മൂന്നാം സെമസ്റ്റർ മാർക്ക് ലിസ്റ്റിൽ തട്ടിതിരിഞ്ഞുള്ളതായിരുന്നു.
എസ് എഫ് ഐ സംസ്ഥാന സെക്രട്ടറിയെ ആരെല്ലാമൊക്കെയോ ചേർന്ന് വെറുതെയങ്ങ് ജയിപ്പിച്ചു വിട്ടു, അങ്ങനെ ജയിപ്പിക്കാൻ അയാൾ നിയമവിരുദ്ധ ഇടപെടൽ നടത്തി, പരീക്ഷ ജയിക്കാൻ എളുപ്പ മാർഗ്ഗം എസ് എഫ് ഐ ആവുകയാണ് തുടങ്ങി സർവ്വത്ര ഡയലോഗുകളും പടച്ചു വിട്ടു.

ഈ വാർത്തകൾ സൃഷ്ട്ടിക്കപ്പെട്ട് ഏറെ വൈകിയാണ് എനിക്കിത് അറിയാൻ കഴിഞ്ഞത്. ഈ പ്രചരണം നടക്കുമ്പോൾ ഇടമലക്കുടിയിൽ എസ് എഫ് ഐ ക്യാമ്പയിന്റെ ഭഗമായി പങ്കെടുക്കുകയായിരുന്നതിനാൽ മൊബൈൽ നെറ്റ്‌വർക്ക് ലഭ്യമായിരുന്നില്ല. വൈകിട്ട് തിരിച്ചുള്ള യാത്രയിൽ വിവരം അറിയുമ്പോഴേക്ക് ഈ പ്രചരണം സാധ്യമായ എല്ലാ ഇടങ്ങളിലും എത്തിയിരുന്നു.

സത്യം ചെരുപ്പണിയുമ്പോഴേക്കും നുണ ലോകം ചുറ്റി വന്നിരുന്നു.
ഈ വിഷയത്തിൽ ഒന്നാമതായി 2020 ബാച്ചിൽ ആണ് ഞാൻ മഹാരാജാസ് കോളേജിൽ ആർക്കിയോളജി വിഭാഗത്തിൽ പ്രവേശിക്കുന്നത്. മൂന്നാം സെമസ്റ്റർ പരീക്ഷ ഞാൻ എഴുതിയിട്ടില്ല, ആ പരീക്ഷ നടക്കുമ്പോൾ പരീക്ഷ സെന്റർ സ്ഥിതി ചെയ്യുന്ന എറണാകുളം ജില്ലയിൽ ഞാൻ ഇല്ല, സെമസ്റ്ററിലെ 5 വിഷയങ്ങളിലും ഞാൻ ആബ്സെന്റ് ആയിരുന്നു, പരീക്ഷയ്ക്ക് ശേഷം 2022 ഒക്ടോബർ മാസം 26 ന് ഉച്ച കഴിഞ്ഞ് 1.42 ന് പരീക്ഷ ഫലം പ്രസിദ്ധീകരിക്കുകയും അതിൽ കൃത്യമായി ഞാൻ പരീക്ഷ എഴുതിയിട്ടില്ല എന്ന് അടയാളപ്പെടുത്തുകയും ചെയ്തിട്ടുള്ളതാണ്. പ്രസ്തുത മാർക്ക്‌ ലിസ്റ്റ് അന്ന് മുതൽ ഈ നിമിഷം വരെ കോളേജ് വെബ്സൈറ്റിൽ ലഭ്യമാണ്.

ഇന്നലെ രാവിലെ മുതൽ മാധ്യമങ്ങൾ ഉൾപ്പടെ പ്രചരിപ്പിക്കുന്ന മാർക്ക്‌ ലിസ്റ്റ് 2021 ബാച്ച് വിദ്യാർത്ഥികളുടെ റെഗുലർ പരീക്ഷയുമായി ബന്ധപ്പെട്ടതാണ്. ആ റെഗുലർ പരീക്ഷ എഴുതേണ്ട ആളല്ല ഞാൻ, അങ്ങനൊരു പരീക്ഷ എഴുതാൻ ഞാൻ ഫീസ് അടയ്ക്കുകയോ രജിസ്റ്റർ ചെയ്യുകയോ ചെയ്തിട്ടില്ല. പ്രസ്തുത മാർക്ക്‌ ലിസ്റ്റിൽ ആണ് എന്റെ പേർ ഉണ്ട് എന്ന നിലയിൽ മാധ്യമങ്ങളും ഇതര രാഷ്ട്രീയ പാർട്ടികളും, സാങ്കേതിക പ്രശ്നം എന്ന നിലയിൽ കോളേജ് പ്രിൻസിപ്പളും പ്രചരിപ്പിച്ചിട്ടുള്ളത്.

ഇതുപോലൊരു സാങ്കേതിക പ്രശ്നം മൂവായിരത്തിന് മുകളിൽ വിദ്യാർത്ഥികൾ പഠിക്കുന്ന ക്യാമ്പസ്സിൽ എസ് എഫ് ഐ സംസ്ഥാന സെക്രട്ടറിയുടെ റിസൾട്ടിൽ മാത്രം വരിക, അത് കെ എസ് യൂ പ്രവർത്തകർക്ക്‌ മാത്രം കിട്ടുക, അവർ വഴി മാധ്യമങ്ങൾക്ക്‌ ലഭിക്കുക… അതത്രയും നിഷ്കളങ്കമാണെന്ന വിശ്വാസം തൽക്കാലം എനിക്കില്ല.
കാരണം,
1. ഡിപ്പാർട്മെന്റിലെ വിദ്യാർത്ഥികൾ പലപ്പോഴായി ഡിപ്പാർട്മെന്റ് കോഡിനേറ്റർക്കെതിരെ നൽകിയ പരാതികൾ
2. ഡിപ്പാർട്മെന്റിലെ അദ്ധ്യാപകർ നൽകിയ പല പരാതികൾ.
3. കെ എസ് യൂ നേതാവായ ഡിപ്പാർട്മെന്റിലെ വിദ്യാർത്ഥിനിയുടെ റീവാല്യൂവേഷൻ റിസൾട്ടുമായി ബന്ധപ്പെട്ട് ഡിപ്പാർട്മെന്റ് കോർഡിനേറ്ററുടെ ഇടപെടൽ സംബന്ധിച്ച് കോളേജ് യൂണിയനും വിദ്യാർത്ഥികളും നൽകിയ പരാതി.
3. പ്രസ്തുത പരാതികളെ അടിസ്ഥാനപ്പെടുത്തി ഡിപ്പാർട്മെന്റ് കോർഡിനേറ്റർ സ്ഥാനത്ത് നിന്ന് നീക്കിയ നടപടി.

തുടങ്ങിയവക്കൊപ്പം അന്വേഷണം വൈകുന്നതുമായി ബന്ധപ്പെട്ടും, പരാതി കൊടുത്ത വിദ്യാർത്ഥികളെ അന്വേഷിച്ചു കണ്ടെത്തി ഡിപ്പാർട്മെന്റ് കോർഡിനേറ്റർ ഭീഷണിപ്പെടുത്തിയതുമായി ബന്ധപ്പെട്ടും ഒന്നിലധികം തവണ ഇടപെട്ട ആൾ എന്ന നിലയിൽ ഈ വന്നവ അത്ര നിഷ്കളങ്കമായി കാണാൻ നിർവ്വഹമില്ല.

കർശന നിയമനടപടികളുമായും പ്രതിരോധവുമായും മുന്നോട്ട് പോകും, വ്യക്തിപരമായ നിങ്ങളുടെ ആക്രമണം ഈ പ്രസ്ഥാനത്തെ ലക്ഷ്യം വെച്ചുള്ളതാണെന്ന നല്ല ബോധ്യം ഉള്ളതുകൊണ്ട്. അല്ലാണ്ട് മനോരമയ്ക്കും ഏഷ്യാനെറ്റിനും എന്ത്‌ ആർഷൊ.

പി എം ആർഷൊ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News