‘സത്യസന്ധമായി വാര്‍ത്ത നല്‍കിയ ഒരു മാധ്യമപ്രവര്‍ത്തകനെതിരെയും കേസെടുത്തിട്ടില്ല; ത്രിമൂര്‍ത്തി ഭരണം തേടിയിറങ്ങിയ മനോരമയ്ക്ക് ഒരു ചുക്കും കിട്ടിയിട്ടില്ല’: പി.എം മനോജ്

സത്യസന്ധമായി വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്ത ഒരു മാധ്യമ പ്രവര്‍ത്തകനെതിരെയും ഒരു കേസുമെടുത്തിട്ടില്ലെന്ന് മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറി പി.എം മനോജ്. വാര്‍ത്താ റിപ്പോര്‍ട്ടിംഗിന്റെ പേരിലും കേസ് ഇല്ല. സര്‍ക്കാരിനെയും മുഖ്യമന്ത്രിയേയും മന്ത്രിമാരെയും കുടുംബത്തിലിരിക്കുന്നവരെയും നിരന്തരം മാന്യതയുടെ അതിരു വിട്ട് ആക്ഷേപിക്കുന്ന മാധ്യമങ്ങള്‍ക്കെതിരെ അതിന്റെ പേരില്‍ ഒരു കേസും എടുത്തിട്ടില്ലെന്നും പി.എം മനോജ് ഫേസ്ബുക്കില്‍ കുറിച്ചു.

പി.എം മനോജിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

ത്രിമൂര്‍ത്തി ഭരണം തേടിയിറങ്ങിയ മനോരമയ്ക്ക് ഒരു ചുക്കും കിട്ടിയിട്ടില്ല. പണ്ട് കേരളത്തില്‍ മന്ത്രിമാരുടെ മക്കളെ ആന കളിപ്പിച്ച് തോളിലെ നക്ഷത്രത്തിന്റെ എണ്ണം കൂട്ടിയ പൊലീസ് ഏമാന്‍മാറുണ്ടായിരുന്നു. ആ കാലം പോയി. ഇപ്പോള്‍ കുറ്റകൃത്യങ്ങള്‍ അന്വേഷിച്ചു തെളിവ് ശേഖരിച്ചു കേസ് ചാര്‍ജ് ചെയ്യുന്ന പൊലീസാണുള്ളത്. നിയമത്തിനു മുന്നില്‍ നാട്ടിലെ ദിവ്യന്മാര്‍ക്കോ മഹാ മാന്യന്മാര്‍ക്കോ മാധ്യമ പ്രവര്‍ത്തകര്‍ക്കോ ഇമ്മ്യൂണിറ്റി ഇല്ല. സത്യസന്ധമായി വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്ത ഒരു മാധ്യമ പ്രവര്‍ത്തകനെതിരെയും ഒരു കേസും എടുത്തിട്ടില്ല.
വാര്‍ത്താ റിപ്പോര്‍ട്ടിങ്ങിന്റെ പേരിലും കേസ് ഇല്ല. സര്‍ക്കാരിനെയും മുഖ്യമന്ത്രിയേയും മന്ത്രിമാരെയും കുടുംബത്തിലിരിക്കുന്നവരെയും നിരന്തരം മാന്യതയുടെ അതിരു വിട്ട് ആക്ഷേപിക്കുന്ന മാധ്യമങ്ങള്‍ക്കെതിരെ അതിന്റെ പേരില്‍ ഒരു കേസും എടുത്തിട്ടില്ല.

മാധ്യമ പ്രവര്‍ത്തകര്‍ക്കും മാധ്യമ സ്വാതന്ത്ര്യത്തിനും സംരക്ഷണം നല്‍കുന്ന നടപടികളേ സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടായിട്ടുള്ളൂ.
മാധ്യമങ്ങള്‍ക്കെതിരായ ഭീഷണികള്‍ എന്ന തലക്കെട്ടില്‍ മനോരമ ആറു കാര്യങ്ങള്‍ അവതരിപ്പിച്ചിട്ടുണ്ട്. ഓരോന്നിന്റെയും വസ്തുത നോക്കാം.

1 ചവറ കെഎംഎംഎല്‍ അഴിമതി തുറന്നുകാട്ടിയ കൊല്ലത്തെ മനോരമ ലേഖകനെ ചോദ്യം ചെയ്ത് വാര്‍ത്തയുടെ ഉറവിടം കണ്ടെത്താന്‍ ശ്രമം. സ്ഥാപനത്തിന്റെ എംഡി മുഖ്യമന്ത്രിയുടെ ഓഫിസില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു അത്. മനോരമ ലേഖകനെതിരെ ഒരു കേസും ചാര്‍ജ് ചെയ്തിട്ടില്ല. ആലപ്പുഴ ക്രൈം ബ്രാഞ്ച് അന്വേഷത്തിന്റെ ഭാഗമായി ജയചന്ദ്രന്‍ ഇലങ്കത്ത് എന്ന മനോരമ ലേഖകന്റെ മൊഴി രേഖപെടുത്തിയിട്ടുണ്ട്. നാടിനെ ബാധിക്കുന്ന ഒരു വിഷയത്തില്‍ കുറ്റം കണ്ടെത്താന്‍ സഹായിക്കുക എന്ന പൗരന്റെ കടമ നിര്‍വ്വഹിക്കാന്‍ എന്തിനാണിത്ര വൈക്ലബ്യം? അഴിമതിയെ കുറിച്ച് ഉത്കണ്ഠയുണ്ടെങ്കില്‍ അതിന്റെ തെളിവുകളോ സൂചനകളോ നല്‍കാന്‍ തയ്യാറാകേണ്ട ആള്‍ തന്നെ, കേസെന്നും ചോദ്യം ചെയ്യലെന്നും ഉറവിടം കണ്ടെത്തലെന്നും നിലവിളിക്കുകയാണ്.

2 ട്രെയിന്‍ തീവെപ്പ് കേസിലെ പ്രതിയുടെ ദൃശ്യങ്ങളും വാര്‍ത്തയും പുറത്തുവിട്ടതിനു മാതൃഭൂമി ന്യൂസ് സംഘത്തിനെതിരെ കേസ്.
ആര് വാര്‍ത്തയും ചിത്രവും പുറത്തുവിട്ടു എന്നതല്ല. അതിനേക്കാള്‍ സങ്കീര്‍ണ്ണവും ഗുരുതരവുമായ വിഷയങ്ങള്‍ ഈ കേസില്‍ അടങ്ങിയിട്ടുണ്ട്.
ഏലത്തൂര്‍ ട്രെയിന്‍ തീവെപ്പ് നാടിനെ നടുക്കിയ സംഭവമാണ്. ആ കേസിലെ പ്രതി എന്ന് സംശയിക്കുന്നയാളെ ഏപ്രില്‍ അഞ്ചിന് മഹാരാഷ്ട്രയിലെ രത്‌നഗിരി പോലീസ് സ്റ്റേഷനില്‍ നിന്നും നിയമാനുസരണം കസ്റ്റഡിയിലെടുത്തു. ഔദ്യോഗിക ഡ്യൂട്ടിയുടെ ഭാഗമായി രത്‌നഗിരിയില്‍ നിന്നും കോഴിക്കോട്ടേക്ക് അയാളെ കൊണ്ടുവരുമ്പോള്‍ ഭട്കലിനും ഉഡുപ്പിക്കുമിടയില്‍ തടഞ്ഞു ചിത്രം എടുക്കാന്‍ ശ്രമിക്കുന്നു. കേസിലെ തെളിവ് നശിപ്പിക്കും വിധവും കസ്റ്റഡിയിലുള്ള ആളുടെയും പോലീസുദ്യോഗസ്ഥരുടെയും ജീവന് പോലും അപകടകരമാം വിധവും ‘വാര്‍ത്താ സംഘം’ പെരുമാറി എന്നതാണ് കേസ്. പോലീസുദ്യോഗസ്ഥരുടെ നിര്‍ദ്ദേശം അവഗണിച്ച് പോലീസ് സംഘത്തിന്റെയും പ്രതിയുടെയും ഫോട്ടോ എടുത്തു. പിന്‍വാങ്ങിപ്പോകാന്‍ ശ്രമിച്ച പോലീസ് സംഘത്തെ ഒരു ബുള്ളറ്റിലും ഇന്നോവ കാറിലുമായി പിന്‍തുടര്‍ന്നു- ഇതാണ് എഫ് ഐ ആര്‍. പ്രതിയുടെ ചിത്രം പ്രചരിപ്പിക്കുന്നത് കേസിന്റെ നടത്തിപ്പിനെ ബാധിക്കും. യാത്രയ്ക്കിടയില്‍ പിന്തുടരലുണ്ടായാല്‍ അപകടം സംഭവിക്കുകയോ യാത്രാ വിവരം ചോര്‍ന്ന് അപായപ്പെടുത്തലുണ്ടാവുകയോ ചെയ്യാം.
ഇത്തരമൊരവസ്ഥയില്‍ മാധ്യമ സ്വാതന്ത്ര്യത്തിനെതിരായ കടന്നു കയറ്റമല്ല, കേസന്വേഷണം അട്ടിമറിക്കപ്പെടാതിരിക്കാനുള്ള നിയമപരമായ ജാഗ്രതയാണ് പോലീസില്‍ നിന്നുണ്ടായത്.

3 ലഹരിവിരുദ്ധ റിപ്പോര്‍ട്ടില്‍ പൊതുവിദ്യാഭ്യാസമേഖലയെ അപകീര്‍ത്തിപ്പെടുത്തുന്ന ഉള്ളടക്കമുണ്ടെന്ന പി.വി.അന്‍വര്‍ എംഎല്‍എയുടെ പരാതിയില്‍ ഏഷ്യാനെറ്റ് ന്യൂസ് സംഘത്തിനെതിരെ കേസ്. പോക്‌സോ വകുപ്പും ചുമത്തി.
കേസുണ്ട്. പോക്‌സോ കുറ്റവും ഉണ്ട്. നാര്‍ക്കോട്ടിക് ഈസ് എ ഡേര്‍ട്ടി ബിസിനസ് എന്ന പേരില്‍ വെരി വെരി ഡേര്‍ട്ടിയായ വാര്‍ത്താ നിര്‍മ്മാണം നടത്തിയതിന്. പോക്‌സോ നിയമ പ്രകാരം ശിക്ഷാര്‍ഹമായ കുറ്റകൃത്യം നടന്ന വിവരം സ്‌കൂള്‍ യൂണിഫോമിട്ട കുട്ടി പറഞ്ഞു. അത് സംപ്രേഷണം ചെയ്തിട്ടും കുറ്റകൃത്യത്തെ കുറിച്ച് അധികാരികളെ അറിയിച്ചില്ല എന്നത് ഒരു കുറ്റമാണെന്ന് തിരിച്ചറിയാനുള്ള സാമാന്യ ബുദ്ധി ഇല്ലാത്തവരാണോ നേരോടെ നിര്‍ഭയം നിരന്തരം നമ്മുടെ മുന്നില്‍ വന്നു നില്‍ക്കുന്ന ചേച്ചിമാരും ചേട്ടന്മാരും? (ഒരു കുട്ടിയെ വേഷം കെട്ടിച്ചു കൊണ്ടിരുത്തി അഭിനയിപ്പിച്ചു എന്നത് മറുവശം.)
ഇതില്‍ പരാതി ലഭിച്ചാല്‍, മാധ്യമ സ്വാതന്ത്ര്യമല്ലേ, നമ്മുടെ സ്വന്തം സുഹൃത്തുക്കളല്ലേ, പോക്‌സോ വകുപ്പുകള്‍ മാറിനില്‍ക്കട്ടെ എന്ന് പറയണമോ പോലീസ്? വേഷം കെട്ടിക്കല്‍ മഹത്വപ്പെട്ട കൃത്യവും അതിനെതിരെ കേസെടുക്കല്‍ അധമപ്രവൃത്തിയുമാകുന്ന യുക്തി കവര്‍‌സ്റ്റോറിയില്‍ ചെലവായേക്കും.
4 , ഇ.പി.ജയരാജന്റെ ബന്ധുനിയമന കേസ് റിപ്പോര്‍ട്ട് ചെയ്യാന്‍ കോടതിവളപ്പിലെത്തിയ വനിതാ മാധ്യമപ്രവര്‍ത്തര്‍ക്കെതിരെ അഭിഭാഷകരുടെ പരാതിയില്‍ കേസ്. മാധ്യമപ്രവര്‍ത്തകരെ അസഭ്യം പറഞ്ഞ് സംഘടിതമായി ഗേറ്റിനു പുറത്താക്കിയശേഷം അവരുടെ പരാതിക്കു ബദലായി അഭിഭാഷകര്‍ നല്‍കിയ പരാതിയിലായിരുന്നു കേസ്. ഒന്നല്ല, രണ്ടു കേസുണ്ട്. ഒന്ന് മാധ്യമ പ്രവര്‍ത്തക അഭിഭാഷകര്‍ക്കെതിരെ നല്‍കിയ പരാതിയില്‍.രണ്ട് അഭിഭാഷകര്‍ മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരെ നല്‍കിയ പരാതിയില്‍. അഭിഭാഷകര്‍ക്കെതിരെയുള്ള കേസില്‍ പരാതിക്കാരി അജിത സി.പി, ചീഫ് ബ്രോഡ് കാസ്റ്റിംഗ് ജേര്‍ണലിസ്റ്റ്, ഏഷ്യാനെറ്റ് ന്യൂസ്. പ്രതികള്‍: ആനയറ ഷാജി, രതിന്‍ ആറാട്ടുകുഴി, അരുണ്‍ പി നായര്‍.
എഫ്.ഐ.ആര്‍: മാധ്യമ പ്രവര്‍ത്തകയായ ആവലാതിക്കാരി കോടതി നടപടികള്‍ റിപ്പോര്‍ട്ട് ചെയ്തതിലുള്ള വിരോധം നിമിത്തം പ്രതികള്‍ ചേര്‍ന്ന് അസഭ്യം വിളിച്ച് ഭീഷണിപ്പെടുത്തി എന്നും മറ്റും.

മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരെയുള്ള കേസ്- പരാതിക്കാരന്‍: ആനയറ ഷാജി
പ്രതികള്‍: പ്രഭാത് നായര്‍, രാമകൃഷ്ണന്‍, അജിത സി.പി. ,. ജസ്റ്റിന തോമസ്
എഫ്.ഐ.ആര്‍. : മാധ്യമ പ്രവര്‍ത്തകരും വക്കീലന്മാരും ആയുള്ള വിരോധത്തില്‍ അഡ്വക്കേറ്റായ ആവലാതിക്കാരനെ വഞ്ചിയൂര്‍ ജെ.എഫ്.എം.സി. അഞ്ചാം കോടതിക്ക് സമീപം വച്ച് പ്രതികളെല്ലാരും ചേര്‍ന്ന് അസഭ്യം വിളിക്കുകയും ഭീഷണിപ്പെടുത്തുകയും ദേഹോപദ്രവമേല് പിക്കുകയും ചെയ്തു എന്ന് രണ്ടു കേസും ക്രൈംബ്രാഞ്ച് അന്വേഷിച്ചു 2020 ല്‍ തന്നെ കുറ്റപത്രം സമര്‍പ്പിച്ചതാണ്. മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരെ അഭിഭാഷകരും അഭിഭാഷകര്‍ക്കെതിരെ തിരിച്ചും പരാതി കിട്ടിയാല്‍ ഒന്നില്‍ കേസെടുക്കണം, മറ്റേത് വിട്ടുകളയണം എന്നത് എന്ത് ന്യായം? എന്ത് നീതി?

5 ചാനല്‍ ചര്‍ച്ചയ്ക്കിടെ തന്നെ മര്‍ദിക്കാന്‍ ആഹ്വാനം ചെയ്‌തെന്ന സിപിഎം നേതാവ് എളമരം കരീമിന്റെ പരാതിയില്‍ ഏഷ്യാനെറ്റ് ന്യൂസ് അസോഷ്യേറ്റ് എഡിറ്റര്‍ക്കെതിരെ കേസ്.
ന്യൂസ് അവര്‍ എന്ന തെറിവിളിപ്പരിപ്പാടിയില്‍ മുഴക്കിയ ഭീഷണിക്കെതിരെയാണ് കേസ്. തന്നെ ഭീഷണിപ്പെടുത്തിയതിലും കുടുംബത്തെ ഉള്‍പ്പെടെ മറ്റുള്ളവര്‍ ആക്രമിക്കണമെന്നുമുള്ള പ്രേരണ നല്‍കിയതിലും നിയമ നടപടികള്‍ സ്വീകരിക്കണം എന്നാവശ്യപ്പെട്ട് രാജ്യസഭ മെമ്പറും മുന്‍ മന്ത്രിയുമായ എളമരം കരീം സംസ്ഥാന പോലീസ് മേധാവിക്കു നല്‍കിയ പരാതിയിലാണ് കേസ്. (വിനു വി ജോണിന്റെ അന്നത്തെ ആക്രോശം അതേപടി പ്രസിദ്ധീകരിച്ചാല്‍ ഫേസ്ബുക്കിന്റെ കമ്യൂണിറ്റി മാനദണ്ഡങ്ങള്‍ക്ക് യോജിക്കില്ല എന്ന നോട്ടീസ് കിട്ടും, പോസ്റ്റ് ഹൈഡ് ചെയ്യപ്പെടും.)
അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിച്ചിട്ടുണ്ട്. വണ്ടി അടിച്ച് പൊട്ടിക്കണമായിരുന്നു. കുടുംബസമേതം ആണെങ്കില്‍ അവരെയൊക്കെ ഇറക്കി വിടണമായിരുന്നു. എളമരം കരീമിനെ മുഖത്തടിച്ച് മൂക്കില്‍ നിന്നും ചോര വരുത്തണമായിരുന്നു എന്നൊക്കെ വിളിച്ചു കൂവാനുള്ള ലൈസന്‍സിനെ മാധ്യമ സ്വാതന്ത്ര്യമെന്നും അതിനെതിരെ ലഭിച്ച പരാതിയിന്മേല്‍ കേസെടുക്കുന്നതിനെ മാധ്യമ സ്വാതന്ത്ര്യ ധ്വംസനമെന്നും വായിക്കാനുള്ള ഒരു നിഘണ്ടുവും നാട്ടില്‍ ഇറങ്ങിയിട്ടില്ല.
6 . മുല്ലപ്പള്ളി രാമചന്ദ്രന്‍ 2020ല്‍ നടത്തിയ പ്രസംഗം ചാനലില്‍ വായിച്ചതിന് ഏഷ്യാനെറ്റ് ന്യൂസിലെ വാര്‍ത്താ അവതാരകനെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചു.
ഇതാണ് ഏറ്റവും രസകരമായ ആരോപണം. തന്നെ അഭിസാരികയെന്നടക്കം പൊതു പ്രസംഗത്തില്‍ അവഹേളിച്ചതിനെതിരെ വനിത നല്‍കിയ പരാതിയില്‍ മുല്ലപ്പള്ളി രാമചന്ദ്രനെതിരെയാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. അന്വേഷണവുമായി ബന്ധപ്പെട്ട് ഏഷ്യാനെറ്റ് ന്യൂസിലെ അബ്ജോദ് വര്‍ഗ്ഗീസിന്റെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. മുല്ലപ്പള്ളിയുടെ പ്രസംഗം ചാനലില്‍ അതേപടി വായിച്ച ആള്‍ എന്ന നിലയില്‍ സാക്ഷിയായി മൊഴിയെടുപ്പ്.ചോദ്യം ചെയ്യലല്ല. ഏതു കേസിന്റെ ഭാഗമായും ഉണ്ടാകുന്ന നടപടിക്രമം. അതില്‍ സഹകരിക്കാന്‍ അഭ്യര്ഥിക്കുന്നതാണോ മാധ്യമ സ്വാതന്ത്ര്യ നിഷേധം? അതാണോ സര്‍ക്കാരിന്റെ പ്രതികാര നടപടി?
മനോരമ അവതരിപ്പിച്ച ആറുകേസുകളില്‍ ഒന്നിലും മാധ്യമങ്ങള്‍ക്കെതിരായ സര്‍ക്കാരിന്റെ കടന്നുകയറ്റം കാണാനാവുന്നില്ല.
മനോരമയും സുഹൃത്തുക്കളും സര്‍ക്കാരിനും അതിനെ നയിക്കുന്ന പ്രസ്ഥാനത്തിനും അതിന്റെ നേതാക്കള്‍ക്കുമെതിരെ നടത്തുന്ന നികൃഷ്ടമായ യുദ്ധം കാണുമ്പോള്‍ അവയ്ക്കെതിരെ ശക്തമായി നിലകൊള്ളണം എന്ന് ആര്‍ക്കും തോന്നിപ്പോകും എന്നത് വസ്തുത. ആ തോന്നലിനെ സാധൂകരിക്കുന്ന ഒന്നും ഉണ്ടായിട്ടില്ല എന്നത് അതിനേക്കാള്‍ വലിയ വസ്തുത.
അതുകൊണ്ട് മനോരമേ, ആ പരിപ്പ് ഇവിടെ വേവില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News