ബിജെപി നേതാക്കൾ കൂട്ടത്തോടെ അരമനകളിലേക്ക്, ക്രിസ്ത്യൻ പള്ളി സന്ദർശിക്കാനൊരുങ്ങി മോദിയും

ഈസ്റ്റർ ദിനത്തിൽ രാജ്യതലസ്ഥാനത്തെ ക്രൈസ്തവ ദേവാലയം സന്ദർശിക്കാനൊരുങ്ങി പ്രധാനമന്ത്രി നരേന്ദ്രമോദി. ദില്ലി സേക്രഡ് ഹാര്‍ട്ട് കത്തീഡ്രലിലാണ് പ്രധാനമന്ത്രി സന്ദർശനം നടത്തുക. പ്രധാനമന്ത്രിയായ ശേഷം ആദ്യമായാണ് നരേന്ദ്രമോദി ക്രിസ്ത്യൻ പള്ളി സന്ദർശിക്കുന്നത്. കേരളത്തിൽ നിന്നുള്ള ക്രിസ്ത്യൻ പുരോഹിതരും ചടങ്ങിൽ പങ്കെടുക്കും.

ഈസ്റ്റർ ദിനത്തിൽ വൈകീട്ട് അഞ്ച് മണിക്കാണ് പ്രധാനമന്ത്രിയുടെ സന്ദർശനം. ക്രിസ്ത്യൻ വിഭാഗത്തെ ബിജെപിയോട് അടുപ്പിക്കാനുള്ള നീക്കത്തിന്റെ ഭാഗമായാണ് പ്രധാനമന്ത്രിയുടെ സന്ദർശനം. അതേസമയം, ഈസ്റ്റർ ദിനത്തിൽ കേരളത്തിലെ ക്രൈസ്തവ ദേവാലയങ്ങളും സഭാ അധ്യക്ഷന്മാരെയും ബിജെപി നേതാക്കൾ സന്ദർശിച്ചു. തിരുവനന്തപുരത്ത് കേന്ദ്രമന്ത്രി വി മുരളീധരന്‍ ലത്തീന്‍ അതിരൂപത ആര്‍ച്ച് ബിഷപ്പ് ഡോ. തോമസ് ജെ നെറ്റോയെ സഭാ ആസ്ഥാനത്തെത്തി കണ്ടു. അര മണിക്കൂറോളം കൂടിക്കാഴ്ച നീണ്ടെങ്കിലും സൗഹൃദസന്ദര്‍ശനം എന്നത് മാത്രമായിരുന്നു കേന്ദ്രമന്ത്രിയുടെ പ്രതികരണം. കൂടിക്കാഴ്ചയ്ക്ക് തൊട്ടുപിന്നാലെ ബിജെപി ജില്ലാ അധ്യക്ഷന്റെ നേതൃത്വത്തില്‍ ഒരു സംഘം ബിജെപി പ്രവര്‍ത്തകര്‍ ക്രൈസ്തവരുടെ വീടുകളും സന്ദര്‍ശിച്ചു.

കണ്ണൂരില്‍ പി കെ കൃഷ്ണദാസിന്റെ നേതൃത്വത്തില്‍ ബിജെപി നേതാക്കള്‍ ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനിയുമായാണ് കൂടിക്കാഴ്ച നടത്തിയത്. ബി.ജെ.പിയെ അനുകൂലിച്ചുള്ള ബിഷപ്പിന്റെ പ്രസ്താവനയിലുള്ള പ്രതീക്ഷ പി.കെ കൃഷ്ണദാസ് പങ്കുവച്ചത് കൂടിക്കാഴ്ചയുടെ രാഷ്ട്രീയ മുഖം തുറന്നുകാട്ടി.

കാഞ്ഞിരപ്പള്ളി രൂപത അധ്യക്ഷന്‍ മാര്‍ ജോസ് പുളിക്കലിനെയും ബി.ജെ.പി നേതാക്കളുടെ സംഘം സന്ദര്‍ശിച്ചു. ദീര്‍ഘനേരം നേതാക്കളും ബിഷപ്പുമായി കൂടിക്കാഴ്ച്ച നീണ്ടു. ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ ക്രൈസ്തവ സമൂഹത്തെ ഒപ്പംനിർത്താനുള്ള ഒരു നീക്കം കൂടിയാണ് ബിജെപി ഈസ്റ്റര്‍ ദിനത്തില്‍ നടത്തുന്നത് എന്നതാണ് രാഷ്ട്രീയ വിലയിരുത്തല്‍ .

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News