‘ആനാല്‍ തൊഴിലാളി വര്‍ഗം’; വാക്കില്‍ സൂക്ഷ്മമായി പണിയെടുക്കുന്ന തൊഴിലാളിയാണ് എൻഎസ് മാധവനെന്ന് പിഎൻ ഗോപീകൃഷ്ണൻ

ns-madhavan-pn-gopikrishnan

എൻഎസ് മാധവന്‍ വാക്കില്‍ സൂക്ഷ്മമായി പണിയെടുക്കുന്ന തൊഴിലാളിയാണെന്നും അതിനാല്‍ ഖസാക്കിന്റെ ഇതിഹാസത്തിന് ശേഷം മലയാളികള്‍ കാണാപാഠം പഠിച്ച് പറയുന്ന ഗദ്യം മാധവന്റേതായി മാറിയെന്നും കവിയും എഴുത്തുകാരനുമായ പിഎൻ ഗോപീകൃഷ്ണൻ. ‘തലമുറകളുടെ മൂത്രം ഘനീഭവിച്ച …..’ , ‘ആനാല്‍ തൊഴിലാളി വര്‍ഗ്ഗം………’ എന്നൊക്കെ കാണാതെ പറയുന്ന മനുഷ്യരെ ധാരാളം ഞാന്‍ കണ്ടിട്ടുണ്ട്. സംസ്ഥാന സർക്കാരിൻ്റെ എഴുത്തച്ഛന്‍ പുരസ്‌കാരം എൻഎസ് മാധവന് ലഭിച്ച പശ്ചാത്തലത്തിലാണ് ഗോപീകൃഷ്ണൻ്റെ കുറിപ്പ്.

എന്തെങ്കിലും അവാര്‍ഡ് ലഭിച്ചു എന്ന് കേള്‍ക്കുമ്പോള്‍ മാത്രം അഭിനന്ദനം ഏറ്റുവാങ്ങേണ്ട ആള്‍ അല്ല എന്‍ എസ് മാധവന്‍.  ആനന്ദിനും സക്കറിയയ്ക്കും എന്‍ എസ് മാധവനുമൊക്കെ കൊടുക്കുമ്പോള്‍ അത് നൽകുന്നവരെയാണ് അഭിനന്ദിക്കേണ്ടത്. ആധുനികതയുടെ ആദ്യ തലമുറയ്ക്ക് ശേഷം മലയാള കഥയില്‍ കടന്നുവന്ന തലമുറയ്ക്ക് വലിയ സവിശേഷതയുണ്ട്. എന്‍എസ് മാധവനും മേതില്‍ രാധാകൃഷ്ണനും ടിആറും യുപി ജയരാജും ടിആറും സുമിത്രാ വര്‍മയും മറിയാമ്മയും വിക്ടര്‍ലീനസുമൊക്കെ അടങ്ങുന്ന ആ തലമുറ കഥ എന്ന മീഡിയത്തെ അതീവ ഗൗരവത്തോടെയാണ് പരിചരിച്ചത്. ഭാഷയും ദര്‍ശനവും ആഖ്യാനവും എല്ലാം പുതുക്കാനും ആധുനികവൽകരിക്കാനും അവര്‍ നടത്തിയ പരീക്ഷണങ്ങള്‍ പഠനാര്‍ഹമാണ്.

Read Also: അലീന എഴുതി, ജ്യുവൽ വരച്ചു; കൊച്ചു കൂട്ടുകാരുടെ പുസ്തകത്തിന്റെ ആദ്യ കോപ്പി ഏറ്റുവാങ്ങി മന്ത്രി വി ശിവൻകുട്ടി

യുവത്വത്തിന് മാത്രം സാധിച്ചെടുക്കാന്‍ കഴിയുന്ന ഒന്നായിരുന്നു ‘ചൂളൈ മേട്ടിലെ ശവങ്ങളി’ലെ കഥകള്‍. ശിശു പോലെ മാതൃഭൂമിയുടെ മത്സരത്തില്‍ സമ്മാനാര്‍ഹമായ കഥ നോക്കിയാല്‍ അത് മനസ്സിലാകും. ആധുനികതയ്ക്ക് എത്താന്‍ കഴിയുന്ന ഒരു ഉയരം അത് സൃഷ്ടിച്ചു. ഒരു റെഡിമെയ്ഡ് വായനക്കൂട്ടത്തെ ഒരുക്കി നിര്‍ത്തിയുള്ള എഴുത്തല്ലായിരുന്നു അത്.

പിന്നീട് മാധവന്‍ എഴുത്തു നിര്‍ത്തി. മിക്കവാറും ആ തലമുറയിലെ മേല്‍പ്പറഞ്ഞ കഥാകൃത്തുക്കള്‍ മൗനത്തിലേയ്ക്ക് മാറി നിന്നു. ആ മാറി നിൽപ്പില്‍ നൂറുകണക്കിന് കഥാകൃത്തുക്കള്‍ രംഗപ്രവേശം ചെയ്തു. ഇക്കാലത്ത് കവികളുടെ എണ്ണത്തെപ്പറ്റി പലരും പറയും പോലെ അക്കാലത്ത് കഥാകൃത്തുക്കളെപ്പറ്റി പറയുന്നത്, ഞാനെന്റെ കൗമാര- യൗവന കാലത്ത് കേട്ടിട്ടുണ്ട്. ആ കഥകളില്‍ പലതും ചവറുകള്‍ ആയിരുന്നു. കഥാകൃത്തുക്കളുടെ ഉച്ചത്തിലുള്ള ന്യായവാദത്തില്‍ മാത്രം നിലനിന്നവ. അതുകൊണ്ടുതന്നെ ആ തരംഗം പെട്ടെന്നവസാനിച്ചു. ആ തലമുറയിലെ കരുത്തുറ്റവര്‍ മാത്രമാണ് തുടര്‍ന്നത്.

Read Also: ‘ഡ്രാക്കുള’യ്ക്കും മുൻപേ എഴുതിയ പ്രേതകഥ; ബ്രാം സ്റ്റോക്കറുടെ ‘ഗിബ്ബെറ്റ് ഹിൽ’ 134 വർഷങ്ങൾക്കുശേഷം വീണ്ടും വായനക്കാരിലേക്ക്

അങ്ങനെയിരിക്കുമ്പോഴാണ് ഹിഗ്വിറ്റ വരുന്നത്. ഗീവര്‍ഗീസച്ചന്റെ തൊഴി, ചവറുകഥകളെ കൂടി മലയാള സാഹിത്യ രംഗത്തു നിന്നും പറപ്പിച്ചു കളഞ്ഞു എന്നതാണ് വസ്തുത. രണ്ടാം വരവില്‍ മാധവന്റെ ആധുനികതാ അബോധം പാരമ്പര്യത്തില്‍ നിന്നുള്ള വിച്ഛേദമോ വിമോചനമോ ആയിരുന്നില്ല. പാരമ്പര്യത്തിന്റെ പുനര്‍നിര്‍വചനമായിരുന്നു. മാധവന്റെ പ്രിയ സുഹൃത്തായിരുന്ന ഡോ. ടികെ രാമചന്ദ്രന്‍ നിരന്തരം ഉദ്ധരിച്ചിരുന്ന വാള്‍ട്ടര്‍ ബന്‍യാമിന്റെ വചനം ‘ആപല്‍ഘട്ടങ്ങളില്‍ മനസ്സിലൂടെ മിന്നി മായുന്ന ഓര്‍മ്മകളെ വാരിപ്പിടിക്കലാണ് ചരിത്രം’ എന്നത് മാധവനില്‍ സര്‍ഗാത്മക ആവിഷ്‌ക്കാരമായി.

വന്മരങ്ങള്‍ വീഴുമ്പോളില്‍ വിക്ടര്‍ ഹ്യൂഗോയുടെ/ നാലാപ്പാടന്റെ പാവങ്ങളും കാണിയില്‍ ചാരുലതയും കാര്‍മെനില്‍ കാര്‍മെനും കളിയച്ഛനും നിരവധി കഥകളില്‍ മഹാഭാരതവും പുനര്‍നിര്‍വചിക്കപ്പെട്ടു. യുവത്വത്തിന് മാത്രം ചെയ്യാന്‍ കഴിയുന്ന ആധുനികതയ്ക്ക് പക്വമായ തുടര്‍ച്ച മാധവന്‍ കണ്ടുപിടിച്ചു. നന്ദി, എന്‍ എസ് മാധവന്‍, എന്റെ ഭാഷയിലെ എഴുത്തിനെ ഗൗരവപ്പെടുത്തിയതിന്- പിഎൻ ഗോപീകൃഷ്ണൻ കുറിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News