‘പി.ജിയൊരു പുസ്‌തകം’; വിനോദ് വൈശാഖി എ‍ഴുതിയ കവിത

കവിത / വിനോദ് വൈശാഖി

പി.ജിയൊരു പുസ്തകം
എപ്പോ‍ഴും മൂളിപ്പറക്കുന്ന
ചുണ്ടുകൾ, ചെമ്പൂവുപോൽ മുഖം
ഭാഷയളന്നു തിളങ്ങുന്ന കണ്ണുകൾ

“കൈതമേൽ പച്ചയോ
കൈത മേൽപച്ചയോ ”
മിന്നലായെത്തിപ്പടരും
നിമിഷമേ..

എവിടെയാ കണ്ണട..!
മാർക്സിൽ,
അൽത്തൂസറിൽ
ഗ്രാംഷിയി, ലേതുചരാചര
കോടിയിലൂർജം വമിക്കും
പുൽവഴിത്താരയിൽ,
സ്ഫോടകവസ്തു
വുണ്ടെങ്കിലാ കണ്ണട
സൂചിയെറിഞ്ഞാദ്യ
ശബ്ദം മുഴക്കിടും,

ലെൻസ്പിടിച്ചുള്ളി-
രിപ്പൊന്നു കാണണം,
പുസ്തകം പൊട്ടിത്തെറിച്ച്
കയർത്തിടും,
എല്ലാം അരിച്ചുപെറുക്കിയീ
ഞങ്ങളെ
കഷ്ടപ്പെടുത്തും’പെരും
ജീവ വാഹിനി’.

ആ കൈക്കുള്ളിലെത്ര
സുരക്ഷിതമെൻ ഭാഷ,
മൺമറയാതെ നവോ-
ത്ഥാനനായകർ,
പൂന്താനവും സൈമണും
ശുഭാനന്ദനും
താളുകൾക്കുള്ളില-
വർണ്ണരാഷ്ട്രീയവും
മുണ്ടുമടക്കിയുടു-
ത്തൊരാവേഗമായ്
പുസ്തകമൊക്കത്തെടു
ത്തെഴുത്തച്ഛനായ്,
കയ്യേണിയേറി
ത്തിരയുന്നപുസ്തക
സാഗരംനീന്തിച്ചുവപ്പിച്ചജീവിതം

പി.ജിയൊരു ഭൂപടം
പാതിയടച്ചതോൾസഞ്ചി-
ക്കകത്തടിവയ്ക്കുന്നു
ഷേക്സ്പിയർ,
പാണൻ്റെ ദുഃഖം,
പെരുമ്പറ, പാട്ടുകൾ
അഗ്നിവിഴുങ്ങി
മരിച്ച മൺവീടുകൾ,
പേനകൊണ്ടാഞ്ഞു
കൊത്തുമ്പോൾ നിലവിളി,
മുറിവേറ്റു വീഴും മുസോളിനി,
ശ്വാസം പിടിച്ചു
കറങ്ങുന്നു ഭൂപടം.

പി.ജിയൊരു
പൂമരം,
ഇലകളിലാകെ
കനമുള്ള പച്ചകൾ,
ഏഴുനിറങ്ങളിലും
വീണലിഞ്ഞവൻ-
കാതൽ, മഴുവീണ-
ടരാത്ത തായ്ത്തടി,

മഴ നനഞ്ഞൊട്ടുമേ
മങ്ങാത്ത പുസ്തകം
ചിന്താലയത്തിൻ്റെ
യുത്തരം,
തെക്കും വടക്കും
കിഴക്കും പടിഞ്ഞാറു-
മെന്നുമുദിക്കുന്ന
വിജ്ഞാന സൂര്യത,
കൊടുങ്കാറ്റിലൊട്ടും
പിഴയ്ക്കാത്ത’കാലടി’!

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News