ഇഎംഎസ്സിന് ഹൃദയപൂര്‍വ്വം ‘അക്കിമണ്ണ’

ഇഎംഎസ്സിനെ അനുസ്മരിക്കുന്ന വിനോദ് വൈശാഖിയുടെ കവിത ശ്രദ്ധേയമാകുന്നു. ചരിത്രത്തിന്റെ ഓര്‍മ്മ ചിത്രങ്ങളില്‍ നിന്ന് ഇഎംഎസിനെ അടയാളപ്പെടുത്തുന്നതാണ് കവിത. കവിതയെക്കുറിച്ച് കവി വിനോദ് വൈശാഖി ഇങ്ങനെ കുറിച്ചു ‘ഇ.എം.എസ് മണ്ണന്‍ ബാധിച്ച് കോഴിക്കോട് സെന്‍ട്രല്‍ ജയിലില്‍ അഴികളില്‍ പിടിച്ച് നില്ക്കുമ്പോള്‍ സങ്കടത്തോടെ കാണാനെത്തിയ ഒളപ്പമണ്ണയും അക്കിത്തവും ‘സഖാവെ എന്താണ് ഞങ്ങള്‍ തരേണ്ടത് എന്ന് ചോദിച്ചു’. ഇഷ്ടമുള്ളത് തന്നോളൂ എന്ന് ഇഎംഎസ്. പറഞ്ഞു. രണ്ടുകവികളും ചേര്‍ന്നൊരു കവിതയെഴുതി സഖാവിന് നല്കി. കവിയുടെ പേര് ‘അക്കിമണ്ണ’ എന്നായിരുന്നു. ഒളപ്പമണ്ണയിലെ മണ്ണയും അക്കിത്തത്തിലെ അക്കിയും ചേര്‍ന്നൊരു കവിയുണ്ടായി. അക്കിമണ്ണ എന്ന കവിയുടെ പിറവിയെ കുറിച്ചും ഞാന്‍ അക്കിമണ്ണ എന്ന കവിതയെഴുതിയതിനെ കുറിച്ചും ഫോണിലൂടെ മഹാകവിയെ കേള്‍പ്പിച്ചു. നിഷ്‌കളങ്കമായ ആ ചിരി ഇപ്പോഴും മുഴങ്ങുന്നു.’

കവിത

അക്കിമണ്ണ
വിനോദ് വൈശാഖി

*
‘അക്കിത്തമല്ലേ; ഹലോ!
ഞാനൊരു തെക്കന്‍ കവി’
പേരു ചോദിച്ചൂ;എന്റെ
നാടിന്റെ സൗന്ദര്യവും,

‘കെട്ടുകല്യാണം’നിര്‍ത്താന്‍
ഗുരുവെത്തിയനാടാ-
ണൊന്നരപ്പൊക്കത്തിലേ-
ക്കുയര്‍ന്നെന്നഭിമാനം:

‘അക്കിമണ്ണയെന്നൊരു
കവിയെ കണ്ടിട്ടുണ്ടോ !’
‘കേട്ടിട്ടുണ്ടല്ലോ,
ഒറ്റക്കവിത രചിച്ചവന്‍’.

ഫോണിലൂടൊരു ചിരി
പൊന്നാനി കിലുങ്ങും പോല്‍
അക്കിമണ്ണയില്‍ ‘അക്കി’
നീന്തിയെന്‍കാതില്‍പൂത്തു

‘അക്കിമണ്ണ’യെമാഞ്ഞൊ-
രോര്‍മ്മയില്‍നിന്നുംതൂക്കി-
യുയര്‍ത്തിമഹാകവി
അക്കിത്തമാകാശത്തില്‍.

കോഴിക്കോടെത്തീവണ്ടി-
കേറുന്നു,സെന്‍ട്രല്‍ജയില്‍
തടവിലീ,യെമ്മെസ്സിന്‍
വാക്കുകള്‍കോര്‍ക്കാനായി.

അക്കിമണ്ണ*യില്‍’അക്കി’
അച്യുതന്‍ നമ്പൂതിരി
അക്കിമണ്ണയിന്‍’മണ്ണ’
ഒളപ്പമണ്ണക്കവി.

അക്കിമണ്ണകള്‍
കെട്ടിപ്പുണര്‍ന്നൂജയില്‍മുറ്റ-
ത്തീയെമ്മെസ് മണ്ണന്‍വിങ്ങി
പ്പിടഞ്ഞജയില്‍ക്കാലം.

അഴിയില്‍ പിടിച്ചാകെ
വിറയ്ക്കും സഖാവിന്റെ
കൈയിലേക്കവര്‍ നീട്ടി
‘അക്കിമണ്ണ’തന്‍ സൃഷ്ടി.

ഈയെമ്മസ് വായിച്ചതില്‍
സ്‌നേഹവും സൗന്ദര്യവും
കലയും കലാപവും
രാഷ്ട്രവും രാഷ്ട്രീയവും.

ഒളപ്പമണ്ണത്താളം
അഴകായിടയ്ക്കിടെ
പാദരക്ഷയെനോക്കി;
സൂക്ഷിച്ചു നടന്നോളൂ.

നിരത്തില്‍ കാകന്‍*കണ്ണു-
കൂര്‍പ്പിച്ച ,നോട്ടം കണ്ടാല്‍
കവിത തൊടുക്കേണം
ആ കുഞ്ഞും ജീവിക്കട്ടെ!

…………………………………….
*അക്കി – അക്കിത്തം
* മണ്ണ – ഒളപ്പമണ്ണ

* ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസം.
…………………………………………………….

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News