അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠ ചടങ്ങ് ചർച്ചയാകുന്ന സാഹചര്യത്തിൽ കവി പി എൻ ഗോപീകൃഷ്ണന്റെ സോഷ്യൽ മീഡിയ പോസ്റ്റ് ശ്രദ്ധനേടുന്നു. രാമനെ അയോദ്ധ്യയിൽ നിന്നും നാടുകടത്തിയത് ബാബറല്ല എന്ന തലക്കെട്ടോട് കൂടിയാണ് പി എൻ ഗോപീകൃഷ്ണൻ ഫേസ്ബുക്കിൽ പങ്കുവെച്ച പോസ്റ്റ് നിരവധിപേരാണ് ഷെയർ ചെയ്തിരിക്കുന്നത്.
രാമനെ തിരികെയെത്തിച്ചു എന്ന് അലറുന്ന ചങ്ങാതിമാരേ, അയോദ്ധ്യയിൽ നിന്നും രാമനെ തുരത്തിയത് ബാബറല്ല. സ്വന്തം അച്ഛനും പോറ്റമ്മയുമാണ്, സ്വന്തം വീട്ടിലെ ഉപജാപമാണ്. കൊട്ടാരത്തിൻ്റെ കുടിലതയാണ്അധികാരക്കൊതിയാണ് എന്നാണ് ഇദ്ദേഹത്തിന്റെ പോസ്റ്റിൽ കുറിച്ചിരിക്കുന്ന വരികൾ.
ALSO READ: 2022 ലെ കേരള ഫോക്‌ലോർ അക്കാദമി അവാർഡ് തോറ്റം പാട്ട് കലാകാരൻ എൻ ചെല്ലപ്പൻ നായർക്ക്
പി എൻ ഗോപീകൃഷ്ണന്റെ ഫേസ്ബുക് പോസ്റ്റ്
രാമനെ അയോദ്ധ്യയിൽ നിന്നും നാടുകടത്തിയത് ബാബറല്ല
…………………………………………………………………….. :……….
പി എൻ ഗോപീകൃഷ്ണൻ
രാമനെ അയോദ്ധ്യയിൽ നിന്നും
കാട്ടിലേയ്ക്ക്
നാടുകടത്തിയത്
നിങ്ങൾക്കറിയാം
ദശരഥനാണ്.
കൈകേയി പറഞ്ഞിട്ടാണ്.
പെറ്റമ്മയല്ലെങ്കിലും
കൈകേയി രാമൻ്റെയും ലക്ഷ്മണൻ്റേയും അമ്മയായിരുന്നു.
സീതയ്ക്ക് അമ്മായിഅമ്മയെപ്പോലായിരുന്നു.
രാമനെ
അയോദ്ധ്യയിൽ നിന്ന് നാടുകടത്തിയത്
നിങ്ങൾക്കറിയാം
ഉറ്റബന്ധുക്കളാണ്.
രാമനെ മാത്രമല്ല,
സീതയേയും ലക്ഷ്മണനേയും അവർ നാടുകടത്തി.
അക്കാലത്ത്
പോലീസ് സ്‌റ്റേഷനോ കോടതിയോ ഇല്ലായിരുന്നു.
കവികൾ ഉണ്ടായിരുന്നു.
അതിനാൽ
സംസ്കൃതത്തിൽ വാല്മീകിയും
തമിഴിൽ കമ്പനും
വംഗഭാഷയിൽ കൃത്തിവാസനും
ഹിന്ദിയിൽ തുളസീദാസും
ഉറക്കെ വിളിച്ചു പറഞ്ഞു.
” ആ നാടുകടത്തലിന് പിന്നിൽ
സ്വന്തം കുടുംബമാണ് “
തെക്കനേഷ്യയിലും
തെക്കുകിഴക്കനേഷ്യയിലും
ഭാഷകളായ ഭാഷകളിലൊക്കെ
കവികൾ
വിളിച്ചു പറഞ്ഞു.
“ആ ഇളംപ്രായക്കാരെ
കാട്ടിലെറിഞ്ഞത് നാട്ടുകാരല്ല ,വീട്ടുകാരാണ് “
സഹിക്കാനാകാതെ
മലയാളത്തിൽ എഴുത്തച്ഛൻ
‘ദുഷ്ടേ ,നിശാചരീ ,ദുർവൃത്ത മാനസേ ‘
എന്ന്
ഉറ്റവരെ ചീത്ത വിളിച്ചു.
“പ്രാണനോ പോയിതല്ലോ മമം ദൈവമേ’
എന്ന്
തടിച്ചു കൂടിയ ജനതയിലൂടെ കരഞ്ഞു.
തമസാനദിയിലെ ജലം മാത്രം കുടിച്ച്
കല്ലിലും വേരിലും തളർന്നു കിടക്കുന്ന
മൂന്നാത്മാക്കളെ പേർത്തും പേർത്തും കാണിച്ചു തന്നു.
അതിനാൽ
രാമനെ തിരികെയെത്തിച്ചു എന്ന് അലറുന്ന ചങ്ങാതിമാരേ,
അയോദ്ധ്യയിൽ നിന്നും രാമനെ തുരത്തിയത്
ബാബറല്ല.
സ്വന്തം അച്ഛനും
പോറ്റമ്മയുമാണ്.
സ്വന്തം വീട്ടിലെ
ഉപജാപമാണ്.
കൊട്ടാരത്തിൻ്റെ
കുടിലതയാണ്.
അധികാരക്കൊതിയാണ് .
സാക്ഷി പറയാൻ
കോടതിയിൽ നിൽക്കുന്നത്
വാത്മീകിയാണ്,
കമ്പനാണ്,
തുളസീദാസാണ്.
സാക്ഷാൽ തുഞ്ചത്ത്
രാമാനുജൻ എഴുത്തച്ഛനാണ്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here