ഇടുക്കി കല്ലാർ ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ മോഷണം നടത്തി മുങ്ങിയ പ്രതിയെ നെടുങ്കണ്ടം പൊലീസ് പിടികൂടി. ഏലപ്പാറ സ്വദേശി ബിനു ദേവരാജാണ് പിടിയിലായത്. പിടിയിലായ ബിനു 26 മോഷണക്കേസിലെ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു. തെളിവെടുപ്പിനെത്തിച്ച പ്രതി നാട്ടുകാരെ കണ്ടതോടെ നാടകീയ രംഗങ്ങൾ സൃഷ്ടിച്ചു.
കഴിഞ്ഞ 22ന് രാത്രിയിലാണ് കല്ലാർ ക്ഷേത്രത്തിന്റെ ശ്രീകോവിലും ഓഫീസിലെ അലമാരയും ഭണ്ഡാരവും കുത്തിത്തുറന്ന് പണവും സ്വർണവും അപഹരിച്ച് ബിനു കടന്നു കളഞ്ഞത്. പിടിക്കപ്പെടാതിരിക്കാൻ സിസിടിവിയുടെ ഹാർഡ് ഡിസ്കുകളും മോണിറ്ററും അഴിച്ചെടുത്ത് കല്ലാർപുഴയിൽ ഉപേക്ഷിക്കുകയും ചെയ്തു. ഇത് കണ്ടെത്തിയതോടെയാണ് പ്രതിയെ കുറിച്ചുള്ള വ്യക്തമായ തെളിവുകൾ പൊലീസിനെ ലഭിച്ചത്. 26 ഓളം മോഷണക്കേസിലെ പ്രതിയാണ് കള്ളൻ ബിനു എന്നറിയപ്പെടുന്ന ബിനു ദേവരാജനെന്ന് പൊലീസ് വ്യക്തമാക്കി. വണ്ടിപ്പെരിയാറിലൂടെ പോയ പ്രതിയെ തിരിച്ചറിഞ്ഞ നാട്ടുകാർ തടഞ്ഞു വെച്ച് പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു.
Also Read; പിഞ്ചുകുഞ്ഞിന് ശ്വാസതടസം; തൊണ്ടയില്‍ കുടുങ്ങി കൊമ്പന്‍ ചെല്ലി
കഴിഞ്ഞവർഷം ഇയാൾക്കെതിരെ കാപ്പ ചുമത്തിയിരുന്നു. 2019 ൽ കട്ടപ്പന നരിയമ്പാറ ദേവി ക്ഷേത്രത്തിലും ഇയാൾ മോഷണം നടത്തിയിട്ടുണ്ട്. പെരുവന്ദാനം പൊലീസ് സ്റ്റേഷനിലെ ഒരു മോഷണക്കേസ് ഇയാൾ നടത്തിയതായി പൊലീസിനോട് സമ്മതിക്കുകയും ചെയ്തു. അതേസമയം തെളിവെടുപ്പിന് എത്തിച്ചപ്പോൾ നാട്ടുകാർക്ക് മുൻപിൽ പ്രതി നാടകീയ രംഗങ്ങൾ സൃഷ്ടിച്ചു. തന്നെ പൊലീസ് കുടുക്കിയതാണെന്ന് ഉറക്കെ വിളിച്ചു പറഞ്ഞായിരുന്നു ബിനുവിന്റെ പ്രകടനം. എന്നാൽ സമാനമായ രീതിയിൽ നെടുങ്കണ്ടം കോമ്പയാർ സിയോൺ റിസോർട്ടിൽ നടത്തിയ മോഷണത്തിൽ ബിനുവിന് ബന്ധമുള്ളതായി കണ്ടെത്തുവാൻ കഴിഞ്ഞിട്ടില്ല എന്നും പൊലീസ് വ്യക്തമാക്കി.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here