വീട്ടമ്മയെ തട്ടിയിട്ടുകടന്നു, ശുഷ്‌കാന്തിയോടുള്ള പൊലീസ് അന്വേഷണത്തിൽ ബൈക്ക് ഓടിച്ച യുവാവ് പിടിയിൽ

വൺവേ തെറ്റിച്ചു ഓടിച്ചുവന്ന് വീട്ടമ്മയെ ഇടിച്ചിട്ട ശേഷം നിർത്താതെ കടന്നുപോയ ബൈക്ക് ഓടിച്ചയാളെ റാന്നി പൊലീസ് പിടികൂടി. പുനലൂർ മൂവാറ്റുപുഴ ദേശീയ പാതയിൽ ജനുവരി 31 രാവിലെ 7.58 ന് ഇട്ടിയപ്പാറയിലാണ് അപകടമുണ്ടായത്. വൺവേ നിയമങ്ങൾ പാലിക്കാതെ ഓടിച്ചുവന്ന കറുത്ത ഹീറോ ഹോണ്ട സ്‌പ്ലെണ്ടർ മോട്ടോർ സൈക്കിൾ, ഇട്ടിയപ്പാറ ചെറുവട്ടക്കാട്ട് ബേക്കറിക്ക് മുൻവശം റോഡ് മുറിച്ചു കടക്കാൻ ശ്രമിച്ച മറിയാമ്മ (57)യെയാണ് ഇടിച്ചുതെറിപ്പിച്ചത്. വലതുകാലിന്റെ അസ്ഥിക്ക് 5 പൊട്ടലുകളുണ്ടായ വീട്ടമ്മയെ ആശുപത്രിയിൽ എത്തിക്കാനോ, പൊലീസിൽ അറിയിക്കാനോ ശ്രമിക്കാതെ ബൈക്ക് ഓടിച്ചയാൾ രക്ഷപ്പെടുകയായിരുന്നു. തുടർന്ന്, മറിയാമ്മയുടെ മകന്റെ മൊഴിപ്രകാരം കേസ് രജിസ്റ്റർ ചെയ്ത റാന്നി എസ് ഐ ശ്രീജിത്ത്‌ ജനാർദ്ദനന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘത്തിന്റെ ഏറെ ശുഷ്‌കാന്തിയോടുകൂടിയ അന്വേഷണത്തിൽ പ്രതി കുടുങ്ങി. മലയാലപ്പുഴ ചീങ്കൽ തടം ചെറാടി ചെറാടി തെക്കേചരുവിൽ സി ആർ രാജന്റെ മകൻ രാഹുൽ സി ആർ (26) ആണ് ഇന്ന് അറസ്റ്റിലായത്.

ഒരിക്കലും പൊലീസ് തന്നെ കണ്ടുപിടിക്കില്ലെന്ന് വിശ്വസിച്ച്, പതിവുപോലെ ജോലിക്ക് പോയ യുവാവ് പിടിയിലായതിന് കാരണം , സി സി ടി വി ദൃശ്യങ്ങളും ഇരുചക്രവാഹന ഷോറൂമുകളും വർക്ക്ഷോപ്പുകളും കേന്ദ്രീകരിച്ചു രണ്ടുമാസത്തോളമായി റാന്നി എസ് ഐ യും സംഘവും നടത്തിയ ഊർജ്ജിതമായ അന്വേഷണമാണ്. ഇത്തരത്തിലുള്ള അപകടങ്ങളിൽ വേണ്ടിവന്നാൽ ഉറപ്പായും പ്രതിയെ കുടുക്കാനാവുമെന്ന വലിയ സന്ദേശം കൂടി നൽകുന്നുണ്ട് കേസിന്റെ അന്വേഷണം . ഇട്ടിയപ്പാറ, പെരുമ്പുഴ മേഖലകളിലെ അറുപതോളം സി സി ടി വി ദൃശ്യങ്ങൾ പരിശോധിച്ച അന്വേഷണസംഘം, മോട്ടോർ സൈക്കിൾ തിരിച്ചറിയാനായി നിരവധി വർക്ക്ഷോപ്പുകളും ഷോറൂമുകളും കയറിയിറങ്ങി.

മാടാത്തുംപടിയിലെ ഡെലിവറി സ്ഥാപനത്തിൽ ജോലിചെയ്യുന്ന രാഹുൽ, അപകടത്തിനു ശേഷം ഇരുചക്രവാഹനം ഒഴിവാക്കി ബസ്സിലായിരുന്നു ജോലിസ്ഥലത്തേക്കും തിരിച്ചുമുള്ള യാത്ര. കാൽ മൂന്ന് കഷ്ണമായി ഒടിഞ്ഞ് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ വീട്ടമ്മ ചികിത്സയിലായിരുന്നെന്നും, ഇപ്പോൾ നരകവേദന സഹിച്ച് വീട്ടിൽ കിടക്കയിലാണെന്നും പ്രതി അറിഞ്ഞിരുന്നു. അപകടമുണ്ടായ ഉടനെ സ്ഥലം വിട്ട ഇയാൾ ബൈക്ക് ഒരിടത്ത് ഒളിപ്പിച്ചശേഷം, വേറൊരു മോട്ടോർ സൈക്കിളിൽ കയറി ജോലിസ്ഥലത്തേക്ക് പോയതായും, വൈകിട്ട് തിരികെയെത്തി ബൈക്ക് മലയാലപ്പുഴയിലെ വീട്ടിൽ ഒളിപ്പിച്ചുവച്ചെന്നും പൊലീസിന്റെ ചോദ്യം ചെയ്യലിൽ സമ്മതിച്ചു. ബൈക്കിന്റെ ഹാൻഡിൽ മാറ്റിവയ്ക്കുകയും ചെയ്തു.

അപകടം സംബന്ധിച്ച സി സി ടി വി ദൃശ്യങ്ങളും വീഡിയോയും വിവിധ ഗ്രൂപ്പുകളിലും മറ്റും പ്രചരിപ്പിച്ച പൊലീസ്, ഒരാൾ നൽകിയ സൂചനയിലൂടെയാണ് പ്രതിയിലേക്ക് എത്തിയത്.  പ്രതിയെ കണ്ടെത്താനാവാതെ അന്വേഷണം നീണ്ടുപോകുമായിരുന്ന, അല്ലെങ്കിൽ അവസാനിക്കുമായിരുന്ന ഒരു വാഹനാപകട കേസിലാണ് രണ്ടുമാസത്തിനുള്ളിൽ, ശുഷ്‌കാന്തിയോടുള്ള റാന്നി പൊലീസിന്റെ അന്വേഷണം തുമ്പുണ്ടാക്കിയതും പ്രതി കുടുങ്ങിയതും. എസ് ഐ ശ്രീജിത്ത്‌ ജനാർദ്ദനനൊപ്പം സി പി ഓമാരായ സുമിൽ, ലിജു, ജോജി, ഷിന്റോ, ആൽവിൻ, ഉണ്ണികൃഷ്ണൻ എന്നിവരും അന്വേഷണത്തിൽ പങ്കെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News