‘ബ്ലാക്മാൻ’ ഭീതിപരത്തി മോഷണവും,കവർച്ചാശ്രമവും നടത്തി ഒരു പ്രദേശത്തെയാകെ ഭീതിയിലാഴ്ത്തിയ മോഷണ സംഘത്തെ പന്തളം പൊലീസ് സാഹസികമായി അറസ്റ്റ് ചെയ്തു. രണ്ടാഴ്ചയായി പന്തളത്തും പരിസരപ്രദേശങ്ങളിലും മോഷണവും മോഷണ ശ്രമങ്ങളുമായി വിലസിയ സംഘത്തിലെ മൂന്നു പേരെയാണ് പന്തളം പൊലീസ് ഇൻസ്പെക്ടർ ടി.ഡി. പ്രജീഷിൻ്റെ നേതൃത്വത്തിൽ ശ്രമകരമായ ദൗത്യത്തിലൂടെ കുടുക്കിയത്. പന്തളം കുരമ്പാല സൗത്ത് തെങ്ങും വിളയിൽ വീട്ടിൽ 21 കാരനായ അഭിജിത്ത് , സംഘാംഗങ്ങളായ പ്രായപൂർത്തിയാകാത്ത രണ്ട് കൗമാരക്കാർ എന്നിവരാണ് പൊലീസിൻ്റെ പിടിയിലായത്. ജില്ലാ പൊലീസ് മേധാവി വി.ജി. വിനോദ് കുമാറിൻ്റെ നിർദേശപ്രകാരം രൂപീകരിച്ച പ്രത്യേകസംഘം നടത്തിയ ഊർജ്ജിതമായ അന്വേഷണത്തെ തുടർന്നാണ് അറസ്റ്റ്.
എറണാകുളം, തൃപ്പൂണിത്തുറ, കോട്ടയം , മാവേലിക്കര,നൂറനാട് തുടങ്ങിയ സ്റ്റേഷനുകളിൽ ഇവർക്കെതിരെ വാഹനമോഷണം ഉൾപ്പെടെ നിരവധി മോഷണ കേസുകളും, കവർച്ചാശ്രമ കേസുകളുമുണ്ട്. അഭിജിത്തിൻ്റെ പേരിൽ പോക്സോ കേസും നിലവിലുണ്ട്. കേസിൽ പിടിയിലായ കൗമാരക്കാർ അടുത്തിടെ 6 മൊബൈൽഫോണും രണ്ട് സ്മാർട്ട് വാച്ചും മോഷ്ടിച്ചതടക്കം, എറണാകുളത്ത് നിന്നും വിലകൂടിയ പേർഷ്യൻ പൂച്ചകളെ മോഷ്ടിച്ച് കടത്തിയതിനും, ബൈക്ക് മോഷണത്തിനും ജുവനൈൽ ഹോമിൽ കഴിഞ്ഞിട്ടുണ്ട്. കൗമാരക്കാരാണ് മോഷ്ടിക്കുന്ന ബൈക്കുകളുടെ ഹാൻ്റിൽ ലോക്ക് ചവിട്ടിപ്പൊട്ടിച്ച ശേഷം വയർ കഷണമുപയോഗിച്ച് വണ്ടി സ്റ്റാർട്ട് ചെയ്യുന്നത്. മോഷ്ടിക്കുന്ന വാഹനത്തിൽ കറങ്ങി നടന്നാണ് സംഘം മോഷണം നടത്തുന്നത്.
എറണാകുളത്ത് ജോലി ചെയ്യുന്ന കണ്ണൂർ പാപ്പിനിശേരി സ്വദേശി രാഗേന്ദു നമ്പ്യാരുടെ ബജാജ് പൾസർ ബൈക്ക് നവംബർ മൂന്നിന് അർധരാത്രി തൃപ്പൂണിത്തുറയിൽ നിന്നും മോഷ്ടിച്ച് പന്തളത്തേക്ക് കടത്തുകയായിരുന്നു. ഇതിന് തൃപ്പൂണിത്തുറ പൊലീസ് സ്റ്റേഷനിൽ ഇവർക്കെതിരെ കേസെടുത്തിട്ടുണ്ട്. രാത്രി 12 മണിക്ക് ശേഷം പുറത്തിറങ്ങുന്ന സംഘം പുലരുവോളം വാഹനത്തിൽ കറങ്ങിനടന്ന് റബർഷീറ്റുകളും, മൊബൈൽ ഫോണുകളും, വിലപിടിപ്പുള്ള വസ്തുവകകളും ബൈക്കുകളും മറ്റും മോഷ്ടിക്കുകയാണ് രീതി. ഒരാഴ്ചക്കിടയിൽ പന്തളം പോലീസ് സ്റ്റേഷൻ പരിധിയിലെ നിരവധി വീടുകളിൽ ഇവർ മോഷണശ്രമം നടത്തി ജനങ്ങളിൽ ഭീതിസൃഷ്ടിച്ചിരുന്നു.
സംഘത്തിലെ അംഗങ്ങൾ അപകടകാരികൾ കൂടിയാണ്. എതിർക്കുന്നവരെ ഇവർ ആക്രമിക്കാറുണ്ട്. കഴിഞ്ഞ ഒരാഴ്ചയായി ‘ബ്ലാക്മാൻ’ ഭീതി ഉയർത്തി അഴിഞ്ഞാടുകയായിരുന്നു സംഘം. പ്രദേശവാസികൾ പരിഭ്രാന്തിയിലുമായിരുന്നു. ഇവരെ പിടികൂടാൻ ജില്ലാ പോലീസ് മേധാവി പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു. നിരവധി സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചും, സംശയിക്കുന്നവരുടെ വിവരങ്ങൾ ശേഖരിച്ച് ഡാറ്റ ബാങ്ക് ഉണ്ടാക്കി സംശയം തോന്നുന്നവരെ പ്രത്യേകം നിരീക്ഷിച്ചു വരികയും ചെയ്തു. അങ്ങനെയാണ് കുട്ടിക്കുറ്റവാളികളടക്കമുള്ള സംഘത്തിലേക്ക് പോലീസിൻ്റെ ശ്രദ്ധയെത്തുന്നത്. നൂറനാട് പൊലീസ് സ്റ്റേഷനതിർത്തിയിൽ നിന്നും ബൈക്ക് മോഷ്ടിച്ച് അതിൽ കറങ്ങുന്നതായി വിവരം ലഭിച്ചതിൻ്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണമാണ് സംഘത്തെ കുടുക്കിയത്.
കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here