തായ്ലൻഡിലെ റോഡരുകിൽ നടന്ന ഒരസാധാരണ മോഷണം പൊലീസ് കയ്യോടെ പൊക്കി. പ്രതിയെ തൂക്കിയെടുത്ത് അറസ്റ്റും ചെയ്തു. പക്ഷേ, പ്രതിയുടെ കാര്യത്തിൽ ചെറിയൊരു പ്രത്യേകതയുണ്ട്. പട്ടാപ്പകൽ നാട്ടുകാർ കാണെ മീൻ വണ്ടിയിൽ നിന്നും യാതൊരു കൂസലും കൂടാതെ മീൻ മോഷ്ടിച്ചെടുത്ത ആ കള്ളൻ മറ്റാരുമല്ല. സാക്ഷാൽ പൂച്ച സേർ ആയിരുന്നു പ്രതി.
തായ്ലൻഡിലാണ് അപൂർവമായ ഈ അറസ്റ്റ് നടന്നത്. റോഡരുകിൽ പാർക്ക് ചെയ്തിരുന്ന ബൈക്കിൽ നിന്നും പച്ചമീൻ കട്ടെടുത്ത പൂച്ചയെ ആണ് തായ്ലൻഡ് പൊലീസ് പിടികൂടിയത്.
ഒക്ടോബർ 14 ന് തായ്ലൻഡിലെ സ്ട്രീറ്റിൽ പാർക്കു ചെയ്ത ബൈക്കിൽ നിന്നുമാണ് പൂച്ച പച്ചമീൻ മോഷ്ടിച്ചത്. സംഭവത്തിൻ്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തു വന്നപ്പോഴാണ് മോഷണത്തിനു പിന്നിൽ പൂച്ചയാണെന്ന കാര്യം പൊലീസ് മനസ്സിലാക്കുന്നത്. തുടർന്ന് മീൻ മോഷ്ടാവിനെ പിടിക്കാൻ തായ്ലൻഡ് ലോക്കൽ പൊലീസ് തീരുമാനിച്ചു.
തുടർന്നാണ് പൂച്ചയെ പൊലീസ് പിടികൂടിയത്. സമർഥനായ മോഷ്ടാവിനെ കൈകളിൽ എടുത്തുവരുന്ന പൊലീസിൻ്റെ വീഡിയോ ഇതിനകം സമൂഹ മാധ്യമങ്ങളിൽ വൈറലാണ്.
തായ്ലൻഡ് ലോക്കൽ പൊലീസ് തന്നെ പോസ്റ്റ് ചെയ്ത വീഡിയോയ്ക്ക് താഴെ രസകരമായ ഒട്ടേറെ കമൻ്റുകളുമായാണ് ആളുകളെത്തിയിരിക്കുന്നത്. ‘തെറ്റ് ഇനി ആവർത്തിക്കരുത്, കള്ളൻ ക്യൂട്ടാണ്’ തുടങ്ങി അനേകം കമൻ്റുകളും ലൈക്കുകളും ഈ വ്യത്യസ്ത അറസ്റ്റ് വാരിക്കൂട്ടി.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here