ബംഗളൂരുവില്‍ നിന്ന് കേരളത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് ലഹരി കടത്തുന്ന സംഘത്തിലെ പ്രധാനിയായ കണ്ണൂര്‍ സ്വദേശിയെ വയനാട് ജില്ലാ ലഹരി വിരുദ്ധ സ്‌ക്വാഡും മീനങ്ങാടി പൊലീസും പിടികൂടി. കണ്ണൂര്‍, ആനയിടുക്ക്, ആമിനാസ് വീട്ടില്‍ വാവു എന്ന തബ്ഷീറി(28)നെയാണ് വെള്ളിയാഴ്ച കര്‍ണാടകയിലെ മാണ്ഡ്യയില്‍ വച്ച് മീനങ്ങാടി ഇന്‍സ്‌പെക്ടര്‍ എസ്.എച്ച്.ഒ പി.ജെ. കുര്യക്കോസിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പിടികൂടിയത്. 2023 ല്‍ മീനങ്ങാടി സ്‌റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസിന്റെ തുടരന്വേഷണത്തിലാണ് ലഹരികടത്തിലെ മുഖ്യകണ്ണി പൊലീസിന്റെ വലയിലാകുന്നത്.
2023 ഡിസംബറില്‍ 18.38 ഗ്രാം എം.ഡി.എം.എയുമായി മലപ്പുറം സ്വദേശിയായ യുവാവിനെയും, എം.ഡി.എം.എ വാങ്ങി നല്‍കിയയാളെയും മീനങ്ങാടി പൊലീസ് പിടികൂടിയിരുന്നു. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ മീനങ്ങാടി ടൗണില്‍ വച്ച് നടത്തിയ വാഹന പരിശോധനക്കിടെ മലപ്പുറം മഞ്ചേരി വിളക്ക് മഠത്തില്‍ വി.എം സുഹൈല്‍(34)നെയും, തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ സുഹൈലിന് എം.ഡി.എം.എ കൈമാറിയ മേപ്പാടി നെടുമ്പാല നത്തംകുനി സ്വദേശിയായ ചുണ്ടേല്‍തൊടിവീട്ടില്‍ അമലി(23)നെയുമാണ് പിടികൂടിയത്. ഇവരെ ബംഗളൂവൂവില്‍ എത്തിച്ച് തെളിവെടുപ്പ് നടത്തിയതിനെ തുടര്‍ന്ന് ഇവര്‍ക്ക് എം.ഡി.എം.എ നല്‍കിയ കോഴിക്കോട്, ചേളന്നൂര്‍, അംബികാസദനം വീട്ടില്‍ അശ്വിനെയും പൊലീസ് പിടികൂടി.
Also Read: തെരഞ്ഞെടുപ്പ് ചൂടിൽ സ്ഥാനാർത്ഥികൾ; മധ്യകേരളത്തിൽ പ്രചാരണം കൊഴുക്കുന്നു
ഇയാളെ ചോദ്യം ചെയ്തതില്‍ നി്ന്നാണ് അശ്വിന് എം.ഡി.എം.എ നല്‍കിയ തബ്ഷീറിനെ കുറിച്ചറിയുന്നതും, കേരളത്തിലേക്ക് ലഹരി എത്തിക്കുന്നതില്‍ തബ്ഷീറിനുള്ള പങ്ക് വ്യക്തമാകുന്നതും. തുടര്‍ന്ന്, മാസങ്ങളെടുത്ത് സൈബര്‍സെല്ലിന്റെ സഹായത്തോടെ ഇയാളുടെ നീക്കങ്ങള്‍ നിരീക്ഷിച്ചു നടത്തിയ പൊലീസിന്റെ ഓപ്പറേഷനിലാണ് ഇയാള്‍ വലയിലാകുന്നത്. തബ്ഷീറിന് കര്‍ണാടകയിലും കേരളത്തിലും നിരവധി ലഹരി കേസുകളുണ്ട്. ബംഗളുരുവിൽ മയക്കുമരുന്ന് കേസില്‍ ജയിലില്‍ കിടന്നയാളുമാണ്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here