‘മാർകോ’ സിനിമയുടെ വ്യാജ പതിപ്പ് സാമൂഹ്യ മാധ്യമത്തിൽ പ്രചരിപ്പിച്ച സംഭവത്തിൽ കേസെടുത്ത് കൊച്ചി സൈബർ പോലീസ്. സിനിമയുടെ നിർമ്മാതാവ് മുഹമ്മദ് ഷെരീഫ് നൽകിയ പരാതിയിലാണ് കേസെടുത്തത്. ടെലഗ്രാം ഗ്രൂപ്പ് വഴി സിനിമയുടെ വ്യാജ പതിപ്പ് വ്യാപകമായി പ്രചരിപ്പിച്ചുവെന്നും ഇത് നിർമ്മാതാക്കൾക്ക് സാമ്പത്തിക നഷ്ടം വരുത്തിയെന്നുമായിരുന്നു പരാതി. നേരത്തെ എആർഎം സിനിമയുടെ വ്യാജപതിപ്പ് പ്രചരിപ്പിച്ച സംഭവത്തിൽ മൂന്ന് പേരെ കൊച്ചി സൈബർ പോലീസ് പിടികൂടിയിരുന്നു.
ഡിസംബർ 20 നാണ് ഹനീഫ് അദേനിയുടെ സംവിധാനത്തിൽ ഉണ്ണി മുകുന്ദൻ നായകനായ ചിത്രം തിയറ്ററുകളിലെത്തിയത്. ട്രാക്കിങ് റിപ്പോർട്ടുകൾ പ്രകാരം മാർക്കോയുടെ പ്രീ സെയിൽസ് കളക്ഷൻ ഒരു കോടിയ്ക്ക് മേൽ വന്നിരുന്നു. ഇതോടെ ഉണ്ണി മുകുന്ദന്റെ കരിയറിലെ ഏറ്റവും വലിയ ആദ്യ ദിന കളക്ഷൻ നേടുന്ന ചിത്രമായി ‘മാർക്കോ’ മാറി.
‘മലയാളത്തിന്റെ മോസ്റ്റ് വയലന്റ് ഫിലിം’ എന്ന ലേബലിലെത്തിയ ചിത്രം ഇന്ത്യയിലെ തന്നെ ഏറ്റവും വയലൻസ് നിറഞ്ഞ ചിത്രമെന്ന പ്രതികരണമാണ് നേടിയത്. ഇതോടെ തിയറ്ററിലേക്ക് ആയിരങ്ങളാണ് സിനിമ കാണാൻ ഒഴുകിയെത്തിയത്. ബോക്സോഫീസിൽ കുതിപ്പു തുടരവെയാണ് വ്യാജ പതിപ്പ് ഇറങ്ങിയത്.
ഈ ചിത്രത്തിന്റെ ആക്ഷൻ കോറിയോഗ്രഫി ചെയ്തിരിക്കുന്നത് പ്രമുഖ ആക്ഷൻ ഡയറക്ടർ കലൈ കിംഗ്സണാണ്. 100 ദിവസം നീണ്ടുനിന്ന ചിത്രീകരണത്തിൽ 60 ദിവസവും ആക്ഷൻ രംഗങ്ങളായിരുന്നു എന്നാണ് റിപ്പോർട്ട്. ഉണ്ണി മുകുന്ദന്റെ കരിയറിൽ ഏറ്റവും മുതൽ മുടക്കുള്ള സിനിമയാണ് ‘മാർക്കോ’.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here