പത്തനംതിട്ട: വിദ്യാര്‍ഥികളെ കയറ്റാതെ പോയ സ്വകാര്യ ബസ് ജീവനക്കാരെക്കൊണ്ട് പൊലീസ് ഇമ്പോസിഷൻ എഴുതിപ്പിച്ചു. പത്തനംതിട്ടയിലെ അടൂരിലാണ് സംഭവം. വിദ്യാര്‍ഥികളെ ബസില്‍ കയറ്റാത്തതിനാണ് ജീവനക്കാരെക്കൊണ്ട് അടൂർ പൊലീസ് നൂറുതവണ ഇംപോസിഷന്‍ എഴുതിച്ചത്. ‘കുട്ടികളെ ബസില്‍ കയറ്റാതിരിക്കുകയോ, മനഃപൂര്‍വമായി ഇറക്കിവിടുകയോ, അപമര്യാദയായി പെരുമാറുകയോ ചെയ്യില്ല,’ എന്നാണ് ബസ് ജീവനക്കാരെക്കൊണ്ട് പൊലീസ് എഴുതിച്ചത്.
പത്തനംതിട്ടയിൽനിന്ന് ചവറയിലേക്ക് സര്‍വീസ് നടത്തുന്ന ‘യൂണിയന്‍’ എന്ന സ്വകാര്യബസിലെ ജീവനക്കാർക്കാണ് പൊലീസ് ഇമ്പോസിഷൻ നൽകിയത്. ബസ് ജീവനക്കാർ രണ്ടു മണിക്കൂര്‍ കൊണ്ടാണ് ഇമ്പോസിഷൻ എഴുതി പൂര്‍ത്തിയാക്കിയത്. ഇനി ഇത്തരത്തില്‍ ആവര്‍ത്തിച്ചാല്‍ ലൈസന്‍സ് റദ്ദാക്കുന്നതുള്‍പ്പടെയുള്ള നടപടികള്‍ സ്വീകരിക്കുമെന്ന താക്കീതും നല്‍കിയാണ് ട്രാഫിക് എസ് ഐ ജി സുരേ ഷ് കുമാര്‍ ബസ് ജീവനക്കാരെ വിട്ടയച്ചത്.
കഴിഞ്ഞ ദിവസം അടൂര്‍ പാര്‍ഥസാരഥി ജങ്ഷനില്‍വെച്ചാണ് വിദ്യാർഥികളെ കയറ്റാതെ യൂണിയൻ ബസ് പോയത്. ബസില്‍കയറാനെത്തിയ പെണ്‍കുട്ടികള്‍ ഉള്‍പ്പെടെയുള്ള വിദ്യാര്‍ഥികളോട് മുന്നിൽ കിടക്കുന്ന ബസിൽ കയറിയാൽ മതിയെന്നാണ് ജീവനക്കാര്‍ പറഞ്ഞത്. എന്നാൽ ഇതേ ബസിൽ വിദ്യാർഥികൾ കയറാൻ ശ്രമിച്ചത് വാക്കുതർക്കത്തിന് ഇടയാക്കിയിരുന്നു. ഈ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. ഇത് ശ്രദ്ധയിൽപ്പെട്ടതോടെയാണ് ട്രാഫിക് പൊലീസ് ബസ് ജീവനക്കാരെ വിളിച്ചുവരുത്തി ഇമ്പോസിഷൻ ഉൾപ്പടെയുള്ള നടപടികൾ സ്വീകരിച്ചത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here