കോഴിക്കോട്ടെ വ്യാപാരിയുടെ കൊലപാതകം; മൃതദേഹം കാറില്‍ കയറ്റുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്

മലപ്പുറം തിരൂര്‍ സ്വദേശിയായ വ്യാപാരിയുടെ കൊലപാതകത്തില്‍ നിര്‍ണായകമായ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്. പ്രതികള്‍ വ്യാപാരിയുടെ ശരീരഭാഗങ്ങള്‍ അടങ്ങിയ ട്രോളി ബാഗുകള്‍ കാറില്‍ കയറ്റുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. ഒരു സ്ത്രീയേയും പുരുഷനേയും വീഡിയോയില്‍ കാണാം. ആദ്യം പുരുഷന്‍ ട്രോളി ബാഗ് കാറില്‍ കയറ്റുന്നതുകാണാം. ഇതിന് ശേഷം ഒരു സ്ത്രീ വന്ന് കാറിന്റെ ഡിക്കി തുറന്നു കൊടുക്കുന്നതും പിന്നാലെ രണ്ടാമത്തെ ട്രോളി ബാഗ് കയറ്റുന്നതുമാണ് ദൃശ്യങ്ങളിലുണ്ട്.

ഇന്നലെ രാത്രി പതിനൊന്ന് മണിയോടെയാണ് അട്ടപ്പാടിയിലെ കൊക്കയില്‍ നിന്ന് ട്രോളി ബാഗ് കണ്ടെത്തിയത്. സാക്ഷിമൊഴികളുടെ അടിസ്ഥാനത്തില്‍ പൊലീസ് ഇവിടെയെത്തുകയും ട്രോളി ബാഗുകള്‍ കണ്ടെത്തുകയുമായിരുന്നു. ഒരു ബാഗില്‍ അരയ്ക്കു മുകളിലോട്ടുള്ള ഭാഗവും മറ്റേ ബാഗില്‍ അരയ്ക്ക് കീഴ്‌പോട്ടുള്ള ഭാഗവുമാണ് കണ്ടെത്തിയത്. 18നും 19നും ഇടയ്ക്കാണ് കൊലപാതകം നടന്നതെന്നാണ് വിവരം. മൃതദേഹത്തിന് ഒരാഴ്ചയോളം പഴക്കമുണ്ട്. മൃതദേഹം ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി.

കോഴിക്കോട് ഒളവണ്ണയില്‍ ഹോട്ടല്‍ നടത്തുന്ന തിരൂര്‍ ഏഴൂര്‍ മേച്ചേരി സിദ്ദീഖ് (58) ആണു കൊല്ലപ്പെട്ടത്. പ്രതിയെന്ന് സംശയിക്കുന്ന ആഷിക്കിനെ സംഭവ സ്ഥലത്ത് എത്തിച്ചു. സംഭവവുമായി ബന്ധപ്പെട്ട് ചെന്നൈയില്‍ നിന്ന് പൊലീസ് കസ്റ്റഡിയിലെടുത്ത സിദ്ദീഖിന്റെ ഹോട്ടല്‍ ജീവനക്കാരനായ ഷിബിലി, ഒപ്പം പിടിയിലായ ഫര്‍ഹാന എന്നിവരെ ചെന്നൈയില്‍ നിന്ന് ട്രെയിന്‍ മാര്‍ഗം തിരൂര്‍ എത്തിക്കുമെന്നും പൊലീസ് അറിയിച്ചു. ഇവരെ ചോദ്യം ചെയ്‌തെങ്കില്‍ മാത്രമേ കൊലപാതക കാരണം വ്യക്തമാകുകയുള്ളൂവെന്നും പൊലീസ് വ്യക്തമാക്കി.

മൃതദേഹം കഷ്ണങ്ങളാക്കി മുറിച്ച് ട്രോളി ബാഗില്‍ ഉപേക്ഷിച്ചതിനെക്കുറിച്ച് ആഷിക്കിനാണ് അറിവുള്ളതെന്നാണ് പ്രാഥമിക വിവരം. പെട്ടികള്‍ ഇവിടെ ഉപേക്ഷിക്കുമ്പോള്‍ കാറില്‍ ആഷിക്കുമുണ്ടായിരുന്നെന്നാണ് കരുതുന്നത്. കൂടുതല്‍ പേര്‍ക്ക് കുറ്റകൃത്യത്തില്‍ പങ്കുണ്ടോയെന്ന് അന്വേഷിച്ചു വരികയാണ്. സിദ്ദിഖിന്റെ മരണവുമായി ബന്ധപ്പെട്ട് ഹണിട്രാപ്പുമായി ബന്ധപ്പെട്ട സംശയങ്ങളും ഉയരുന്നുണ്ട്. ഇതും അന്വേഷണ പരിധിയിലുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News