പാക്കിസ്ഥാന്‍ പൊലീസ് തന്റെ വസതി വളഞ്ഞതായി ഇമ്രാന്‍ ഖാന്‍

വീണ്ടുമൊരു അറസ്റ്റിനായി പാക്കിസ്ഥാന്‍ പൊലീസ് തന്റെ വസതി വളഞ്ഞതായി ഇമ്രാന്‍ ഖാന്‍. അറസ്റ്റിന് മുമ്പുള്ള തന്റെ അവസാന ട്വീറ്റ് ആയിരിക്കുമെന്നും ഇമ്രാന്റെ പ്രതികരണം. അതേസമയം ഇമ്രാന്റെ ലാഹോറിലെ വസതിക്ക് മുന്നില്‍ അണിനിരക്കാന്‍ പ്രവര്‍ത്തകരോട് ആഹ്വാനം ചെയ്തിരിക്കുകയാണ് പിടിഐ.

പാക്കിസ്ഥാനില്‍ ഭരണകൂടത്തിനെതിരായ ജനകീയ പ്രതിഷേധ ശബ്ദം തെരുവില്‍ അണിനിരത്തുന്ന ഇമ്രാന്‍ ഖാനെതിരെ കടുത്ത നടപടികള്‍ തുടരുകയാണ് ഷഹബാസ് ഷെരീഫ് സര്‍ക്കാര്‍. കഴിഞ്ഞ മെയ് 9ന് ഇസ്ലാമാബാദ് ഹൈക്കോടതി സമുച്ചയത്തിനകത്ത് കയറി ഇമ്രാനെ അറസ്റ്റ് ചെയ്ത ഭരണകൂട സംവിധാനം ഇത്തവണ ലാഹോറില്‍ ഇമ്രാന്റെ വസതിക്കുള്ളില്‍ കയറി അറസ്റ്റ് ചെയ്യാനാണ് ശ്രമിക്കുന്നത് എന്നാണ് സൂചന. കഴിഞ്ഞദിവസം രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കവേ തന്റെ വീടിനു ചുറ്റും വളഞ്ഞിട്ടുള്ള പൊലീസ് സേനയുടെ ദൃശ്യങ്ങളും ഇമ്രാന്‍ ട്വിറ്ററില്‍ പങ്കുവെച്ചിരുന്നു. അറസ്റ്റിനു മുമ്പുള്ള അവസാനത്തെ ട്വീറ്റായിരിക്കും ഇതെന്നും ഇമ്രാന്‍ വ്യക്തമാക്കിയിരുന്നു.

മെയ് 9ന് നടന്ന നാടകീയ അറസ്റ്റ് സുപ്രീംകോടതി ഇടപെട്ടാണ് റദ്ദ് ചെയ്തത്. അല്‍ ഖാദിര്‍ അഴിമതി കേസില്‍ ഹൈക്കോടതിയില്‍ നിന്ന് രണ്ടാഴ്ച ജാമ്യവും ലഭിച്ചിരുന്നു. മെയ് 9 ലെ സംഘര്‍ഷങ്ങളുമായി ബന്ധപ്പെട്ട കേസുകളില്‍ മെയ് 17 വരെ ഇമ്രാനെ അറസ്റ്റ് ചെയ്യരുതെന്നും കോടതി ഉത്തരവിട്ടിരുന്നു. അതുകൊണ്ട് ഇസ്ലാമാബാദ് ഹൈക്കോടതിയുടെ പരിധിക്ക് പുറത്തുള്ള ലാഹോറില്‍ വച്ച് ലാഹോര്‍ പൊലീസിനെ ഉപയോഗിച്ച് അറസ്റ്റ് ചെയ്യാനാകും സര്‍ക്കാര്‍ നീക്കം.

ലാഹോറില്‍ ഇമ്രാന്റെ വസതിയായ സമന്‍ പാര്‍ക്കിന് ചുറ്റുമുള്ള റോഡുകളെല്ലാം പോലീസ് അടച്ചുകഴിഞ്ഞു. മുഴുവന്‍ പാക് തെഹരീക് ഇ ഇന്‍സാഫ് പ്രവര്‍ത്തകരോടും സമന്‍പാര്‍ക്കിന് ചുറ്റും തടിച്ചുകൂടാന്‍ പാര്‍ട്ടി ആഹ്വാനം ചെയ്തിട്ടുമ്ണ്ട്. ഇതിനുമുമ്പ് സമന്‍പാര്‍ക്കിന് അകത്തു കയറി ഇമ്രാനെ അറസ്റ്റ് ചെയ്യാനുള്ള ഭരണകൂടനീക്കം പിടിഐ പ്രവര്‍ത്തകര്‍ ഇടപെട്ടാണ് പ്രതിരോധിച്ചത്. മെയ് 9 സംഘര്‍ഷവുമായി ബന്ധപ്പെട്ട് 7500 ഓളം പിടിഐ പ്രവര്‍ത്തകരെ പോലീസും സൈന്യവും ചേര്‍ന്ന് കസ്റ്റഡിയിലെത്തിയിട്ടുണ്ടെന്നും ആരോപണം ഉയരുന്നുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News