നിവിൻ പോളിക്കെതിരായ പീഡന പരാതിയിലും, ഗൂഢാലോചന ആരോപിച്ച് നിവിൻ പോളി നൽകിയ പരാതിയിലും പോലീസ് അന്വേഷണം ആരംഭിച്ചു. നിവിൻ പോളി നൽകിയ പരാതിയിൽ പോലീസ് വിശദമായ അന്വേഷണത്തിലേക്ക് കടന്നു. ഡിവൈഎസ്‌പി റാങ്കിലുള്ള ഉദ്യോഗസ്ഥൻ പരാതിയിൽ അന്വേഷണം നടത്തും. ഇതിൻ്റെ ഭാഗമായി പരാതി ഉന്നയിച്ച യുവതിയുടെയും ഭർത്താവിൻ്റെയും മൊഴി പോലീസ് രേഖപ്പെടുത്തി. ആലുവ പോലീസ് ക്ലബ്ബിൽ വിളിച്ചു വരുത്തിയാണ് ഇരുവരുടെയും മൊഴിയെടുത്തത്. ഉടൻ നിവിൻ പോളിയുടെയും മൊഴി രേഖപ്പെടുത്തും. യുവതി ഉന്നയിച്ച ആരോപണങ്ങൾ വസ്തുതാവിരുദ്ധമാണെന്നും താൻ നിരപരാധിയാണെന്നും ആരോപണത്തിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്നുമാണ് നിവിൻ പോളിയുടെ പരാതി.
ഇടവേള ബാബുവിനെതിരായ പീഢന കേസിലും അന്വേഷണ സംഘം തുടർ നടപടികളിലേക്ക് കടന്നു. യുവതിയുമായി ഇടവേള ബാബുവിൻ്റെ ഫ്ലാറ്റിലെത്തി അന്വേഷണ സംഘം തെളിവെടുപ്പ് നടത്തി. ഇതിനിടെ നടൻ മുകേഷിന് ജില്ലാ കോടതി അനുവദിച്ച മുൻകൂർ ജാമ്യം റദ്ദാക്കാൻ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് അന്വേഷണ സംഘം പ്രോസിക്യൂഷൻ ഡയറക്ടർ ജനറലിന് കത്ത് നൽകി. ജാമ്യ ഉത്തരവിലെ പരാമർശങ്ങൾ അന്വേഷണത്തെ ബാധിക്കുമെന്നും അതിനാൽ റദ്ദാക്കണമെന്നുമാണ് ആവശ്യം. ജില്ലാ കോടതി ഉത്തരവ് ചോദ്യം ചെയ്ത് ഹൈക്കോടതി സമീപിക്കാനാണ് നീക്കം.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here