താമരശേരിയിലെ പ്രവാസിയെ തട്ടിക്കൊണ്ടുപോയിട്ട് ആറ് ദിവസം; അന്വേഷണം ഊര്‍ജിതമാക്കി പൊലീസ്

കോഴിക്കോട് താമരശേരിയില്‍ നിന്ന് തട്ടിക്കൊണ്ടുപോയ പ്രവാസി ഷാഫിയെ കണ്ടെത്താന്‍ അന്വേഷണം ഊര്‍ജിതമാക്കി പൊലീസ്. ഷാഫിയെ തട്ടിക്കൊണ്ടുപോയി എന്ന് കരുതപ്പെടുന്ന കാര്‍ കാസര്‍ഗോഡ് നിന്ന് കണ്ടെത്തി. കാസര്‍ഗോട്ടെ സര്‍വീസ് സെന്ററില്‍ നിന്നാണ് കാര്‍ കണ്ടെത്തിയത്. വിദേശത്ത് ജോലി ചെയ്യുന്ന കാസര്‍ഗോഡ് തളങ്കര സ്വദേശിയില്‍ നിന്് വാടകയ്‌ക്കെടുത്ത കാറാണിത്. തട്ടിക്കൊണ്ടുപോയ സംഘത്തില്‍ കാസര്‍ഗോഡ് സ്വദേശികള്‍ ഉള്‍പ്പെടെയുണ്ടെന്നാണ് വിവരം.

ഷാഫിയെ തട്ടിക്കൊണ്ടുപോയിട്ട് ആറ് ദിവസം പിന്നിടുകയാണ്. ഇയാളെ അയല്‍ സംസ്ഥാനത്തേക്ക് കടത്തിയിരിക്കാമെന്നാണ് പൊലീസു കരുതുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ കര്‍ണാടകയിലും മറ്റ് സംസ്ഥാനങ്ങളിലും പൊലീസ് അന്വേഷണം നടത്തുന്നുണ്ട്. ഷാഫിയുടെ മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ചാണ് അന്വേഷണം. ഉത്തര മേഖല ഡി ഐ ജി പുട്ട വിമലാദിത്യ അടക്കമുള്ള ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ വീണ്ടും താമരശ്ശേരിയിലെത്തി അന്വേഷണ പുരോഗതി വിലയിരുത്തി. സംശയമുള്ള കൂടുതല്‍ പേരെ വിളിച്ചു വരുത്തി പൊലീസ് ചോദ്യം ചെയ്യുന്നുണ്ട്.
വിദേശത്തെ ഷാഫിയുടെ സാമ്പത്തിക ഇടപാടാണ് തട്ടിക്കൊണ്ടു പോകലിലേക്ക് നയിച്ചതെന്നാണ് പൊലീസ് പറയുന്നത്.

കഴിഞ്ഞ വെള്ളിയാഴ്ചയാണ് പരപ്പന്‍പൊയില്‍ സ്വദേശി ഷാഫിയെ ഒരു സംഘം തട്ടിക്കൊണ്ടുപോയത്. വീടിന് മുന്നില്‍ നില്‍ക്കുകയായിരുന്ന ഷാഫിയെയും ഭാര്യ സെനിയേയും കാറിലെത്തിയ സംഘം പിടിച്ചുകൊണ്ടുപോകുകയായിരുന്നു. സെനിയെ പിന്നീട് വഴിയില്‍ ഉപേക്ഷിച്ചു. പിടിവലിക്കിടെ സെനിയ്ക്ക് പരുക്കേറ്റിരുന്നു. തന്നെ ചിലര്‍ ഭീഷണിപ്പെടുത്തുന്നതായി കാണിച്ച് താമരശ്ശേരി പൊലീസില്‍ നേരത്തേ ഷാഫി പരാതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ കൊടുവള്ളി സ്വദേശിയായ സാലി എന്നയാള്‍ക്കെതിരെ കേസെടുക്കുകയും ചെയ്തിരുന്നു. ഇയാള്‍ ഇപ്പോള്‍ വിദേശത്താണ്. തട്ടിക്കൊണ്ടുപോകാന്‍ സംഭവത്തിന് ഇയാളമായി ബന്ധമുണ്ടോയെന്ന് പൊലീസ് അന്വേഷിക്കുകയാണ്. നേരത്തെ ഭീഷണിപ്പെടുത്തിയ കേസിലെ ആളുകളെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News