അതിക്രമിച്ചു കയറി യുവതിയെയും ബന്ധുക്കളെയും വെടിവെച്ച് വീഴ്ത്തി; പൊലീസുകാരൻ ട്രെയിനിന് മുന്നില്‍ ചാടി ജീവനൊടുക്കി

വീട്ടില്‍ അതിക്രമിച്ചു കയറി യുവതിയെയും ബന്ധുക്കളെയും വെടിവെച്ച് വീഴ്ത്തിയ ശേഷം പൊലീസുകാരൻ ട്രെയിനിന് മുന്നില്‍ ചാടി ജീവനൊടുക്കി. മധ്യപ്രദേശിലെ ഷാജാപുര്‍ ജില്ലയില്‍ ഞായറാഴ്ച രാത്രിയായിരുന്നു ദാരുണമായ സംഭവം. പൊലീസുകാരൻ നടത്തിയ വെടിവെപ്പില്‍ യുവതിയുടെ പിതാവ് കൊല്ലപ്പെട്ടു. ഗുരുതരമായി പരുക്കേറ്റ യുവതിയും സഹോദരനും ചികിത്സയിലാണ്.

മധ്യപ്രദേശ് പൊലീസിൽ ഡ്രൈവറായ സുഭാഷ് ഖരാഡി(26)യാണ് യുവതിയുടെ വീട്ടില്‍കയറി ആക്രമണം നടത്തിയത്. ഷാജാപുര്‍ സ്വദേശിയായ ജാഖിര്‍ ഖാന്റെ(55) വീട്ടില്‍ അതിക്രമിച്ചുകയറിയ സുഭാഷ് ജാഖിറിന്റെ മകള്‍ ശിവാനി(25)ക്ക് നേരേ വെടിയുതിര്‍ക്കുകയായിരുന്നു. പിന്നാലെ ജാഖിറിനെയും ശിവാനിയുടെ സഹോദരനെയും വെടിവെച്ച് വീഴ്ത്തി. വെടിയേറ്റ ജാഖിര്‍ സംഭവസ്ഥലത്തുവെച്ച് തന്നെ മരിച്ചു.

ഗുരുതരമായി പരിക്കേറ്റ ശിവാനിയെയും സഹോദരനെയും പിന്നീട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൃത്യം നടത്തിയ ശേഷം സ്ഥലത്തുനിന്ന് രക്ഷപ്പെട്ട സുഭാഷിനെ പിന്നീട് റെയില്‍വേ ട്രാക്കില്‍ മരിച്ചനിലയില്‍ കണ്ടെത്തി. ഇയാള്‍ ട്രെയിനിന് മുന്നില്‍ ചാടി ജീവനൊടുക്കിയതാണെന്നാണ് പോലീസിന്റെ കണ്ടെത്തല്‍.

സുഭാഷും യുവതിയും തമ്മില്‍ അടുപ്പത്തിലായിരുന്നുവെന്നും ഈ ബന്ധത്തിലുണ്ടായ പ്രശ്‌നങ്ങളാണ് ആക്രമണത്തിന് കാരണമായതെന്നുമാണ് പൊലീസ് നല്‍കുന്ന പ്രാഥമിക വിവരം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News