‘പത്തമ്മ ചമഞ്ഞാലും പെറ്റമ്മയാകില്ല’ എന്നൊരു ചൊല്ലൊണ്ട്. എങ്കിലും ഒരു കുഞ്ഞ് വയറു വിശന്നാൽ അലിയുന്ന മാതൃഹൃദയങ്ങളാണേറെയും. അത്തരത്തിലൊരു സംഭവം കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. നാലു മാസം പ്രായമുള്ള കുഞ്ഞ് വിശന്ന് കരഞ്ഞപ്പോൾ ആര്യയുടെ അമ്മ മനസിനും വേദനിച്ചു. കൊച്ചി സിറ്റി വനിതാ പൊലീസ് സ്റ്റേഷനിലെ സിപിഒ ആണ് .ആര്യ. കുഞ്ഞ് കരഞ്ഞതോടെ മറ്റൊന്നും ആലോചിക്കാതെ കുഞ്ഞിന്റെ വിശപ്പടക്കാൻ ആര്യ സന്നദ്ധയാകുകയായിരുന്നു. വിശപ്പടങ്ങിയ കുഞ്ഞിന്റെ കരച്ചിൽ നിന്നത് കണ്ട് നിന്ന പൊലീസ് സ്റ്റേഷനിലെ മറ്റ് അമ്മമാർക്കും സന്തോഷം പകരുന്നതായി. ആര്യ പ്രസവാവധി കഴിഞ്ഞു 3 മാസം മുൻപാണു തിരികെ ജോലിയിൽ പ്രവേശിച്ചത്. സ്വന്തം കുഞ്ഞിന് 9 മാസം മാത്രമാണ് പ്രായം.
ഇന്നലെയായിരുന്നു അതിഥിത്തൊഴിലാളികളുടെ മകളായ നാലുമാസക്കാരി അവിചാരിതമായി പൊലീസ് സ്റ്റേഷനിലേക്ക് എത്തിയത്. കുഞ്ഞിന്റെ മാതാവിനെ ശ്വാസം മുട്ടലിനെത്തുടർന്ന് എറണാകുളം ജനറൽ ആശുപത്രി ഐസിയുവിൽ പ്രവേശിപ്പിച്ചിരുന്നു. ഹൃദ്രോഗിയാണ് ഇവർ. ഇതിനെത്തുടർന്നാണ് നാലുമാസക്കാരിയുടെയും മൂത്ത 3 കുട്ടികളുടെയും താൽക്കാലിക സംരക്ഷണച്ചുമതല വനിതാ പൊലീസുകാർ ഏറ്റെടുത്തത്. കുഞ്ഞുങ്ങളുടെ അച്ഛൻ ജയിലിലാണ്.
ആശുപത്രി അധികൃതർ പൊലീസ് കൺട്രോൾ റൂമിൽ വിവരം അറിയിക്കുകയും എസ്ഐ ആനി ശിവയുടെ നേതൃത്വത്തിലുള്ള സംഘമെത്തി കുട്ടികളെ ഏറ്റെടുക്കുകയുമായിരുന്നു. കുട്ടികളെ പിന്നീട് ശിശുഭവനിലേക്കു മാറ്റുകയും ചെയ്‌തു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here