ഒരു ട്രെയിൻ യാത്രക്കിടയിൽ സ്വന്തം ജീവൻ പോലും മറന്ന് തന്റെ സഹപ്രവർത്തകൻ ഒരു ജീവൻ രക്ഷിക്കാനെടുത്ത തീരുമാനത്തിന്റെ ഓർമ പങ്കുവയ്ക്കുകയാണ് പൊലീസ് ഉദ്യോഗസ്ഥനായ ജ്യോതിഷ് ആർ കെ. തിരുവനന്തപുരത്തെ എസ് സി പി ഒ പ്രതീഷ് പി എസ് എന്ന ഉദ്യോഗസ്ഥനാണ് ട്രെയിനിനടിയിൽ പെട്ട് ജീവൻ പോലും നഷ്ടപ്പെട്ടേക്കാവുമായിരുന്ന ഒരാൾക്ക് കൈ നൽകി അയാളെ ജീവിതത്തിലേക്ക് തിരിച്ചുപിടിച്ചു കയറ്റിയത്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
ഒരു ജീവനെ കാത്ത് രക്ഷിച്ച
കാക്കിയിട്ട കൈകൾ .
കൊൽക്കത്തയിൽ ഒരു കേസിന്റെ അന്വേഷണം കഴിഞ്ഞ് ഞങ്ങൾ നാലുപേർ ഷാലിമാർ തിരുവനന്തപുരം സൂപ്പർഫാസ്റ്റിൽ തിരിച്ചു വരുന്ന വഴി ഇന്നലെ ഉച്ചയ്ക്ക് ഒന്നരമണിക്ക് ട്രെയിൻ തൃശ്ശൂർ എത്തിയ സമയം ഞങ്ങൾ പ്ലാറ്റ്‌ഫോമിൽ ഇറങ്ങി ഭക്ഷണം വാങ്ങി തിരികെ കയറി.ഞങ്ങളുടെ കൂട്ടത്തിലെ പ്രതീഷ് മാത്രം ഡോറിൽ ട്രെയിൻ വിടുന്നതും നോക്കി നിന്നു.അതെ സമയം പ്ലാറ്റ്‌ഫോമിൽ നിന്നും ട്രെയിൻ വിടുന്ന സമയം ഒരു മദ്ധ്യവയസ്കൻ ഓടിക്കൊണ്ടിരുന്ന ആ ട്രെയിനിലേക്ക് ചാടിക്കയറാൻ ശ്രമിച്ചു. പ്രതീഷ് B5 കമ്പാർട്ട്മെന്റിൽ ഡോറിനടുത്ത് നിൽക്കുകയായിരുന്നു. ട്രെയിൻ വേഗതയിൽ ആയതിനാൽ അവൻ അയാളോട് ചാടി കയറരുത് അപകടം സംഭവിക്കും എന്ന് പറഞ്ഞു. അയാൾ കേട്ടോ ഇല്ലയോ അറിയില്ല . ചാടി കയറാൻ ശ്രമിച്ചു. പിടി വിട്ട് ട്രെയിനിൻ്റെ അടിയിലേക്ക് ശരീരത്തിൻറെ പകുതിയും പോയി. ഭാഗ്യത്തിന് അയാളുടെ ഒരു കൈയിൽ അവന് പിടികിട്ടി.അവന്റെ കഴിവിന്റെ പരമാവധി ശക്തിയെടുത്ത് അയാളെ വലിച്ചുകയറ്റി പ്ലാറ്റ്ഫോമിലേക്ക് ഇട്ടു.വളരെ പെട്ടന്ന് ട്രെയിൻ നിറുത്തുകയും ചെയ്തു അരയ്ക്കു താഴോട്ട് നല്ല മുറിവ് പറ്റി. റെയിൽവേ ഉദ്യോഗസ്ഥർ അയാളെ ആശുപത്രിയിൽ എത്തിച്ചു എന്നും മറ്റു കുഴപ്പങ്ങൾ ഒന്നുമില്ല എന്നും പിന്നീട് അറിഞ്ഞു. ഫോട്ടോസ് അവർ അയച്ചുതന്നതാണ്. ആ മനുഷ്യൻ്റെ ജീവൻ രക്ഷിക്കാൻ ആയതിൽ ഞങ്ങളിലൊരുവന്റെ കൈകൾക്കു സാധിച്ചതിൽ സന്തോഷമുണ്ട്.
ട്രെയിൻ വിട്ടതിനു ശേഷം ഞങ്ങളുടെ അടുത്ത് വന്നു പ്രതീഷിനോടായി ഒരാൾ പറയുന്നുണ്ടായിരുന്നു ഇങ്ങനെ പിടിക്കുമ്പോൾ സൂക്ഷിക്കണം ആ പിടിത്തത്തിൽ നിങ്ങളും അടിയിൽ പോകാൻ സാധ്യത കൂടുതലായിരുന്നു .
സ്വന്തം ജീവനെ പരിഗണിക്കാതെ തന്നെ
കൺമുമ്പിൽ ഒരു ജീവൻ പൊലിയാൻ അനുവദിക്കാത്ത
ജാഗ്രതയ്ക്ക് പ്രിയപ്പെട്ടവന് ഹൃദയത്തിൽ നിന്നുള്ള
അഭിനന്ദനങ്ങൾ ..
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here