10 കോടിയിലധികം വരുന്ന നിക്ഷേപകരുടെ തുക തട്ടിയെന്ന പരാതിയിൽ കോ ഓപ്പറേറ്റീവ് സൊസൈറ്റി ഭാരവാഹികൾക്കെതിരെ കേസെടുത്ത് പൊലീസ്. തിരുവനന്തപുരം തകരപ്പറമ്പ് തിരുവിതാംകൂർ കോ ഓപ്പറേറ്റീവ് സൊസൈറ്റിയുടെ 11 ബോർഡ് അംഗങ്ങളുടെ പേരിലാണ് കേസെടുത്തത്. മൂന്ന് കേസുകളുടെ പരാതിയിൽ ആണ് സംഘത്തിന്റെ ബോർഡിലുള്ള ബിജെപി നേതാക്കൾക്കെതിരെ പൊലീസ് നടപടിയെടുത്തത്. അഡ്മിനിസ്ട്രേറ്റർ ഭരണമാണ് നിലവിൽ സൊസൈറ്റിലെന്നും ബോർഡംഗങ്ങൾ ഒളിവിലാണെന്നും പൊലീസ് പറഞ്ഞു.
ALSO READ: വടകരയിൽ നാലാം ക്ലാസുകാരനെ പീഡനത്തിനിരയാക്കി; ബിജെപി പ്രാദേശിക നേതാവ് റിമാൻഡിൽ
സൊസൈറ്റി പ്രസിഡന്റിനെ ഒന്നാം പ്രതിയും സെക്രട്ടറിയെ രണ്ടാം പ്രതിയുമാക്കിയാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. 100ലധികം പേർക്കാണ് പണം തിരികെ കിട്ടാനുള്ളത്. പലതവണ സൊസൈറ്റിയുമായി ബന്ധപ്പെട്ടെങ്കിലും പണം ലഭിച്ചില്ലെന്നാണ് നിക്ഷേപകർ വ്യക്തമാക്കിയത്.സൊസൈറ്റിക്കു ആറ്റുകാലിലും ശാഖയുണ്ട്. അതേസമയം പ്രധാന ഓഫീസും ശാഖയും പൂട്ടിയ നിലയിലാണ്. എന്നാൽ പത്ത് കോടിക്കു മുകളിൽ ഇവർ നിക്ഷേപകർക്കു നൽകാനുണ്ടെന്നാണ് വിവരമെന്നും കണക്കെടുക്കാൻ താമസിക്കുമെന്നും പൊലീസ് പറഞ്ഞു .
ALSO READ: മൂവാറ്റുപുഴയിൽ അധ്യാപകന്റെ കൈവെട്ടിയ കേസ്; മുഖ്യപ്രതിക്ക് ഒളിത്താവളമൊരുക്കിയ പ്രതി പിടിയിൽ
നിലവിൽ 85 പേരാണ് പരാതി നൽകിയത്. ഇതിൽ മൂന്ന് പേരുടെ പരാതിയിൽ കഴിഞ്ഞ ദിവസം തന്നെ കേസ് രജിസ്റ്റർ ചെയ്തു. 85 ലക്ഷം രൂപ നഷ്ടമായ സ്റ്റാച്യു സ്വദേശി ടി സുധാദേവിയുടെ പരാതിയിലാണ് ആദ്യം കേസെടുത്തത്. ഇവർക്ക് കഴിഞ്ഞ ഏപ്രിൽ 28നു നിക്ഷേപത്തിന്റെ കാലാവധി പൂർത്തിയായെങ്കിലും പണം നൽകിയില്ല. വഞ്ചിയൂർ ചിറക്കുളം സ്വദേശിക്ക് 4.70 ലക്ഷം രൂപയും വെള്ളനാട് സ്വദേശിക്ക് 20 ലക്ഷം രൂപയും നഷ്ടമായി. 50 ലക്ഷം രൂപ മുതൽ നിക്ഷേപിച്ചിട്ടുള്ളവർ തട്ടിപ്പിനു ഇരയായിട്ടുണ്ടെന്നാണ് വിവരം. കൂടുതലും പെൻഷൻ പറ്റിയവരാണ് തട്ടിപ്പിനിരയായിരിക്കുന്ന നിക്ഷേപകർ .അതേസമയം കേസ് ക്രൈം ബ്രാഞ്ചിനു വിട്ടേക്കും. സാമ്പത്തിക കുറ്റാന്വേഷണ വിഭാത്തിനായിരിക്കും കൈമാറുക. ഇതു ചൂണ്ടിക്കാട്ടി ഫോർട്ട് പൊലീസ് കമ്മീഷണർക്ക് റിപ്പോർട്ട് സമർപ്പിക്കും.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here