വ്യാജരേഖ കേസ്; കെ വിദ്യയുടെ വീട്ടിൽ പൊലീസ് പരിശോധന

വ്യാജരേഖ ചമച്ച കേസിൽ കെ വിദ്യയുടെ തൃക്കരിപ്പൂർ മണിയനോടിയിലെ വീട്ടിൽ നീലേശ്വരം പൊലീസിന്റെ പരിശോധന. ഇന്ന് രാവിലെ 11.45 ഓടെയാണ് പൊലീസ് സംഘം എത്തിയത്. അച്ഛനും അമ്മയ്ക്കും സഹോദരിമാർക്കും ഒപ്പമാണ് വിദ്യ താമസിക്കുന്നത്. കേസെടുത്തതിന് പിന്നാലെ വിദ്യ വീട്ടിൽ നിന്ന് മാറിയിരുന്നു. എസ് എച്ച് ഓ സലീമിന്റെ നേതൃത്വത്തിൽ അഗളി പൊലീസ് സംഘവും അന്വേഷണത്തിനായി കാസർകോട്ട് എത്തിയിട്ടുണ്ട്. വിദ്യ അട്ടപ്പാടി ആർ.ജി. എം ഗവ കോളജിൽ ഹാജരാക്കിയ വ്യാജ രേഖകൾ കണ്ടെത്താനാണ് അന്വേഷണ സംഘം എത്തിയത്.

അതേസമയം, കേസുമായിബന്ധപ്പെട്ട് കരിന്തളം ഗവൺമെന്റ് ആർട്സ് ആൻഡ് സയൻസ് കോളേജിൽ പൊലീസ് പരിശോധന നടത്തിയിരുന്നു. വിവാദ ഗസ്റ്റ് ലക്ചറർ നിയമനവുമായി ബന്ധപ്പെട്ട രേഖകൾ പൊലീസ് പരിശോധിക്കുകയും കോളേജ് അധികൃതരുടെ മൊഴി രേഖപ്പെടുത്തുകയും ചെയ്തിരുന്നു. വിദ്യ ഗസ്റ്റ് ലക്ചറർ നിയമനത്തിനായി സമർപ്പിച്ച രേഖകൾ പൊലീസ് ശേഖരിച്ചു.

വ്യാജ രേഖ വിവാദത്തിൽ കെ വിദ്യക്കെതിരെ കഴിഞ്ഞ ദിവസമാണ് നീലേശ്വരം പൊലീസ് കേസെടുത്തത്. കരിന്തളം ഗവൺമെന്റ് കോളേജിൽ മലയാളം ഗസ്റ്റ് ലക്ചറർ തസ്തികയിൽ നിയമനം ലഭിക്കാൻ വ്യാജ രേഖ ഹാജരാക്കിയെന്ന് കാണിച്ച് പ്രിൻസിപ്പൽ ഇൻ ചാർജ് ജയ്സൺ നൽകിയ പരാതിയിലാണ് കേസെടുത്തത്. വ്യാജരേഖ നിർമിക്കൽ ( IPC 468), വ്യാജ രേഖ തട്ടിപ്പിന് ഉപയോഗിക്കൽ ( IPC 471), വഞ്ചന ( IPC 420 ) തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് കേസെടുത്തത്. വിദ്യ കരിന്തളം ഗവണ്മെന്റ് കോളജിൽ ഹാജരാക്കിയ എറണാകുളം മഹാരാജാസ് കോളേജിലെ പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റ് വ്യാജമാണെന്ന് കഴിഞ്ഞ ദിവസം മഹാരാജാസ് കോളേജ് അധികൃതർ സ്ഥിരീകരിച്ചിരുന്നു.

Also Read: സന്തോഷ് വര്‍ക്കിയെ കൈകാര്യം ചെയ്തതില്‍ സന്തോഷം, ഇയാളൊക്കെ ആള്‍ക്കാരില്‍ നിന്നും പൈസ വാങ്ങുന്നുണ്ട്: എന്‍ എം ബാദുഷ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News