പത്തനംതിട്ടയിൽ 5 കിലോയോളം കഞ്ചാവുമായി പശ്ചിമ ബംഗാൾ സ്വദേശി പൊലീസ് പിടിയിലായി. ജില്ലാ പോലീസ് ഡാൻസാഫ് സംഘവും, കൊടുമൺ പൊലീസും നടത്തിയ സംയുക്ത നീക്കത്തിലാണ് ഇയാൾ പിടിയിലായത്.
കൊടുമൺ കണ്ണാടിവയൽ പാറക്കരയിലെ സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയിലുള്ള വസ്തുവിലെ ഷെഡിൽ നിന്നാണ് 4.800 കിലോ കഞ്ചാവ് പിടിച്ചെടുത്തത്..പശ്ചിമ ബംഗാൾ പാർഗാനസ സൗത്ത് 24, ഗോസബ തനസർപറ, കമർപറ 84 ൽ ബിശ്വജിത് ബർമൻ മകൻ പ്രസൻജിത്ത് ബർമൻ (32) ആണ് പിടിയിലായത്. ഇയാളുടെ സുഹൃത്തുക്കളായ കണ്ണൻ ഗണേശൻ, ജിതിൻ, ബിജീഷ് എന്നിവരെ പിടികൂടാനുണ്ട്.
ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച രഹസ്യവിവരം കൈമാറിയതിനെ തുടർന്ന് ഇന്നലെ രാവിലെ 11 ഓടെ കൊടുമൺ കണ്ണാടിവയൽ പാറക്കരയിലെ സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയിലുള്ള വസ്തുവിലെ ഷെഡിൽ പരിശോധന നടത്തിയാണ് പോലീസ് സംഘം കഞ്ചാവ് കണ്ടെത്തിയത്. പൊലീസ് എത്തുമ്പോൾ ഷെഡിന് മുന്നിൽ നാലുപേർ ഉണ്ടായിരുന്നു. പോലീസിനെക്കണ്ട് ഇവർ ഓടി, പിന്നാലെ ഓടിയ പോലീസ് പ്രസൻജിത്ത് ബർമനെ സാഹസികമായി കീഴ്പ്പെടുത്തി.
വസ്തു ഉടമയെയും മറ്റും കണ്ടു വിവരങ്ങൾ അന്വേഷിച്ച പോലീസ്, ഷെഡിലെ ദിവാൻ കോട്ടിന്റെ മുകളിൽ വച്ചിരുന്ന പ്ലാസ്റ്റിക് കവറും ബാഗും പരിശോധിച്ചു അതിനുള്ളിൽ സൂക്ഷിച്ച കഞ്ചാവ് കണ്ടെത്തുകയായിരുന്നു. രണ്ടു മൊബൈൽ ഫോണുകളും കണ്ടെടുത്തു. 4 പാക്കറ്റുകളിലായി സൂക്ഷിച്ച 4.800 കിലോ ഗ്രാം കഞ്ചാവ് ബന്തവസിലെടുത്ത ശേഷം ഇയാളെ വിശദമായി ചോദ്യം ചെയ്തപ്പോൾ വിൽക്കാൻ എത്തിച്ചതാണെന്ന് സമ്മതിച്ചു.ഇയാളിൽ നിന്നും വിശദമായ മൊഴി രേഖപ്പെടുത്തി. തുടർന്ന് അറസ്റ്റ് രേഖപ്പെടുത്തി. മറ്റ് പ്രതികൾക്കായുള്ള അന്വേഷണം പോലീസ് ഊർജ്ജിതമാക്കി. തുടർനടപടികൾക്ക് ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കി.
ദിവസങ്ങളായി ഈ പ്രദേശം പോലീസിന്റെ നിരന്തരനിരീക്ഷണത്തിലായിരുന്നു. നർകോട്ടിക് സെൽ ഡി വൈ എസ് പി ഉമേഷ് കുമാറിന്റെ നേതൃത്വത്തിലായിരുന്നു പോലീസ് നടപടി.ജില്ലാ പോലീസ് മേധാവിയുടെ നിർദേശാനുസരണം ഈ പ്രദേശങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ച ഡാൻസാഫ് ടീം, പ്രതികളുടെ നീക്കങ്ങൾ നിരീക്ഷിച്ചു. കഞ്ചാവ് ഇവിടെ എത്തിച്ച് വില്പനക്കായി വിവിധ ഭാഗങ്ങളിലേക്ക് കടത്തുന്നുണ്ടെന്ന് വിവരം ലഭിക്കുകയും, പോലീസ് സംഘം പരിശോധന ശക്തമാക്കുകയും ചെയ്തതിനെതുടർന്നാണ് കഞ്ചാവ് പിടിച്ചെടുക്കാൻ സാധിച്ചത്. ജില്ലയിൽ ലഹരിവസ്തുക്കളുടെ കടത്തും കച്ചവടവും തടയുന്നതിന് ശക്തമായ പരിശോധന തുടരുമെന്ന് ജില്ലാ പോലീസ് മേധാവി പറഞ്ഞു. കൊടുമൺ പോലീസ് ഇൻസ്‌പെക്ടർ സി വിനോദിന്റെ നേതൃത്വത്തിലുള്ള സംഘത്തിൽ എസ് സി പി ഓ മാരായ തോമസ്, അലക്സ്, സി പി ഓ വിഷ്ണു എന്നിവരാണ് ഉണ്ടായിരുന്നത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here