‘ശാരീരികമായി ഉപദ്രവിച്ചു’; തട്ടിക്കൊണ്ടുപോയതിന് പിന്നില്‍ കൊടുവള്ളി സ്വദേശിയെന്ന് പ്രവാസി

താമരശേരിയില്‍ തട്ടിക്കൊണ്ടുപോയ പ്രവാസി മുഹമ്മദ് ഷാഫിയുടെ മൊഴി പകര്‍പ്പ് പുറത്ത്. തട്ടികൊണ്ടുപോയതിന് പിന്നില്‍ കൊടുവള്ളി സ്വദേശി സാലിയാണെന്നാണ് ഷാഫി പൊലീസിന് നല്‍കിയിരിക്കുന്ന മൊഴി. തടങ്കലില്‍ ശാരീരികമായി ഉപദ്രവിച്ചു. വീഡിയോകള്‍ ഭീഷണിപ്പെടുത്തി പറയിച്ചതാണെന്നും ഷാഫി പൊലീസിനോട് വ്യക്തമാക്കി.

പതിനൊന്ന് ദിവസങ്ങള്‍ക്ക് ശേഷം ഇന്നലെയാണ് ഷാഫിയെ തട്ടിക്കൊണ്ടുപോയ സംഘം പുറത്തുവിടുന്നത്. ഇയാളെ മൈസൂരിലേക്ക് ബസില്‍ കയറ്റി അയക്കുകയയിരുന്നു. മൈസൂരില്‍ എത്തിയ ഷാഫി ബന്ധുക്കളുമായി ബന്ധപ്പെട്ടു. ബന്ധുക്കള്‍ എത്തിയാണ് ഷാഫിയെ തിരികെ നാട്ടിലെത്തിച്ചത്. താമരശ്ശേരിയില്‍ എത്തിച്ച ഷാഫിയെ കൊയിലാണ്ടിയില്‍ വച്ച് അന്വേഷണസംഘം വൈദ്യ പരിശോധനയ്ക്ക് വിധേയനാക്കി. തുടര്‍ന്ന് വടകര റൂറല്‍ എസ്പി ഓഫീസില്‍ എത്തിച്ചു. വിവരങ്ങള്‍ ചോദിച്ചറിഞ്ഞശേഷം ഷാഫിയെ മജിസ്ട്രേറ്റിന് മുമ്പില്‍ ഹാജരാക്കി കുടുംബത്തോടൊപ്പം പറഞ്ഞയച്ചു. ഷാഫിയെ അന്വേഷണസംഘം ഇന്ന് വിശദമായി ചോദ്യം ചെയ്യും.

ഇക്കഴിഞ്ഞ ഏപ്രില്‍ ഏഴിനാണ് ഷാഫിയെ ഒരു സംഘം തട്ടിക്കൊണ്ടുപോയത്. വീടിന് മുന്നില്‍ നില്‍ക്കുകയായിരുന്ന ഷാഫിയെയും ഭാര്യ സെനിയേയും കാറിലെത്തിയ സംഘം പിടിച്ചുകൊണ്ടുപോകുകയായിരുന്നു. സെനിയെ പിന്നീട് വഴിയില്‍ ഉപേക്ഷിച്ചു. പിടിവലിക്കിടെ സെനിയ്ക്ക് പരുക്കേറ്റിരുന്നു. കേസില്‍ നാല് പേരുടെ അറസ്റ്റ് പൊലീസ് ഇന്നലെ രേഖപ്പെടുത്തിയിരുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ പൊലീസ് കസ്റ്റഡിയില്‍ എടുത്ത കാസര്‍കോട് സ്വദേശികളുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News