പത്തനംതിട്ട കലഞ്ഞൂർ സ്വദേശി നൗഷാദ് തിരോധാന കേസിൽ ഭാര്യ അഫ്‌സാനയുടെ കസ്റ്റഡി അപേക്ഷ പൊലീസ് ഉടൻ നൽകില്ല. നൗഷാദ് ജീവിച്ചിരിപ്പുണ്ടോ എന്ന സംശയം നിലനിൽക്കുന്നതിനാലാണ് അപേക്ഷ നല്കുന്നതിൽ സമയം എടുക്കുന്നത്.ഭാര്യയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ പരുത്തിപ്പാറയിലെ വാടകവീട്ടിൽ ഇന്നലെ തെളിവെടുപ്പ് നടത്തിയെങ്കിലും മൃതദേഹവിശിഷ്ടം കണ്ടെത്താനായില്ല. എന്നാൽ അഫ്‌സാന മൊഴി നിരന്തരം മാറ്റി പറയുന്നതിനാൽ വിശ്വാസയോഗ്യമല്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറയുകയുണ്ടായി. നൗഷാദിനെ ഉടൻ കണ്ടെത്തിയില്ലെങ്കിൽ അഫ്‌സാനയെ നുണ പരിശോധനയ്ക്ക് വിധേയപ്പെടുത്താനും പൊലീസിന്റെ നീക്കമുണ്ട്. ഇവർക്ക് മാനസിക പ്രശ്നങ്ങൾ ഇല്ലെന്നാണ് പൊലീസിന്റെ നിഗമനം.
Also Read: നൗഷാദിന്‍റെ തിരോധാനം: ഭാര്യ അഫ്സാന പരസ്പര വിരുദ്ധമായി സംസാരിക്കുന്നുവെന്ന് കൂട്ടുകാരി
അതേസമയം, നൗഷാദിന്റെതെന്ന് സംശയിക്കുന്ന രക്തക്കറ പുരണ്ട ഷർട്ടിന്റെ ഭാഗങ്ങൾ കത്തിച്ച നിലയിൽ കണ്ടെത്തി. ഇത് അന്വേഷണത്തെ സംബന്ധിച്ച് ഒരു നിർണായക വഴിത്തിരിവാണ്. അതിനിടെ കൊലപാതകത്തിൽ സുഹൃത്തിന്റെ സഹായവും ലഭിച്ചിട്ടുണ്ടെന്ന് അഫ്‌സാന വെളിപ്പെടുത്തിയിരുന്നു. മൃതദേഹം സുഹൃത്തിന്‍റെ പെട്ടി ഓട്ടോറിക്ഷയിലാണ് കൊണ്ടുപോയതെന്നാണ് അഫ്സാന പറയുന്നത്. ഇയാളെയും പൊലീസ് വിളിച്ചുവരുത്തി ചോദ്യം ചെയ്തിട്ടുണ്ട്. നൗഷാദിന് വാടക വീട് ശരിയാക്കിക്കൊടുത്ത ബ്രോക്കറെയും പൊലീസ് ചോദ്യം ചെയ്തിരുന്നു.
ഒന്നര വർഷം മുൻപ് കലഞ്ഞൂരിൽ കാണാതായ പാടം സ്വദേശി നൗഷാദ് കൊല്ലപ്പെട്ടെന്ന നിഗമനത്തിലാണ് പൊലീസ്. ഭാര്യ അഫ്സാന നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ അടൂരിൽ ഇവർ വാടകയ്ക്കു കഴിഞ്ഞിരുന്ന വീടിന് സമീപമുള്ള നാല് ഇടങ്ങളിൽ പൊലീസ് പരിശോധന നടത്തിയെങ്കിലും ഒന്നും തന്നെ കണ്ടെത്താൻ സാധിച്ചിരുന്നില്ല. വീടിന് സമീപമുള്ള സെമിത്തേരിയിലും പരിശോധന നടത്തിയിരുന്നു.
മൂന്ന് ദിവസം മുമ്പ് ഇവർ നൗഷാദിനെ അടൂർ വച്ച് കണ്ടെന്നു അറിയിച്ചതിനെതുടർന്നാണ് കൂടൽ പൊലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ചത്. തുടർന്ന് സി ഐ കാര്യങ്ങൾ ചോദിച്ചറിയാൻ ശ്രമിച്ചപ്പോഴാണ് നിഷാദിനെ കൊന്ന് കുഴിച്ചുമൂടിയെന്ന് വെളിപ്പെടുത്തിയത്. പരസ്പരവിരുദ്ധമായി മൊഴികൾ മാറ്റിമാറ്റിപ്പറഞ്ഞ അഫ്‌സാന പൊലീസിനെ തെറ്റിദ്ധരിപ്പിക്കുകയും, തെളിവ് നശിപ്പിക്കുകയും ചെയ്ത സംഭവത്തിലാണ് ഇപ്പോൾ അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്. ശവക്കല്ലറയിൽ കയ്യേറ്റം നടത്തുക, ശവത്തെ അവഹേളിക്കുക, അപമാര്യാദയായി പെരുമാറുക തുടങ്ങിയ കുറ്റങ്ങളിലും കേസ് എടുത്തിട്ടുണ്ട്. 2021 നവംബര്‍ അഞ്ചാം തീയതി മുതല്‍ നൗഷാദിനെ കാണാനില്ലെന്നായിരുന്നു മാതാപിതാക്കളുടെ പരാതി.
Also Read: വിദ്യാര്‍ത്ഥിനിയെ ബൈക്ക് ഇടിച്ച് കൊലപ്പെടുത്തിയ കേസില്‍ ആൻസൺ റോയിക്കെതിരെ നടപടിക്കൊരുങ്ങി എം വി ഡി
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here