കിഫ്ബിക്കെതിരായി ഉയർന്നത് ആസൂത്രിത ആക്രമണം; സർക്കാരിനെതിരെ ഉയർന്ന രാഷ്ട്രീയ അജണ്ടകളെ പൊളിച്ചെഴുതി ഗോപകുമാർ മുകുന്ദന്റെ ചിന്താ വാരികയിലെ ലേഖനം

ഇഡി കിഫ്ബി- മസാല ബോണ്ടിലെ രാഷ്ട്രീയ അജണ്ടകൾ വെളിപ്പെടുത്തി ചിന്താ വാരികയിൽ ഗോപകുമാർ മുകുന്ദൻ എഴുതിയ ലേഖനം. പ്രതിപക്ഷവും മറ്റ് അനുബന്ധ പാർട്ടികളും പറഞ്ഞ് പരത്തിയ വ്യാജ പ്രചാരണങ്ങളെ പൊളിച്ചെഴുതുന്നതാണ് ഈ ലേഖനം. അന്വേഷണസംഘം ആവശ്യപ്പെട്ട എല്ലാ രേഖകളും ഹാജരാക്കിയിട്ടും ഓരോ തവണയും ചോദിച്ച കാര്യങ്ങൾ വ്യക്തമാക്കിയിട്ടും കിഫ്ബിയുടെ വനിതാ ഉദ്യോഗസ്ഥയെ അതിരുവിട്ടു ഹരാസ് ചെയ്തിരുന്നെന്ന് തുടങ്ങി നിരവധി സത്യാവസ്ഥകൾ ഈ ലേഖനത്തിൽ ചൂണ്ടിക്കാട്ടുന്നു.

ALSO READ: പൃഥ്വിരാജിനെക്കാൾ മൂല്യം ശ്രുതി ഹാസന്? പ്രശാന്ത് നീലിന് 100 കോടി, സലാറിലെ താരങ്ങളുടെ പ്രതിഫലം പുറത്ത്; ഇത് ന്യായമോ എന്ന് ആരാധകർ

2019 മാർച്ച് 27 നാണ് കിഫ്ബി- മസാലാ ബോണ്ട് ലിസ്റ്റ് ചെയ്യപ്പെട്ടത്. രണ്ടു കൊല്ലത്തിനു ശേഷം 2021 ഫെബ്രുവരി 3 നാണ് കിഫ്ബി ചീഫ് എക്സിക്യൂട്ടീവ് ഓഫീസർക്ക് സമൻസ് അയച്ചത്. ഇതിൽ ആവശ്യപ്പെട്ട എല്ലാ രേഖകളും ഫെബ്രുവരി 19 നു നേരിൽ കൊടുത്തിട്ടും മാർച്ച് മാസം ഒന്നാം തീയതി ചീഫ് എക്സിക്യൂട്ടീവ് ഓഫീസർക്കും കിഫ്ബി ജോയിന്റ് ഫണ്ട് മാനേജർക്കും ഇ ഡി വീണ്ടും സമൻസ് അയച്ചുവെന്നും ലേഖനത്തിൽ പറയുന്നു. പിന്നീട് ഫെബ്രുവരി 26 ന് നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. ഏപ്രിൽ 6 ന് പതിനഞ്ചാം കേരള നിയമസഭയിലേക്കുള്ള വോട്ടെടുപ്പും നടന്നു. എന്നാൽ മാർച്ച് 1,8 തീയതികളിലായി തുടർച്ചയായി വിവിധ ഉദ്യോഗസ്ഥർക്ക് സമൻസുകൾ അയച്ചു കൊണ്ടിരുന്നു. എൻഫോഴ്സ്മെന്റ് ഡയറക്റ്ററേറ്റിന്റെ അന്വേഷണ സമയത്തിന്റെ സവിശേഷത ഇതാണ്. അപ്പോൾ അതൊരു തിരഞ്ഞെടുപ്പ് അജൻഡയായിരുന്നുയെന്നത്‌ വ്യക്തം എന്ന് ചിന്താ വാരിക വ്യക്തമാക്കുന്നു.

ALSO READ: രാജ്യം ഭരിക്കുന്നത് ഫാസിസ്റ്റ് മനോഭാവമുള്ളവരാണ്: മുഖ്യമന്ത്രി

തെരഞ്ഞെടുപ്പു ഫലം ബന്ധപ്പെട്ട കേന്ദ്രങ്ങളെ ഒട്ടൊന്നു നിരാശപ്പെടുത്തിയിരിക്കണം. 2021 മാർച്ചിൽ കൊടുത്ത സമൻസുകൾ സംബന്ധിച്ചു കിഫ്ബി നൽകിയ വിശദീകരണങ്ങൾക്കു മേൽ പിന്നീട് ഇ ഡി പ്രത്യക്ഷനടപടി എടുക്കുന്നത് ഡിസംബർ എട്ടിനാണെന്നും അന്ന് വീണ്ടും സമൻസ് അയച്ചുവെന്നും ലേഖനം ചൂണ്ടിക്കാട്ടുന്നു. 2022 ലും ഈ രീതി തുടർന്നു. ജൂലൈ മാസം ഏഴിനും ആഗസ്റ്റ് ഒന്നിനും വീണ്ടും വീണ്ടും സമൻസ് അയച്ചു. ആദ്യ സമൻസിൽ ആവശ്യപ്പെട്ട പതിനഞ്ചിനം രേഖകളും അന്നേ ഹാജരാക്കുകയും ചെയ്തു . ഓരോ തവണയും ചോദിച്ച കാര്യങ്ങൾ വ്യക്തമാക്കി . എന്നിട്ടും കിഫ്ബിയുടെ വനിതാ ഉദ്യോഗസ്ഥയെ അതിരുവിട്ടു ഹരാസ് ചെയ്യുന്ന നിലയോളം കാര്യങ്ങൾ എത്തിയെന്നും ഗോപകുമാർ മുകുന്ദൻ ലേഖനത്തിൽ പരാമർശിക്കുന്നു. തിരഞ്ഞെടുപ്പു സമയത്തെ 
സമൻസും അന്വേഷണ കോലാഹലത്തെക്കുറിച്ചും ഇടതുപക്ഷ രാഷ്ട്രീയ നേതൃത്വത്തിനെതിരെയും കിഫ്ബിക്കെതിരായ ആസൂത്രിത ആക്രമണത്തെകുറിച്ചുമെല്ലാം ഈ ലേഖനത്തിൽ പറയുന്നു.

ചിന്താ വാരികയിൽ ഗോപകുമാർ മുകുന്ദൻ എഴുതിയ ലേഖനത്തിന്റെ പൂർണ രൂപം,

ഇടതുപക്ഷ രാഷ്ട്രീയ നേതൃത്വത്തിനെതിരെ
എന്തെങ്കിലും കൂടുതൽ വ്യക്തമാകാനാണോ ED ഈ വിധം തുടരെ ഉദ്യോഗസ്ഥരെ വിളിപ്പിച്ചതും മോശമായി പെരുമാറിയതും?കേരളത്തിലെ രാഷ്ട്രീയ നേതൃത്വത്തെ പിടിക്കാൻ എന്തെങ്കിലും ഒരു കച്ചിത്തുരുമ്പ് ഇവരിൽ നിന്നും കിട്ടുമോ എന്നതായിരുന്നു ഈ കാടടച്ചുള്ള വെടിവെപ്പിന്റെ ഉന്നം. കിഫ്ബിയുടെ ചെയർമാൻ മുഖ്യമന്ത്രിയും വൈസ് ചെയർമാൻ ധന മന്ത്രിയുമാണ്. ഇവരിലേക്കെത്തുക എന്നതായിരുന്നു EDയ്ക്കു കിട്ടിയ നിർദ്ദേശം. ഒടുക്കം തുമ്പൊന്നും കിട്ടിയില്ല എങ്കിലും എന്തെങ്കിലും കാണിക്കണം എന്ന സമ്മർദ്ദമായിക്കാണണം. ED തോമസ് ഐസക്കിന് സമൻസ് അയക്കുന്നു. 2022 ജൂലൈ 12 ന് ഒപ്പിട്ട സമൻസ് സംബന്ധിച്ച വിവരം വാർത്താ ചാനലുകളും തുടർന്ന് പത്രങ്ങളും വലിയ തോതിൽ പ്രചരിപ്പിച്ചു. എന്നാൽ തോമസ് ഐസക്കിന് ഇ മെയിൽ വഴി തന്നെ സമൻസ് കിട്ടുന്നത് ജൂലൈ 18 നു ഉച്ചയ്ക്കു ശേഷം 12.18 നായിരുന്നു. അടുത്ത ദിവസം കൊച്ചിയിൽ ED ഓഫീസിൽ ഹാജരാകണം എന്നതായിരുന്നു ആവശ്യം. അതിനുള്ള അസൗകര്യം ഇ മെയിൽ വഴി ഐസക് ED യെ അന്നേ ദിവസം തന്നെ അറിയിച്ചു.ഇതിനെ തുടർന്ന് ആഗസ്റ്റ് ഒന്നിന് വീണ്ടും ഐസക്കിനു സമൻസ് അയച്ചു. ആഗസ്റ്റ് 11 നു ഹാജരാകണം എന്നായിരുന്നു ആവശ്യം.

അവസാനിക്കാത്ത ആവശ്യങ്ങൾ
ആദ്യ സമൻസിൽ ആധാർ കാർഡ്, പാൻ കാർഡ്, രണ്ടു പാസ്പോർട്ട് സെെസ് ഫോട്ടോ എന്നിവയാണ് ആവശ്യപ്പെട്ടത്. മസാലബോണ്ട് ഇറക്കുന്നതിൽ തോമസ് ഐസക്കിന് എന്താണ് റോൾ എന്നതു പറയുകയും വേണം. ഇതായിരുന്നു ആവശ്യം. എന്നാൽ രണ്ടാമത്തെ സമൻസായപ്പോൾ EDയുടെ ആവശ്യം പല മടങ്ങായി വർദ്ധിച്ചു. അദ്ദേഹത്തിന്റെയും കുടുംബാംഗങ്ങളുടെയും 10 കൊല്ലത്തെ ബാങ്ക് അക്കൗണ്ട് രേഖകൾ, അവരുടെയെല്ലാം എല്ലാ സ്വത്തുക്കളുടെയും കണക്കുകൾ, അദ്ദേഹം ഡയറക്ടറായ കമ്പനികളുടെ സ്ഥാവര–ജംഗമ സ്വത്തുക്കളുടെ വിവരങ്ങളും രേഖകളും, അവയുടെ റജിസ്ട്രേഷൻ രേഖകൾ, അവയുടെ ധനകാര്യ സ്റ്റേറ്റ്മെന്റുകൾ , അവയ്ക്കു പത്തു കൊല്ലത്തിനിടയിൽ കിട്ടിയ വിദേശ വരുമാനം, കുടുംബാംഗങ്ങൾ അടക്കം പത്തു കൊല്ലത്തിൽ വാങ്ങിയതും വിറ്റതുമായ സ്വത്തുക്കളുടെ വിവരങ്ങൾ, പത്തു കൊല്ലത്തെ ആദായ നികുതി കണക്കുകൾ , പത്തു കൊല്ലത്തെ വിദേശ യാത്രാ വിവരങ്ങൾ, എന്നിവയും ഹാജരാക്കണം എന്നതായി ആവശ്യം. എന്താണീ പത്തു കൊല്ലത്തിന്റെ യുക്തി? മസാല ബോണ്ട് ഇറക്കിയതിനെ കുറിച്ചാണ് അന്വേഷണം എന്നാണല്ലോ പറഞ്ഞത്? അത് 2019 ലായിരുന്നു. പിന്നെന്താണ് പത്തു കൊല്ലം? മന്ത്രി എന്ന നിലയിൽ ഔദ്യോഗികമായി പല കമ്പനികളുടെയും ഡയറക്റ്ററാകും. അവയുടെ രേഖകൾ ഏതെങ്കിലും സമൻസ് അയക്കുമ്പോൾ ഐസക്കിന്റെ കൈവശം ഉണ്ടാകുമോ? ഇല്ലല്ലോ. കമ്പനികളുടെ ചോദിച്ച ഏതു രേഖയാണ് പൊതു സഞ്ചയത്തിൽ ലഭ്യമല്ലാത്തത്? പത്തു കൊല്ലം കേരളത്തിന്റെ ധനമന്ത്രിയും ഇരുപതു കൊല്ലം MLA യുമായിരുന്ന, ഒരാളുടെ തിരിച്ചറിയൽ രേഖകളും ആദായ നികുതി കണക്കും നേരിട്ടു ഹാജരാക്കണം എന്നു പറയുന്നതിൽ എന്തെങ്കിലും അർത്ഥമുണ്ടോ? അവയെല്ലാം ആർക്കും ലഭ്യമാണല്ലോ ? പിന്നെ എന്തിനാണീ രീതി സ്വീകരിച്ചത്? ഇങ്ങനെ ഇട്ടു വലിപ്പിക്കുമ്പോൾ ഇഴയുന്ന രാഷ്ട്രീയ നേതൃത്വമാണ് രാജ്യത്തു പൊതുവിൽ അവരുടെ അനുഭവത്തിൽ. നിയമപരമായി ചോദ്യം ചെയ്യപ്പെടുന്നില്ല എങ്കിൽ ഒരിക്കലും തീരാത്ത ഒരു കേസായി നിർത്തുക എന്നതായിരുന്നിരിക്കണം ED യുടെ ലക്ഷ്യം. അതിനു വഴങ്ങുക എന്നതായിരുന്നില്ല ഐസക്കും കിഫ്ബിയും സ്വീകരിച്ച രീതി. അങ്ങനെയാണ് ഈ സമൻസുകൾ ഹൈക്കോടതിയിൽ ചോദ്യം ചെയ്യപ്പെടുന്നത്.

കിഫ്ബിക്കെതിരായ ആസൂത്രിത ആക്രമണം
കിഫ്ബിയെ തകർക്കുക എന്ന ലക്ഷ്യത്തോടെ എല്ലാ കേന്ദ്ര ഏജൻസികളെയും അഴിച്ചുവിട്ട നടപടികളുടെ ഭാഗമായിരുന്നു മസാലബോണ്ടിലെ എൻഫോഴ്സ്-മെന്റ് ഡയറക്റ്ററേറ്റ് അന്വേഷണവും . അസാധാരണമാം വിധം C&AGയെ ദുരുപയോഗപ്പെടുത്തിക്കൊണ്ടായിരുന്നു തുടക്കം. കിഫ്ബി ഭരണഘടനാ വിരുദ്ധമാണെന്നും അതു നടത്തുന്ന സംസ്ഥാനം ഭരണഘടനാ ലംഘനം നടത്തി എന്നുമുള്ള സ്തോഭജനകമായ റിപ്പോർട്ട് നിയമസഭയിൽ പൊടുന്നനെ എത്തിക്കാനുള്ള അതീവ ഗൂഢമായ പദ്ധതിയാണ് ആസൂത്രണം ചെയ്തത്. ജനങ്ങളോടും നാടിനോടും കാര്യങ്ങൾ തുറന്നു പറഞ്ഞായിരുന്നു ഇടതുപക്ഷം ഈ നീക്കത്തെ നേരിട്ടത്. കേന്ദ്ര ഭരണ കക്ഷി മാത്രമല്ല, കേരളത്തിലെ കോൺഗ്രസും ദുരൂഹമായ ഈ നീക്കത്തിനു കൂട്ടു നിന്നു. കിഫ്ബി സംബന്ധിച്ച C&AG റിപ്പോർട്ടിലെ ഈ ദുരൂഹ പരാമർശം കേരള നിയമ സഭ നിരാകരിച്ചു,തള്ളിക്കളഞ്ഞു. അസാധാരണവും ധീരവുമായ നീക്കമാണ് അന്നു കേരളം നടത്തിയത്. എന്തായിരുന്നു ഇതിനുള്ള പിൻബലം? നിയമം വിട്ട് ഒന്നും ചെയ്യുന്നില്ല എന്ന തികഞ്ഞ ബോധ്യം, കിഫ്ബി സമാഹരിക്കുന്ന പണം ഈ നാടിന്റെ നാളേക്ക് വേണ്ടിയുള്ള നിക്ഷേപമാണ് എന്ന ഉറച്ച ധാരണ,അതായിരുന്നു ഇടതുപക്ഷത്തിന്റെ പിൻബലം.

ഈ C&AG പരാമർശം ED അന്വേഷണത്തിനും ഒരു കാരണമായി അവർ കോടതിയിൽ ചൂണ്ടിക്കാട്ടി. റിപ്പോർട്ടിലെ നിയമസഭ നിരാകരിച്ച പരാമർശം വെച്ച് അന്വേഷിക്കുന്നതെങ്ങനെയാണ്? അതു നിയമസഭയുടെ അധികാരത്തിൻമേലുള്ള കടന്നുകയറ്റമാകും എന്നു സമൻസിലെ തുടർനടപടി തടഞ്ഞ താൽക്കാലിക വിധിയിൽ ജസ്റ്റിസ് വി. ജി. അരുൺ ചൂണ്ടിക്കാട്ടി.

ആദായ നികുതി മേധാവിയടക്കം കിഫ്ബിയിൽ എത്തി മാധ്യമങ്ങളെ കൂട്ടി നടത്തിയ റെയ്ഡ് നാടകമായിരുന്നു മറ്റൊരു എപ്പിസോഡ്.കിഫ്ബി പദ്ധതികളുടെ പ്രവൃത്തികൾ കരാർ കൊടുക്കുന്നത് ബന്ധപ്പെട്ട സ്പെഷ്യൽ പർപ്പസ് സ്ഥാപനങ്ങളാണ്. അവരാണ് നിയമപ്രകാരമുള്ള ആദായ നികുതി ബില്ലിൽ നിന്നും പിടിക്കേണ്ടത് . അവർ തുക യഥാസമയം ഒടുക്കുകയും ചെയ്തു. എന്നാൽ ആദായ നികുതി വകുപ്പിനു കേന്ദ്ര രാഷ്ട്രീയ നേതൃത്വം കൊടുത്ത നിർദ്ദേശം കിഫ്ബിയെ എങ്ങനെയും കൈകാര്യം ചെയ്യണം എന്നതായിരുന്നു. ഐസക്കിന്റെയും കിഫ്ബിയുടെയും ആത്മവിശ്വാസം, ഉറച്ച നിയമ ബോധ്യം എന്നിവയുടെ മുന്നിൽ ആദായ നികുതി വകുപ്പിന്റെ ശ്രമവും വൃഥാവിലായില്ലേ?

ഈ പരമ്പരയിലെ ഒന്നായിട്ടാണ് കിഫ്ബിയിൽ ED വരുന്നത്. മസാലബോണ്ട് വഴിയുള്ള ധനസമാഹരണം വിദേശ നാണയ നിയന്ത്രണ നിയമം ലംഘിക്കുന്നു എന്ന പ്രചരണമാണ് അവർ നടത്തിയത്. നിയമസഭ നിരാകരിച്ച വാദങ്ങൾ എടുത്തുപയോഗിക്കാനാണ് ED ശ്രമിച്ചത്.കിഫ്ബിയുടെ CEO അടക്കം ഉദ്യോഗസ്ഥരെ ആവർത്തിച്ചു വിളിപ്പിച്ചു. ചോദിച്ച എല്ലാ രേഖകളും കൊടുത്തു. ഒരു കേസും സ്ഥാപിക്കാൻ അവർക്കു കഴിഞ്ഞില്ല. എന്നാൽ കിഫ്ബിയുടെ മേൽ കരിനിഴൽ നിർത്തുക എന്ന ലക്ഷ്യം മുന്നിൽ വെച്ച് ED രാഷ്ട്രീയ നാടകം തുടർന്നു. ഇതിന്റെ ഭാഗമായിട്ടാണ് തോമസ് ഐസക്കിന് അവർ സമൻസ് അയക്കുന്നത്. കേട്ടുകേൾവിയില്ലാത്ത വിവരങ്ങൾ ആവശ്യപ്പെട്ടുകൊണ്ടും എന്താണ് കുറ്റം എന്നു പറയാതെയും രാഷ്ട്രീയ ഉന്നം മാത്രം വെച്ചുകൊണ്ടുള്ള സമൻസുകളായിരുന്നു ED അയച്ചത്. കിഫ്ബിയിൽ നിന്നും എല്ലാ രേഖകളും ലഭിച്ചിട്ടും ഒന്നും കണ്ടെത്താൻ കഴിയാത്ത ED ഈ വിധം അദ്ദേഹത്തെ സമൺ ചെയ്യുന്നതിനു നിക്ഷിപ്തമായ രാഷ്ട്രീയ ലക്ഷ്യങ്ങൾ മാത്രമാണുണ്ടായിരുന്നത്. ഈ പശ്ചാത്തലത്തിലാണ് കോടതിയെ സമീപിക്കാൻ ഐസക് തീരുമാനിച്ചത്. കിഫ്ബിയെ സംശയനിഴലിലാക്കുന്ന നടപടി കിഫ്ബിയെ ബാധിക്കും എന്നു വന്നതോടെ കിഫ്ബിയും കോടതിയെ സമീപിക്കുകയായിരുന്നു.

നിർമ്മല സീതാരാമന്റെ തിരഞ്ഞെടുപ്പു പ്രസംഗം
സംസ്ഥാന നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പ് പ്രചാരണത്തിന് കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ കൊച്ചിയിൽ വന്നിരുന്നു. ഐസക്കിനു ED സമൻസ് അയച്ച പശ്ചാത്തലത്തിൽ അന്നവർ നടത്തിയ പ്രസംഗം ഇംഗ്ലീഷ് ഓൺ ലൈൻ മനോരമ വാർത്തയായി കൊടുത്തിരുന്നു. ED അന്വേഷണത്തിലും പിന്നീടു കോടതിയിലും ഉന്നയിച്ച വാദങ്ങൾ കേന്ദ്ര ധന മന്ത്രി തിരഞ്ഞെടുപ്പു റാലിയിൽ പറഞ്ഞവ തന്നെയാണ്. സി& എജി കിഫ്ബി നിയമം ലംഘിച്ചു എന്നു കണ്ടെത്തിയിട്ടുണ്ട്. ഈ പണമൊക്കെ എന്തിനാണ് ഉപയോഗിക്കുന്നത്? എന്താണീ കിഫ്ബി? എന്തിനാണ് സംസ്ഥാന ഖജനാവിൽ നിന്നും അവർക്ക് പണം കൊടുക്കുന്നത്? ഈ രീതിയിൽ കിഫ്ബി ക്കെതിരായി ആഞ്ഞടിച്ച കേന്ദ്ര ധന മന്ത്രി നമുക്കു കാണാം എന്നു പറഞ്ഞാണത്രെ നിർത്തിയത് . ED അന്വേഷണം വരുന്ന വഴി ഇതിൽ നിന്നു വ്യക്തമാണല്ലോ?

കോടതിയിലേക്ക്
എന്തെങ്കിലും കുറ്റം കണ്ടെത്തിയിട്ടോ, ന്യായമായി സംശയിക്കാവുന്ന അവസ്ഥ ഉണ്ടായിട്ടോ ഉള്ള അന്വേഷണമല്ല ED നടത്തുന്നത്. മറിച്ച് എങ്ങനെയെങ്കിലും എന്തെങ്കിലുംകുറ്റം കണ്ടെത്താനാകുമോ എന്ന അന്വേഷണ രീതിയാണ് അവരുടേത്. ഇതിനു ഫിഷിങ് ആൻഡ് റോവിങ് എൻക്വയറി എന്നാണ് പറയുന്നത്. അതു നിയമപരമല്ല എന്നു സുപ്രീം കോടതി ആവർത്തിച്ചു വ്യക്തമാക്കിയിട്ടുണ്ട്. ഇതായിരുന്നു ഐസക്കിന്റെ പ്രധാന വാദം. മസാല ബോണ്ട് റിസർവ് ബാങ്ക് അനുവദിച്ച വായ്പയാണ്. കിഫ്ബി മാത്രമല്ല, കേന്ദ്രസർക്കാർ സ്ഥാപനങ്ങൾ അടക്കം മറ്റു പലരും മസാല ബോണ്ട് വഴി പണം സമാഹരിച്ചിട്ടുണ്ട്. അവർക്കാർക്കും ഇല്ലാത്ത നിയമലംഘന ആരോപണം കിഫ്ബിക്കുണ്ടാകുന്നതെങ്ങനെയാണ്? ഈ വാദങ്ങൾ പ്രസക്തമാണ് എന്നതു കൊണ്ടാണ് കോടതി തുടർ നടപടികൾ സ്റ്റേ ചെയ്തത്. സമൻസിൻമേലുള്ള തുടർനടപടിക്ക് മാത്രമായിരുന്നു സ്റ്റേ. അന്വേഷണത്തിന് ഒരു തടസവും ഉണ്ടായിരുന്നില്ല.

വിദേശ നാണയ നിയമലംഘനമാണ് ED പ്രകടിപ്പിച്ച സംശയം. പ്രാഥമികമായി ഇതു ചോദിക്കേണ്ടത് റിസർവ് ബാങ്കിനോടാണ് . കാരണം മസാല ബോണ്ട് ഒരു വിദേശ വാണിജ്യവായ്പയാണ്. ഇത്തരം വിദേശ വാണിജ്യ വായ്പകളെ നിയന്ത്രിക്കുന്നതു റിസർവ് ബാങ്കാണ്. വിദേശ നാണയ നിയന്ത്രണ നിയമം (FEMA-–Foreign Exchange Management Act) എന്ന കേന്ദ്രനിയമം വഴിയാണ് റിസർവ് ബാങ്കിന് ഇതിനുള്ള അധികാരം ലഭിക്കുന്നത്. അതിലെ വ്യവസ്ഥ അനുസരിച്ച് വിദേശ വാണിജ്യവായ്പ നിയന്ത്രിക്കുന്നതിനുള്ള അധികാരം റിസർവ് ബാങ്കിൽ നിക്ഷിപ്തമാണ്. അവർ ഈ നിയമം നൽകിയ അധികാരം ഉപയോഗിച്ച് വിദേശ വായ്പയുമായി ബന്ധപ്പെട്ട നിയന്ത്രണച്ചട്ടങ്ങൾ ഇറക്കി. അതുപ്രകാരം അനുമതി കൊടുത്തതും പണം സമാഹരിക്കാനുള്ള ലോൺ അക്കൗണ്ട് അനുവദിച്ചതും എല്ലാം റിസർവ് ബാങ്കാണ്. ഇങ്ങനെ സമാഹരിച്ച പണം എന്തിനു ചെലവഴിക്കുന്നു എന്ന കണക്കുകൾ പ്രതിമാസം റിസർവ് ബാങ്കിനു കൊടുക്കുന്നുമുണ്ട്. അവർ ഒരിക്കൽ പോലും ഒരു തരം ആക്ഷേപവും പറഞ്ഞിട്ടില്ല. എന്തെങ്കിലും നിയമലംഘനം ED യുടെ ശ്രദ്ധയിൽ വന്നു എന്നിരിക്കട്ടെ. അവർ ആദ്യം നിയന്ത്രണ അധികാരമുള്ള RBI വഴി വെരിഫൈ ചെയ്യേണ്ടെ? എന്തെങ്കിലും നിയമ ലംഘനം കണ്ടിട്ടല്ലല്ലോ EDഅന്വേഷണത്തിന് ഇറങ്ങുന്നത്. അതു നിക്ഷിപ്ത രാഷ്ട്രീയ ഉന്നം വെച്ചിട്ടാണ്. അപ്പോൾ പിന്നെ നിയമവും യുക്തിയും ഒന്നും ഉണ്ടാവില്ലല്ലോ.

ഈ നിക്ഷിപ്ത നീക്കങ്ങൾക്ക് നിന്നു കൊടുക്കില്ല എന്നു തീരുമാനിച്ചതോടെയാണ് കിഫ്ബിയിൽ EDയ്ക്കു നില തെറ്റുന്നത്. ED സമൻസിലെ നിയമ വിരുദ്ധത കേരള ഹൈക്കോടതിയിൽ ചോദ്യം ചെയ്യുന്നത് ഈ അടിസ്ഥാനത്തിലാണ്. 2022 ആഗസ്റ്റ് 14 നാണ് ഹർജി ഫയൽ ചെയ്യുന്നത്. കിഫ്ബി CEOയ്ക്ക് ആദ്യ സമൻസ് കൊടുത്തിട്ടു ഒന്നര വർഷത്തിന് ശേഷമാണ് ഈ ഹർജി സമർപ്പിക്കപ്പെട്ടത്. ഒരു ഘട്ടത്തിലും അന്വേഷണത്തിന് ഒരു തടസവും ഉണ്ടായിട്ടില്ല. ഒരു രേഖയും കൊടുക്കാതിരുന്നില്ല. അങ്ങനെ ഒരാക്ഷേപം ഒരിക്കലും ED തന്നെ ഉന്നയിച്ചിട്ടുമില്ല. എന്നിട്ട് അവർ എന്തെങ്കിലും കണ്ടെത്തിയോ? എന്തെങ്കിലും ഒരു കുറ്റം പറഞ്ഞിട്ടാണോ തോമസ് ഐസക്കിനെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചത്? അല്ല. എന്തെങ്കിലും കണ്ടെത്താനാകുമോ എന്ന കാടും പടപ്പും തല്ലിയുള്ള അന്വേഷണമാണ് അവർ ഉന്നമിട്ടത്.

ജസ്റ്റിസ് വി ജി അരുണിന്റെ ഇടക്കാല വിധി
ഹൈക്കോടതിയിൽ നൽകിയ ഹർജ്ജിയിൽ സമൻസ് സ്റ്റേ ചെയ്യണം എന്ന ഇടക്കാല ആവശ്യം ഉന്നയിച്ചിരുന്നു. ഈ ആവശ്യം പരിഗണിച്ചത് അന്നു കേസ് കേട്ട ജസ്റ്റിസ് വി.ജി.അരുണായിരുന്നു. അദ്ദേഹം പ്രധാനമായും പരിഗണിച്ച പ്രശ്നങ്ങൾ ഇവയായിരുന്നു: എന്താണ് കുറ്റം എന്നു പറയുന്നില്ല. FEMA നിയമം EDയ്ക്കു നൽകുന്ന അന്വേഷണ അധികാരം നിയമ ലംഘനം ഉണ്ടാകുമ്പോഴാണ്. അപ്പോൾ എന്താണ് ആ നിയമ ലംഘനം? അപ്പോഴാണ് ED പറഞ്ഞത് C& AG റിപ്പോർട്ടിൽ മസാല ബോണ്ടിനെതിരായ പരാമർശമുണ്ട്. ED പറയും പോലെ C& AG യുടെ കിഫ്ബി സംബന്ധിച്ച പരാമർശങ്ങൾ അടിസ്ഥാനമാക്കി അന്വേഷണം നടത്താനാകുമോ? നിയമസഭ നിരാകരിച്ച പരാമർശം അന്വേഷണത്തിന് ആധാരമാക്കുന്നത് നിയമസഭയുടെ അവകാശത്തിനു മേലുള്ള കടന്നു കയറ്റമാകും, അതിനാൽ ഈ കാരണം നിലനിൽക്കുമോ എന്നതു സംശയമാണ് എന്നായിരുന്നു ഇടക്കാല വിധിയിൽ കോടതി അന്നു പറഞ്ഞത്. രണ്ടാമതായി ED പറഞ്ഞ വാദം നിയമ ലംഘനം സംബന്ധിച്ച ചില പരാതികൾ കിട്ടിയിട്ടുണ്ട്, അതു പണത്തിന്റെ വിനിയോഗം സംബന്ധിച്ചാണ്. അതാണ് അന്വേഷണത്തിന് അടിസ്ഥാനമെന്നതായിരുന്നു. എല്ലാ മാസവും ഇതു സംബന്ധിച്ച കണക്കും വിവരങ്ങളും കൊടുക്കുന്നുണ്ട് എന്നു ഹർജ്ജിക്കാർ അറിയിച്ചു. ഇതോടെയാണ് കോടതിയുടെ നിർണ്ണായകമായ ഇടപെടലുണ്ടാകുന്നത്. ഇതു റിസർവ് ബാങ്കിനോടു ചോദിക്കുകയാണല്ലോ വേണ്ടത് എന്നു കണ്ടു കോടതി റിസർവ് ബാങ്കിനെ സ്വമേധയാ കക്ഷിചേർത്തു. മസാല ബോണ്ട് റിസർവ് ബാങ്ക് അനുമതിയോടെയാണ് ഇറക്കിയത് എന്ന കാര്യത്തിൽ അവർ കോടതിയിൽ സത്യവാങ്മൂലം സമർപ്പിക്കേണ്ട സ്ഥിതി വരുന്നതിങ്ങനെയാണ്.

2022 ആഗസ്റ്റ് 14 നാണ് ഹർജ്ജി ഫയൽ ചെയ്തത് എന്നു പറഞ്ഞല്ലോ? സെപ്തംബർ 23 നാണ് ED എതിർ സത്യവാങ്മൂലം സമർപ്പിക്കുന്നത്. ഇതിനിടയിൽ സെപ്തംബർ രണ്ടിനു കോടതി ED യ്ക്കു ഒരു നിർദ്ദേശം നൽകിയിരുന്നു. ദേശീയ പാതാ അതോറിറ്റി, നാഷണൽ തെർമൽ പവർ കോർപ്പറേഷൻ, ഇന്ത്യൻ റിന്യൂവബിൾ എനർജി ഡെവലപ്മെൻറ് ഏജൻസി തുടങ്ങിയ കേന്ദ്ര സർക്കാർ സ്ഥാപനങ്ങളും മസാല ബോണ്ട് ഇറക്കിയിട്ടുണ്ട് എന്നും അവരുടെ മേൽ ഒരു തരത്തിലുള്ള അന്വേഷണവും ED നടത്തുന്നില്ല എന്നും ഹർജ്ജിക്കാർ കോടതിയിൽ ചൂണ്ടിക്കാട്ടിയിരുന്നു.ഇതിലായിരുന്നു കോടതി നിർദ്ദേശം. മസാല ബോണ്ട് ഇറക്കിയ മറ്റു സ്ഥാപനങ്ങൾക്കെതിരെ എന്തെങ്കിലും തരത്തിലുള്ള അന്വേഷണം നത്തുന്നുണ്ടോ എന്നറിയിക്കാൻ കോടതി നിർദ്ദേശിച്ചു. സെപ്തംബർ 23 നു സമർപ്പിച്ച എതിർ സത്യവാങ്മൂലത്തിലും ED ഇതിനെകുറിച്ച് മൗനം പാലിച്ചു . കോടതി നിർദ്ദേശം പാലിക്കാത്ത ED യുടെ രീതിയെ കടുത്ത ഭാഷയിൽ വിമർശിച്ചു. കേസ് തീർപ്പാക്കുന്ന ഘട്ടം വരെ ഈ വിവരം ED വ്യക്തമാക്കിയില്ല എന്നതു മറ്റൊരു കാര്യം. എന്തായായാലും ജസ്റ്റിസ് വി.ജി.അരുൺ 2022 ഒക്ടോബർ 10 നു സമൻസ് തുടർ നടപടികളും പുതിയ സമൻസുകളും സ്റ്റേ ചെയ്തു. അന്വേഷണം തുടരാം എന്നും പറഞ്ഞു. ഈ ഇടക്കാല വിധി ഈ കേസിലെ ഏറ്റവും സുപ്രധാന സംഭവ വികാസമായിരുന്നു.

റിസർവ് ബാങ്ക് സത്യവാങ്മൂലം 
സമർപ്പിക്കുന്നു
കോടതി നിർദ്ദേശ പ്രകാരം റിസർവ് ബാങ്ക് സത്യവാങ്മൂലം സമർപ്പിച്ചത് 2023 ജനുവരി 31 നായിരുന്നു . ഈ സത്യവാങ്മൂലം രണ്ടു പ്രധാന കാര്യങ്ങളിൽ തീർപ്പുണ്ടാക്കി. മസാല ബോണ്ട് ഇറക്കാൻ റിസർവ് ബാങ്ക് കിഫ്ബിക്ക് നിരാക്ഷേപ പത്രം കൊടുത്തിരുന്നു. വിദേശ വാണിജ്യ വായ്പ വാങ്ങുന്നതിന് അന്നു നിലനിന്നിരുന്ന മാർഗ്ഗ നിർദ്ദേശം അനുസരിച്ച് കിഫ്ബി അനുമതി വാങ്ങി ബോണ്ട് ഇറക്കുകയായിരുന്നു. സി&എ ജി ഓഡിറ്റ് റിപ്പോർട്ട് മുതൽ കെട്ടി ഉയർത്തിയ അനുവാദമില്ലാതെ വിദേശ വായ്പ എന്ന ആഖ്യാനം അതോടെ തകർന്നു. ഈ വായ്പാ പണം സമാഹരിക്കാൻ റിസർവ് ബാങ്ക് ലോൺ അക്കൗണ്ട് അനുവദിച്ചു എന്നും സത്യവാങ്മൂലത്തിൽ വ്യക്തമാക്കി. ഇതോടെ ഏതെങ്കിലും അവിഹിത വഴിയിൽ പണം മാറ്റി എന്ന ആഖ്യാനവും പൊളിയുകയാണ് ചെയ്തത്. മസാല ബോണ്ട് വ്യവസ്ഥകളിൽ വായ്പാ പണം ഉപയോഗിച്ചു കൂടാത്ത ചില മേഖലകൾ ഉണ്ട്. അവിടെ കിഫ്ബി പണം മുടക്കിയോ എന്ന ഒരു സംശയ നിഴൽ പരത്താൻ ED ഒളിഞ്ഞും തെളിഞ്ഞും ശ്രമിച്ചിരുന്നു. കിഫ്ബി കോടതിയിൽ വ്യക്തമാക്കിയതു പോലെ എല്ലാ മാസവും ഈ പണത്തിന്റെ വിനിയോഗം സംബന്ധിച്ച രേഖ കൊടുക്കുന്നുണ്ട് എന്ന് റിസർവ് ബാങ്ക് കോടതിയിൽ പറഞ്ഞു. ഇതോടെ വാസ്തവത്തിൽ ED യുടെ കേസ് അവസാനിച്ചതാണ്. എന്നിട്ടും തങ്ങളുടെ കയ്യിൽ എന്തോ ഉണ്ട് എന്ന പുകമറ പരത്തി കേസ് അനന്തമായി നീട്ടിക്കൊണ്ടു പോകുക എന്ന രീതിയാണ് ED സ്വീകരിച്ചത്. ഇതിന്റെ ഉന്നം വ്യക്തമാണ്. സംശയ നിഴൽ നിലനിർത്തുക, കിഫ്ബിയുടെ വിശ്വാസ്യത ഇല്ലാതെയാക്കുക. ഇതു തുടരാൻ അനുവദിക്കരുത് എന്ന് ഹർജ്ജിക്കാർ കോടതിയോട് ആവശ്യപ്പെട്ടത്തോടെ കേസ് അതിന്റെ അന്തിമ ഘട്ടത്തിലേക്ക് നീങ്ങി.

ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ 
ഇടക്കാല ഉത്തരവ്
കേസ് അവസാന വാദങ്ങൾക്കായി ബഞ്ചിൽ വരുന്നു. അപ്പോഴേക്കും കേസ് കേൾക്കുന്ന ബഞ്ച് ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റേതായി. EDയ്ക്കു വേണ്ടി ഹാജരായ അഡീഷണൽ സോളിസിറ്റർ ജനറൽ കോടതിയിൽ ഒരു വാദം ഉന്നയിച്ചു: തോമസ് ഐസക്കിനു കൊടുത്ത സമൻസ് നിയമ പ്രകാരമല്ല എന്നല്ലേ വാദം. അതിൽ അനാവശ്യവും അപ്രായോഗികവുമായ കാര്യങ്ങളും വ്യക്തിപരമായ സ്വകാര്യതയിലേക്ക് കടന്നു കയറുന്ന വിവരങ്ങളും ചോദിക്കുന്നു എന്നതല്ലേ ആക്ഷേപം? തങ്ങൾ അത് പിൻ വലിക്കാം. പുതിയ സമൻസ് അയക്കാൻ അനുവദിക്കണം. ഈ ഘട്ടത്തിലാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പുതിയ സമൻസ് അയക്കാൻ E Dയ്ക്കു അനുമതി നൽകി ഇടക്കാല ഉത്തരവു പുറപ്പെടുവിച്ചത്. 2023 നവംബർ 24 നായിരുന്നു ഈ വിധി. ED തോമസ് ഐസക്കിനും കിഫ്ബിക്കും നൽകിയ സമൻസ് നിയമപരമായി നിലനിൽക്കുമോ എന്നതാണ് ഹർജിയിൽ ഉന്നയിച്ച പ്രശ്നം. അതിൽ 2022 ഒക്ടോബർ 10 ന് ഒരു ഇടക്കാല വിധി കോടതി പുറപ്പെടുവിച്ചിട്ടുണ്ട്. അതിൽ സമൻസിന്റെ സാധുത സംബന്ധിച്ച സംശയങ്ങൾ ഉന്നയിച്ചുകൊണ്ട് വിശദമായ വിധിയാണ് അന്നു കോടതി പറഞ്ഞത് . അതിനു ശേഷം റിസർവ് ബാങ്ക് സത്യവാങ്മൂലം സമർപ്പിക്കുകയും ചെയ്തു . ഈ ഹർജ്ജിയിൽ തീർപ്പാക്കാതെ പുതിയ സമൻസ് അയക്കാൻ അനുവദിച്ചാൽ ഒറിജിനൽ ഹർജ്ജി തന്നെ അസാധുവാകുന്ന നില വരും എന്ന ഗൗരവമുള്ള പ്രശ്നം ചൂണ്ടിക്കാട്ടി ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ ഇടക്കാല വിധിക്കെതിരെ തോമസ് ഐസക്കും കിഫ്ബിയും ഡിവിഷൻ ബഞ്ചിൽ അപ്പീൽ നല്കി. അപ്പീൽ അനുവദിച്ചു കോടതി ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ ഇടക്കാല വിധി റദ്ദാക്കി. 2023 ഡിസംബർ ഏഴാം തീയതിയായിരുന്നു ഈ ഉത്തരവ് വരുന്നത്.

ഇ ഡി സമൻസുകൾ റദ്ദാക്കുന്നു – 
വിജയിക്കുന്നത് രാഷ്ട്രീയ പോരാട്ടം
ഒടുവിൽ, ബഹുമാനപ്പെട്ട കോടതി ഒറിജിനൽ സമൻസ് റദ്ദാക്കും എന്നു ഉറപ്പായ ഘട്ടത്തിൽ അവ പിൻവലിക്കാൻ ED സന്നദ്ധത അറിയിച്ചു. കോടതി അതു രേഖപ്പെടുത്തി റിട്ട് പെറ്റീഷൻ അനുവദിച്ചു. സമൻസുകൾ റദ്ദായി. അത് 2023 ഡിസംബർ 14ന്.
കേസിന്റെ തുടക്കകാലത്ത് ജസ്റ്റിസ് വി. ജി. അരുൺ ED യോടു ചോദിച്ച ഒരു ചോദ്യം ഇപ്പോഴും അവിടെ കിടപ്പുണ്ട്. മസാല ബോണ്ട് എടുത്ത മറ്റേതെങ്കിലും ഏജൻസിയെക്കുറിച്ച് നിങ്ങൾ അന്വേഷിക്കുന്നുണ്ടോ എന്ന ചോദ്യമാണ് അത്. അന്വേഷണം എങ്ങനെ വേണം എന്നു കോടതി പറഞ്ഞിട്ടുണ്ട്.എന്താണോ ഹർജ്ജിയിൽ ആവശ്യപ്പെട്ടത്,അത് അംഗീകരിക്കപ്പെട്ടിരിക്കുന്നു. കുറ്റം കണ്ടുപിടിക്കാൻ കാടും പടപ്പും തല്ലി അന്വേഷണം എന്ന പേരിൽ EDയ്ക്ക് എന്തും ചെയ്യാനാവില്ല. Enforcement Directorate എന്ന അന്വേഷണ ഏജൻസിയെ ഗൂഢമായ രാഷ്ട്രീയ താൽപ്പര്യത്തോടെ ഉപയോഗപ്പെടുത്തുന്നതിന് എതിരായ രാഷ്ട്രീയ പോരാട്ടത്തിനു കരുതലോടെ , സൂക്ഷ്മതയോടെ നിയമ വഴികൾ ഉപയോഗിക്കുന്നതിന്റെ കഥയാണിത്. ED എന്ന അന്വേഷണ ഏജൻസി നടത്തുന്ന രാഷ്ട്രീയ പ്രേരിതമായ ഇടപെടലുകളുടെ ചരിത്രത്തിൽ ഈ കേസ് ഒരു സുപ്രധാന ഏടാണ്. ♦

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News