പഞ്ചായത്ത് മെമ്പറായി തുടങ്ങി പാര്‍ലമെന്റ് വരെ, വക്കം പുരുഷോത്തമന്റെ രാഷ്ട്രീയ ജീവിതം

പഞ്ചായത്തംഗത്തില്‍ തുടങ്ങി പാര്‍ലമെന്റ് അംഗം വരെ നീണ്ട പാര്‍ലമെന്ററി ജീവിതം. നിയമസഭാ സ്പീക്കറായും ഗവര്‍ണറായും എം എല്‍ എ ആയും എം പിയായും പ്രവര്‍ത്തിച്ച വക്കം പുരുഷോത്തമന്റെ രാഷ്ട്രീയ ജീവിതം സംഭവബഹുലമായിരുന്നു. 1928 ഏപ്രീല്‍ 12 ന് വക്കം കടവിളാകത്തു വീട്ടില്‍ കെ. ഭാനുപ്പണിക്കരുടെയും ഭവാനിയുടെയും മകനായി ജനനം. 1946 ല്‍ വിദ്യാര്‍ത്ഥി കോണ്‍ഗ്രസിലൂടെ പൊതുപ്രവര്‍ത്തന രംഗത്തേക്ക്..1953 ല്‍ ആദ്യ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ആര്‍എസ്പി സ്ഥാനാര്‍ഥിയായി മത്സരിച്ച് വക്കം പഞ്ചായത്ത് അംഗമായി.

തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജില്‍നിന്നു ബിരുദവും അലിഗഡ് സര്‍വകലാശാലയില്‍നിന്ന് എംഎയും എല്‍എല്‍ബിയും പാസായശേഷം തിരുവനന്തപുരത്ത് അഭിഭാഷകനായി ജോലി ചെയ്യുന്നതിനിടെ ആര്‍.ശങ്കറിന്റെ നിര്‍ബന്ധം കാരണമാണ് വീണ്ടും സജീവ രാഷ്ട്രീയത്തിലേക്ക് എത്തുന്നത്.1967 ലും 1969 ലും നിയമസഭയിലേക്കു മത്സരിച്ച വക്കം പരാജയപ്പെട്ടു.1970 ല്‍ ആറ്റിങ്ങലില്‍ നിന്ന് നിയമസഭയിലേക്കുള്ള ആദ്യ വിജയം .1971 മുതല്‍ 1977 വരെ അച്യുതമേനോന്‍ മന്ത്രിസഭയില്‍ കൃഷി, തൊഴില്‍ വകുപ്പുകളുടെ മന്ത്രിയായി.1977,1980,1982 നിയമസഭാ തിരഞ്ഞെടുപ്പുകളിലും ആറ്റിങ്ങലില്‍നിന്നു വിജയിച്ചു. 1980 ല്‍ ഇ.കെ.നായനാര്‍ മന്ത്രസഭയില്‍ ആരോഗ്യം, ടൂറിസം വകുപ്പുകളുടെ മന്ത്രിയായി.2001ല്‍ വീണ്ടും നിയമസഭയിലെത്തി.

2004 ലെ ആദ്യ ഉമ്മന്‍ചാണ്ടി മന്ത്രിസഭയില്‍ ധന, എക്‌സൈസ്, ലോട്ടറി വകുപ്പുകളുടെ ചുമതല വഹിച്ചു. 1982-84, 2001-2004 കാലത്ത് നിയമസഭാ സ്പീക്കറായി.1984 ല്‍ സ്പീക്കര്‍ സ്ഥാനം രാജിവച്ച് മത്സരിച്ച ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ആലപ്പുഴയില്‍ നിന്ന് കന്നി വിജയം നേടി. 1989 ലും ലോക്‌സഭാംഗമായി. ലോക്‌സഭാംഗമായിരുന്ന കാലം മുഴുവന്‍ സഭയുടെ പാനല്‍ ഓഫ് ചെയര്‍മാനില്‍ അംഗമായിരുന്നു. 1993 ല്‍ ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപിന്റെ ലഫ്റ്റനന്റ് ഗവര്‍ണറായി ചുമതലയേറ്റു. 2011 മുതല്‍ 2014 വരെ മിസോറം ഗവര്‍ണറായിരുന്നു.2014 ല്‍ ത്രിപുര ഗവര്‍ണറുടെ ചുമതലയും വഹിച്ചിരുന്നു. തിരുവനന്തപുരം ഡിസിസി പ്രസിഡന്റ്, കെപിസിസി അംഗം, എഐസിസി അംഗം, കേരളാ യൂണിവേഴ്‌സിറ്റി സെനറ്റ് അംഗം, സിന്‍ഡിക്കേറ്റംഗം എന്നീ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News