പുരോഗമനനിലപാടുകള്‍ ഉയര്‍ത്തിപ്പിടിച്ച വ്യക്തിത്വമായിരുന്നു ഇന്നസെൻ്റെന്ന് മന്ത്രി സജി ചെറിയാൻ; ആദരാഞ്ജലികൾ അർപ്പിച്ച് രാഷ്ട്രീയ രംഗത്തെ പ്രമുഖർ

ജീവിതത്തിൽ ഇടതുപക്ഷ പുരോഗമനനിലപാടുകള്‍ ഉയര്‍ത്തിപ്പിടിച്ച വ്യക്തിത്വമായിരുന്നു ഇന്നസെൻ്റെന്ന് സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ. എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി ലോക്സഭയിലേക്ക് മത്സരിക്കുകയും ചാലക്കുടി ജനത അദ്ദേഹത്തെ ഏല്‍പ്പിച്ച എം.പി എന്ന ചുമതല ഭംഗിയായി നിര്‍വഹിക്കുകയും ചെയ്തതായി അദ്ദേഹം അനുശോചനക്കുറിപ്പിൽ പറഞ്ഞു. മലയാളികളെ ചിരിപ്പിക്കാന്‍ ഇന്നസെന്റിന് സംഭാഷണങ്ങള്‍ പോലും ആവശ്യമില്ലായിരുന്നു. അഭിനേതാവ് എന്ന നിലയില്‍ മാത്രമല്ല സംഘടനാഭാരവാഹി എന്ന നിലയിലും സംഘാടകന്‍ എന്ന നിലയിലും ഇന്നസെന്റ് മലയാളസിനിമയുടെ വളര്‍ച്ചയ്ക്കായി പ്രയത്നിച്ചു എന്നും സജി ചെറിയാൻ അനുസ്മരിച്ചു.

പതിറ്റാണ്ടുകൾ നീണ്ടുനിന്ന അഭിനയ കാലഘട്ടത്തിലൂടെ മലയാള സിനിമമേഖലയിലും കേരളത്തിന്റെ രാഷ്ട്രീയ സാമൂഹിക മേഖലകളിലും നിറസാന്നിധ്യമായി മാറിയ ഇന്നസെന്റിന്റെ വിയോഗത്തിൽ കുടുംബത്തിന്റേയും സഹപ്രവർത്തകരുടേയും ദു:ഖത്തിൽ പങ്കുചേരുന്നുവെന്ന് സ്പീക്കർ എ.എൻ ഷംസീർ അനുശോചനക്കുറിപ്പിൽ പറഞ്ഞു.

അഭിനയത്തിലും എഴുത്തിലും അത്രമേൽ ആത്മാർഥത കാട്ടിയ ഒരാൾ വേദനിപ്പിക്കുന്ന ഓർമ്മയായിരിക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ഇന്നസെൻ്റിൻ്റെ നിര്യാണത്തിൽ അനുശോചിച്ചു.നിഷ്ക്കളങ്കമായ ഒരു ചിരി കൊണ്ട് സ്വന്തം പേരിനെ അന്വർഥമാക്കിയ ഒരാൾ. അതിലേറെ ശരീരത്തെ കാർന്നു കൊണ്ടിരിക്കുന്ന രോഗത്തെ ധീരതയോടെ നേരിടുകയും സമൂഹത്തിന് ഒന്നാകെ ധൈര്യം പകർന്ന് നൽകുകയും ചെയ്തൊരാൾ. ഇന്നസെൻ്റിന് പകരം വയ്ക്കാൻ മറ്റൊരാളില്ല എന്നും പ്രതിപക്ഷ നേതാവ് അനുസ്മരണക്കുറിപ്പിൽ പറഞ്ഞു.

ഇന്നസെൻ്റിൻ്റെ വിയോഗം മലയാള സിനിമയ്ക്ക് തീരാനഷ്ടമാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ അനുശോചിച്ചു. അച്ഛനായും ജ്യേഷ്ഠനായും സുഹൃത്തായും മലയാളിയുടെ വീട്ടിലെ ഒരു അംഗമായി മാറിയ നടനായിരുന്നു ഇന്നസെൻ്റ് എന്നും സുരേന്ദ്രൻ അനുശോചന കുറിപ്പിൽ പറഞ്ഞു.

പ്രിയപ്പെട്ട ഇന്നസെൻ്റിൻ്റെ വിയോഗം മലയാളികളെ ആകെ വേദനിപ്പിക്കുന്നതാണെന്ന് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് അനുശോചിച്ചു. ജീവിതത്തിൽ എക്കാലവും ഇടതുപക്ഷത്തിനൊപ്പം നിലകൊണ്ട ഇന്നസെൻ്റ് പാർലിമെൻ്റംഗം എന്ന നിലയിൽ ജനപക്ഷ നിലപാടുകൾ ഉയർത്തി പിടിച്ചു. ഇച്ഛാശക്തിയോടെ പ്രതിസന്ധി ഘട്ടങ്ങളെ നേരിട്ട ഇന്നസെൻ്റിൻ്റെ വിയോഗം കേരളത്തിന് തീരാ നഷ്ടമാണെന്നും മന്ത്രി മുഹമ്മദ് റിയാസ് ആദരാഞ്ജലി അർപ്പിച്ചു കൊണ്ട് പറഞ്ഞു.

മഹാനായ കലാകാരനും സാമൂഹ്യപ്രതിബദ്ധതയുള്ള പൊതുപ്രവർത്തകനുമായിരുന്നു ഇന്നസെന്റ് എന്ന് ധനകാര്യ മന്ത്രി കെ.എൻ ബാലഗോപാൽ അനുസ്മരിച്ചു. എന്നും എക്കാലവും ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ ശക്തനായ സഹയാത്രികനും വക്താവുമായിരുന്നു അദ്ദേഹമെന്നും മന്ത്രി ബാലഗോപാൽ അനുശോചനക്കുറിപ്പിൽ പറഞ്ഞു.

അതുല്യനായ നടൻ, ചിരി ചോരയിൽ അലിഞ്ഞുചേർന്ന നർമ്മബോധമുള്ളയാൾ, ജനപ്രതിനിധി, സർവോപരി സ്നേഹനിധിയായ മനുഷ്യൻ എന്നീ നിലകളിലെല്ലാമാണ് താൻ ഇന്നസെന്റ് ചേട്ടനെ ഓർക്കുന്നതെന്ന് ഇന്നസെന്റിന്റെ നിര്യാണത്തിൽ മന്ത്രി എം ബി രാജേഷ് അനുശോചിച്ചു.

മലയാളസിനിമയിൽ ഹാസ്യത്തിനു പുതിയൊരു ഭാഷ്യം ചമച്ച അതുല്യ നടനായിരുന്നു ഇന്നസെന്റ് എന്ന് രമേശ് ചെന്നിത്തല എന്ന് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അനുസ്മരിച്ചു. ചിരിസാമ്രാജ്യത്തിലെ ആ ചക്രവർത്തിയുടെ തിരോധാനം മലയാള സിനിമയ്ക്ക് അപരിഹാര്യമായ നഷ്ടമാണ്. സിനിമയിൽ മാത്രമല്ല രാഷ്ട്രീയത്തിലും ശോഭിച്ച് അദ്ദേഹം ജനപ്രിയനായി എന്നും രമേശ് ചെന്നിത്തല അനുശോചനക്കുറിപ്പിൽ പറഞ്ഞു.

രണ്ട് തവണ അർബുദത്തെ നേരിടുമ്പോൾപ്പോലും തോറ്റുപോകാൻ ഒരുക്കമല്ലാത്ത ഒരു മനസ്സ് ഇന്നസെൻ്റിൽ നേരിട്ട് കണ്ടിട്ടുണ്ടെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ എംപി അനുസ്മരിച്ചു.കാൻസർ വാർഡിൽപ്പോലും നമ്മളെ ചിരിപ്പിക്കാൻ സമയം കണ്ടെത്തിയിരുന്നു ഇന്നസെന്റ് എന്ന അതുല്യപ്രതിഭയെന്നും വേണുഗോപാൽ അനുശോചനക്കുറിപ്പിൽ പറഞ്ഞു.

ആറ് പതിറ്റാണ്ടിലേറെ മലയാള സിനിമയിൽ നിറഞ്ഞുനിന്ന നടൻ ഇന്നസെന്റിന്റെ വേർപാട് കനത്ത നഷ്ടമാണെന്ന് മന്ത്രി വി.അബ്ദുറഹിമാൻ അനുശോചിച്ചു. ഹാസ്യ വേഷങ്ങളിലൂടെ ശ്രദ്ധ നേടിയ ഇന്നസെന്റ് പിന്നീട് വില്ലൻ വേഷങ്ങളിൽ ഉൾപ്പെടെ തിളങ്ങിയ പ്രതിഭാശാലിയായിരുന്നു. കാൻസർ രോഗത്തോടുള്ള പോരാട്ടത്തിൽ മഹത്തായ മാതൃക തീർത്താണ് അദ്ദേഹം വിടപറഞ്ഞതെന്ന് അനുശോചന സന്ദേശത്തിൽ മന്ത്രി പറഞ്ഞു.

മലയാളികളെ ഇത്രമാത്രം ചിരിപ്പിച്ച ഇന്നസെന്റിന്റെ വിയോഗം ഏറെ വേദനിപ്പിക്കുന്നതാണ് ഇന്നസെന്റിന്റെ വിയോഗത്തിൽ മന്ത്രി റോഷി അഗസ്റ്റിൻ അനുശോചിച്ചു. സിനിമയിലും പാർലമെന്ററി രംഗത്തും സംഘടനാ പ്രവർത്തനത്തിലും ഒരുപോലെ ശോഭിച്ച അപൂർവം പേരിൽ ഒരാളാണ് അദ്ദേഹമെന്നും മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു.

വിയോഗത്തിൽദുഃഖം രേഖപ്പെടുത്തുന്നു. പുരോഗമന പ്രസ്ഥാനങ്ങൾക്കും മലയാള സിനിമയ്ക്കും കനത്ത നഷ്ടമാണ് ഇന്നസെൻ്റിൻ്റെ വിയോഗമെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ് അനുശോചിച്ചു.

സിനിമയിലെ വേഷങ്ങൾ കൊണ്ട് മാത്രമല്ല, ജീവിതത്തിന്റെ പോരാട്ട വീര്യം കൊണ്ടും പുരോഗമന ആശയങ്ങൾക്കൊപ്പം നിന്നുകൊണ്ടുള്ള വീരുറ്റ പോരാട്ടങ്ങളുടെ ഭാഗമായിക്കൊണ്ടും ചരിത്രത്തിന്റെ ഭാഗമായിരിക്കുകയാണ് ഇന്നസെന്റ് എന്ന് മന്ത്രി പി രാജീവ് അനുശോചനം രേഖപ്പെടുത്തി.

പ്രതിഭയുടെ തിളക്കത്തിൽ അനേകവർഷങ്ങൾ മലയാള സിനിമയിൽ അനിഷേധ്യസാന്നിധ്യം ആയെന്ന് മന്ത്രി വീണാ ജോർജ് അനുശോചിച്ചു. ജനഹൃദയങ്ങളിലൂടെ ജനപ്രതിനിധിയായി . ഒടുവിൽ എല്ലാവരെയും നൊമ്പരപ്പെടുത്തി മടങ്ങിയെന്നും ആദരാഞ്ജലി അർപ്പിച്ചുകൊണ്ട് മന്ത്രി പറഞ്ഞു.

രായുസ് മുഴുവന്‍ മലയാളികള്‍ക്ക് പൊട്ടിച്ചിരിക്കാനുള്ള നിരവധി കഥാപാത്രങ്ങളെ മലയാളികള്‍ക്ക് സമ്മാനിച്ച ശേഷമാണ് ഇന്നസെൻ്റ് അരങ്ങൊഴിഞ്ഞതെന്ന് കെപിസിസി പ്രസിഡന്‍റ് കെ.സുധാകരന്‍ എംപി അനുശോചിച്ചു.ഹാസ്യനടനായും വില്ലനായും സ്വഭാവനടനായും ചലചിത്ര മേഖലയിലെ വ്യത്യസ്ത മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞു. ഹാസ്യസാമ്രാട്ടായിരുന്ന അദ്ദേഹത്തിന്‍റെ വിയോഗം ചലച്ചിത്ര മേഖലയ്തക്ക് അപരിഹാര്യമായ നഷ്ടമാണെന്നും സുധാകരന്‍ അനുശോചന സന്ദേശത്തിൽ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News