പൂക്കോട് വെറ്ററിനറി സര്‍വകലാശാല സംഭവത്തില്‍ മാധ്യമങ്ങള്‍ നടത്തുന്നത് എസ്എഫ്‌ഐക്കെതിരായ പൊളിറ്റിക്കല്‍ മോബ് ലിഞ്ചിംഗ് ആണെന്ന് മന്ത്രി മുഹമ്മദ് റിയാസ്. പൂക്കോട് വെറ്ററിനറി സര്‍വകലാശാലയില്‍ ഉണ്ടായ സംഭവം അപലപനീയമാണ്. എല്ലാവരുടെയും മനസിനു വലിയ പ്രയാസമുണ്ടാക്കുന്നതാണെന്നും മന്ത്രി പറഞ്ഞു.
എന്നാല്‍ ഈ ദൗര്‍ഭാഗ്യകരമായ സംഭവം എസ്എഫ്‌ഐ ക്കെതിരെ തിരിച്ചു വിടാനുള്ള ശ്രമങ്ങള്‍ക്ക് പിന്നില്‍ രണ്ടു ലക്ഷ്യങ്ങള്‍ ഉണ്ട്. പെട്ടെന്നുള്ള ലക്ഷ്യം ഇപ്പോള്‍ ആസന്നമായിരിക്കുന്ന ലോകസഭാ തെരഞ്ഞെടുപ്പില്‍ പ്രചരണായുധമാക്കുക എന്നതാണ്. ദീര്‍ഘകാലത്തേക്കുള്ള ലക്ഷ്യം, കേരളത്തിന്റെ ക്യാമ്പസുകളിലേക്ക് മത വര്‍ഗ്ഗീയ ശക്തികള്‍ക്ക് കടന്നു വരാന്‍ സാധിക്കുന്നില്ല. ഇതിനു തടസം എസ്എഫ്‌ഐ ആണ്. അതു കൊണ്ട് എസ്എഫ്‌ഐയെ തകര്‍ക്കണമെന്നതാണെന്നും മന്ത്രി വ്യക്തമാക്കി.
Also Read: പൂക്കോട് സംഭവം ഒരിക്കലും അംഗീകരിക്കാനാവില്ല,എസ്എഫ്ഐക്കെതിരെ ഇപ്പോൾ നടക്കുന്നത് രാഷ്ട്രീയ ആൾക്കൂട്ട ആക്രമണം: മന്ത്രി മുഹമ്മദ് റിയാസ്
‘അടുത്ത കാലത്ത് ഒരു കോളേജ് ക്യാമ്പസില്‍ ഒരു പരിപാടിക്ക് ക്ഷണിക്കപ്പെട്ടു ചെന്നപ്പോള്‍ ബാബറി മസ്ജിദ് തകര്‍ത്തതുമായി ബന്ധപ്പെട്ട ഒരു ബോര്‍ഡ് എസ്എഫ്‌ഐയുടെ പേരില്‍ കണ്ടു. കൂടെയുണ്ടായിരുന്ന കടുത്ത ഇടതു പക്ഷ വിരുദ്ധനും എന്നാല്‍ സുഹൃത്തുമായ ഒരു മാധ്യമ പ്രവര്‍ത്തകനോടു ഞാന്‍ ചോദിച്ചു, കേരളത്തിലെ ക്യാമ്പസുകളില്‍ ഇങ്ങനെ ഉറപ്പോടെ രാഷ്ട്രീയം പറഞ്ഞു ഒരു ബോര്‍ഡ് വെക്കാന്‍ എസ്എഫ്‌ഐക്ക് മാത്രമല്ലേ കഴിയു എന്ന്. അയാള്‍ പറഞ്ഞു, വളരെ ശരിയാണ് എന്ന്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി മാധ്യമങ്ങള്‍ നടത്തുന്ന പ്രചരണം ഒരു എസ്എഫ്‌ഐക്കാരനെ മുന്നില്‍ കണ്ടാല്‍ അവരെ അടിച്ചു കൊല്ലണമെന്ന രീതിയിലാണ്. പക്ഷേ അതിനെയൊക്കെ എസ്എഫ്‌ഐ മറിക്കടന്ന് ക്യാമ്പസുകളില്‍ വിജയിച്ചു വരുന്നത് അവര്‍ ഉയര്‍ത്തി പിടിക്കുന്ന രാഷ്ട്രീയം സത്യമായതു കൊണ്ടാണ്. റാംഗിനു എതിരെ പോരാടി രക്തസാക്ഷിത്വം വരിച്ചവരുടെ സംഘടനയാണ് എസ്എഫ്‌ഐ. പട്ടാമ്പി കോളേജിലെ സഖാവ് സെയ്താലിയെ നമ്മള്‍ ഓര്‍ക്കണം’- മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here