പോര്‍ച്ചുഗലിന്റെ പ്രതിരോധ ഭടന്‍ പെപ്പെ അന്താരാഷ്ട്ര ഫുട്‌ബോളില്‍ നിന്ന് വിരമിച്ചു. ക്രിസ്ത്യാനോ റൊണാള്‍ഡോയ്ക്കൊപ്പം പറങ്കിപ്പടയുടെ അനിഷേധ്യമായ താരമായിരുന്നു പെപ്പെയും. ഒരു കാലത്തു പോര്‍ച്ചുഗലിന്റെയും റയല്‍ മാഡ്രിഡിന്റെയും വിശ്വാസതനായ പോരാളി കൂടിയാണ് ബൂട്ടഴിക്കുന്നത്.
കളിക്കളത്തില്‍ നമ്മള്‍ എല്ലാം നേടിയെടുത്തു. നിങ്ങളോടു അത്രയേറെ ബഹുമാനവും സ്‌നേഹവും. എന്റെ സഹോദരാ, നിങ്ങള്‍ അതുല്യനാണ്. വളരെയധികം നന്ദി-പെപ്പെ വിരമിക്കുമ്പോള്‍ ഫുട്‌ബോള്‍ ഇതിഹാസം ക്രിസ്ത്യാനോ റൊണാള്‍ഡോ കുറിച്ചിട്ട വാക്കുകള്‍.
തനിക്ക് ചുറ്റും ഒരു ആരാധക വൃന്ദം തന്നെ സൃഷ്ടിച്ചവനാണ് റൊണാള്‍ഡോ. എന്നാല്‍ പോര്‍ച്ചുഗലിന്റെ ചുവപ്പിലും റയല്‍ മാഡ്രിഡിന്റെ വെള്ള കുപ്പായതിലും റോണാള്‍ഡോയുടെ കാവലാളായി ഒരാളുണ്ടായിരുന്നു, പെപ്പെ. പറങ്കിപ്പടയുടെ വിശ്വസ്തന്‍. ക്രിസ്ത്യാനോ റൊണാള്‍ഡോയുടെയും ഒരാള്‍ അറ്റാക്കിങ്ങിലും മറ്റൊരാള്‍ പ്രതിനിരോധത്തിലും.
റൊണാള്‍ഡോയ്ക്ക് നിഴല് പോലെ കാവല്‍ നിന്ന പോരാളി. റൊണാള്‍ഡോയുടെ എതിരാളികള്‍ മൈതാനത്തു പെപ്പെയുടെയും ശത്രുവാണ്. റയലും ബാഴ്സയും തമ്മിലുള്ള മത്സരത്തില്‍ ഇതെത്രയോ കണ്ടു.
Also Read : ഹൃദയംതൊടും ആ കുറിപ്പ്…; പടിയിറങ്ങിയ പെപ്പെയെക്കുറിച്ച് റൊണാള്‍ഡോ, ഏറ്റെടുത്ത് ആരാധകര്‍
പോര്‍ച്ചുഗലിന് മേല്‍വിലാസങ്ങള്‍ ഉണ്ടാക്കിയ താരങ്ങള്‍ എത്രയോ കുറവാണ്. കരിമ്പുലി എന്ന് വിളിപ്പേരുള്ള യൂസേബിയോ. പിന്നെ ഏഴാം നമ്പറില്‍ അമരനായിരുന്ന ലൂയി ഫിഗോ. ഒടുവില്‍ ലോകം ആരാധനയോടെ വിളിച്ച സി ആര്‍ സെവന്‍ എന്ന മൂന്നക്ഷരം. പക്ഷെ പെപ്പെ ഇല്ലെങ്കില്‍ പോര്‍ച്ചുഗലിനും റയലിലും ക്രിസ്ത്യാനോ റൊണാള്‍ഡോ അപൂര്‍ണനായിരുന്നു.
41 വയസായി പേപ്പേയ്ക്ക്. ബൂട്ടണിയാനും മൈതാനത്തു പന്ത് തട്ടാനും ഇനിയും കഴിയുമെന്നു വേണമെങ്കില്‍ പെപ്പെ തെളിയിക്കും , റയലിന്റെ കുപ്പായത്തില്‍ 334 മത്സരങ്ങള്‍. 141 മത്സരങ്ങള്‍ പോര്‍ച്ചുഗലിന് വേണ്ടി… മൂന്നു ലാലിഗ കിരീടങ്ങള്‍, പോര്‍ച്ചുഗലിന് യൂറോ കപ്പ്, അങ്ങനെ പ്രതിരോധത്തിലെ ഒരു യുഗം ഇവിടെ തീരുകയാണ്. പറങ്കിപ്പടയുടെ ചുവന്ന കുപ്പായത്തില്‍ പെപ്പെ എന്ന പ്രതിരോധ ഭടന്‍ ഇനിയില്ല.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here