തുടർച്ചയായി രണ്ടു തവണ അധികാരത്തിൽ നിന്ന് മാറ്റിനിർത്തപ്പെട്ട യു ഡി എഫ് അധികാരക്കൊതി മൂത്ത് രാഷ്ട്രീയവും മുന്നണി നിലപാടും മറന്നു നടത്തുന്ന തരംതാണ കളികൾ കോൺഗ്രസിൻ്റെയും മുസ്ലിം ലീഗിൻ്റെയും നേതാക്കളെ പരിഹാസ്യരാക്കുകയാണെന്ന് ഐ എൻ എൽ സംസ്ഥാന കമ്മിറ്റി. തെരഞ്ഞെടുപ്പിന് ഒന്നര വർഷം ബാക്കിനിൽക്കെ, മുഖ്യമന്ത്രി മോഹം മനസ്സിൽ വെച്ച് കോൺഗ്രസ് നേതാക്കൾ നടത്തുന്ന കോപ്രായങ്ങൾ ജനമധ്യത്തിൽ അവരെ അപഹാസ്യരാക്കുന്നുണ്ട്. ജാതിമത നേതാക്കളുടെ ആശീർവാദം തേടി പരക്കം പായുന്ന രമേശ് ചെന്നിത്തലയും വി ഡി സതീശനും കെ സി വേണുഗോപാലുമൊക്കെ തങ്ങൾക്ക് ഏതെല്ലാം വിഭാഗത്തിൻ്റെ പിന്തുണയുണ്ട് എന്നും ആരുടെയൊക്കെ യോഗങ്ങളിലേക്ക് ക്ഷണിച്ചുവെന്നും പരസ്യമായി അവകാശവാദം ഉന്നയിക്കുന്നത് കാണുമ്പോൾ ഒരു പാർട്ടിയുടെ രാഷ്ട്രീയ പതനമോർത്ത് ലജ്ജിച്ചു തലതാഴ്ത്തേണ്ടി വരുന്നു.
Also read: നവീൻ ബാബുവിൻ്റെ മരണം; സി ബി ഐ അന്വേഷണമില്ല, ഭാര്യയുടെ ഹർജി ഹൈക്കോടതി തള്ളി
ശക്തമായ രാഷ്ട്രീയ നിലപാടും ജനകീയ അടിത്തറയുമുള്ള എൽ ഡി എഫിനെ ഒരു നിലക്കും തോൽപ്പിക്കാൻ സാധ്യമല്ലെന്ന തിരിച്ചറിവാണ് കേരളീയ പൊതുസമൂഹം ഇതുവരെ മാറ്റിനിർത്തപ്പെട്ട മത ജാതി കൂട്ടായ്മകളെ ഒപ്പം കൂട്ടി മുന്നണി വികസിപ്പിക്കണമെന്ന യു ഡി എഫ് ചിന്തകൾക്കു പിന്നിൽ. ഈ ദിശയിൽ സി എം പി നേതാവ് സി പി ജോൺ നടത്തുന്ന ക്യാമ്പയിന് പിന്നിൽ മുസ്ലിം ലീഗാണ്. രണ്ട് തവണ തങ്ങൾ ദേശീയതലത്തിൽ നിരോധിച്ച ഒരു സംഘടനയെ മുന്നണിയുടെ ഭാഗമാക്കുന്നതിലുള്ള കോൺഗ്രസിൻ്റെ എതിർപ്പ് മറികടക്കാനുള്ള സൂത്രമാണ് ലീഗ് നേതാവ് പി കെ കുഞ്ഞാലി കുട്ടി പയറ്റുന്നത്.
Also read: ഹണി റോസിനെതിരായ അശ്ലീല കമന്റ്; ആദ്യ അറസ്റ്റ് രേഖപ്പെടുത്തി പൊലീസ്
ലീഗിൻ്റെ നയ വ്യതിയാനത്തെയും പ്രീണന രാഷ്ട്രീയത്തെയും ചൂണ്ടിക്കാട്ടുമ്പോൾ ഇസ്ലാമോഫോബിയ പറഞ്ഞു മുസ്ലിം സമൂഹത്തെ ഇളക്കി വിടാനുള്ള ശ്രമം പരാജയപ്പെട്ടതോടെയാണ് സ്വയം ഖലീഫ ഉമർ ചമഞ്ഞ് വിമർശകരുടെ വായടപ്പിക്കാൻ ലീഗ് അധ്യക്ഷൻ സ്വാദിഖലി തങ്ങൾ നീക്കങ്ങൾ തുടങ്ങിയിരിക്കുന്നത്. എങ്ങിനെയെങ്കിലും അധികാരത്തിൽ തിരിച്ചെത്തിയില്ലെങ്കിൽ കാലിന്നടിയിലെ അവസാന മണ്ണും ഒലിച്ചുപോകുമെന്ന സംഭ്രാന്തി കോൺഗ്രസിനെയും ലീഗിനേയും കൊണ്ട് ഇനിയും ഒട്ടേറെ കോമാളി വേഷം കെട്ടിക്കുമെന്ന് ഐ എൻ എൽ സംസ്ഥാന പ്രസിഡണ്ട് അഹമ്മദ് ദേവർകോവിൽ എം എൽ എയും ജനറൽ സെക്രട്ടറി കാസിം ഇരിക്കൂറും പ്രസ്താവനയിൽ പറഞ്ഞു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here