പ്രശസ്ത സാഹിത്യകാരൻ എം ടി വാസുദേവൻ നായരുടെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി പ്രഭാ വർമ്മ. മലയാളത്തിന്റെ മനസ്സാണ് പോയ് പോയത് എന്നും അദ്ദേഹം അനുശോചിച്ചു. മലയാള മനസിന്റെ പ്രതീകമാണ് എം ടി വാസുദേവൻ നായർ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കൃത്യമായ മതനിരപേക്ഷ നിലപാട് അദ്ദേഹം എന്നും നിലനിർത്തി. ഒരു ഘട്ടത്തിൽ ഭീഷണി പോലും ഉണ്ടായി. അത് അദ്ദേഹത്തിൻറെ രചനകളിലും കാണാം. മനുഷ്യസ്നേഹത്തിന് എതിരായി വരുന്ന എന്തിന്റെയും എതിർപക്ഷത്തായിരുന്നു എന്നും എം ടി. എംടിയുമായി അടുത്ത പ്രവർത്തിക്കാൻ വലിയ അവസരങ്ങൾ എനിക്ക് ലഭിച്ചിട്ടുണ്ട്. കുഞ്ചൻപറമ്പിലേക്ക് അദ്ദേഹം എന്നെ നിരവധി തവണ ക്ഷണിച്ചിട്ടുണ്ട്. എന്നോടുള്ള സ്നേഹമാണ് ആ ക്ഷണത്തിന് പിന്നിൽ ഉണ്ടായിരുന്നത്. ഏതെങ്കിലും ഒരു കള്ളിക്കുള്ളിൽ സൂക്ഷിക്കാവുന്ന ഒന്നല്ല എംടിയുടെ രചനകൾ എന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, എം ടി വാസുദേവൻ നായരെ അവസാനമായി കാണാൻ അദ്ദേഹത്തിന്റെ കോഴിക്കോട്ടെ വീട്ടിലെത്തി നടൻ മോഹൻലാൽ. ഇന്ന് പുലർച്ചെ 5 മണിയോടെയാണ് എംടിയുടെ സിത്താര എന്ന വീട്ടിലേക്ക് അവസാനമായി കാണാൻ എത്തിയത്. എംടിയുടെ സ്നേഹം വേണ്ടുവോളം അനുഭവിക്കാൻ ഭാഗ്യമുണ്ടായെന്ന് മോഹൻലാൽ പറഞ്ഞു.
എനിക്ക് ഏറ്റവും നല്ല കഥാപാത്രങ്ങൾ തന്ന വ്യക്തിയാണ് എംടി വാസുദേവൻ നായർ. ഒരുപാട് തവണ പരസ്പരം കാണുന്നില്ലെങ്കിലും തമ്മിൽ നല്ല സ്നേഹ ബന്ധമുണ്ടായിരുന്നു. ഞാൻ അഭിനയിച്ച നാടകങ്ങൾ കാണാൻ അദ്ദേഹം മുംബൈയിൽ എത്തിയിരുന്നു. തമ്മിൽ വൈകാരികമായ അടുപ്പം ഉണ്ടായിരുന്നു. ഓളവും തീരവുമാണ് അവസാന ചിത്രം. ഇന്ത്യ കണ്ട മികച്ച എഴുത്തുകാരനെയാണ് നഷ്ടമായത്. ആരോഗ്യ വിവരങ്ങൾ ആശുപത്രിയിൽ വിളിച്ചു അന്വേഷിച്ചിരുന്നു എന്നും മോഹൻലാൽ പറഞ്ഞു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here