സംഘപരിവാര്‍ അജണ്ടകള്‍ക്കെതിരെ ദേശീയ തലത്തില്‍ ശക്തമായ നിലപാട് ആദ്യം സ്വീകരിച്ചത് ഇഎംഎസ് ആയിരുന്നു: പ്രകാശ് കാരാട്ട്

സംഘപരിവാറിനെതിരായി പ്രതിപക്ഷ പാര്‍ട്ടികളുടെ ഏകോപനത്തിന് വേണ്ടി ആദ്യം മുന്‍കൈയെടുത്തത് ഇഎംഎസ് ആയിരുന്നുവെന്ന് സിപിഐഎം പോളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ട്. ഹിന്ദുത്വ വര്‍ഗ്ഗീയതയ്‌ക്കെതിരെയും സംഘപരിവാര്‍ അജണ്ടകള്‍ക്കുമെതിരെ ദേശീയ തലത്തില്‍ ശക്തമായ നിലപാട് ആദ്യം സ്വീകരിച്ചത് ഇഎംഎസ് ആയിരുന്നു.

ബിജെപി – ആര്‍എസ്എസ് സംഘടനകള്‍ക്ക് വര്‍ഗ്ഗീയ നിലപാട് മാത്രമല്ല പിന്തിരിപ്പന്‍ ശക്തികളുടെ മുഖമാണെന്ന് തുറന്ന് കാണിച്ചത് ഇ.എം.എസ് ആയിരുന്നു. രാജ്യത്തെ മൂലധന ശക്തികളുടെ വളര്‍ച്ചയ്ക്ക് ഉത്തേജനം നല്‍കുന്ന സമീപനമാണ് മോദി സര്‍ക്കാരിന്റേത്. ഇതിന്റെ തെളിവാണ് അദാനി ഉള്‍പ്പെടെയുള്ള വളര്‍ച്ചയെന്നും ഇത്തരം പ്രവണതകള്‍ തടയണമെന്നാണ് ഇഎംഎസ് മുന്നറിയിപ്പ് നല്‍കിയിരുന്നതെന്നും കാരാട്ട് പറഞ്ഞു.

സിപിഐഎം മാധ്യമ സ്വാതന്ത്ര്യത്തിന് വേണ്ടി എന്നും നിലകൊള്ളുന്ന പ്രസ്ഥാനമാണെന്നും അദ്ദേഹം പറഞ്ഞു. മാധ്യമ സ്വാതന്ത്ര്യത്തിന്റെ കാര്യത്തില്‍ സിപിഐഎമ്മിന് കേന്ദ്രത്തിലും കേരളത്തിലും ഒരേ നിലപാടാണുള്ളത്. മാധ്യമ പ്രവര്‍ത്തകയ്‌ക്കെതിരെ കേസെടുത്തത് സര്‍ക്കാരിനെ വിമര്‍ശിച്ചതിന്റെ പേരിലല്ല, എസ്എഫ്‌ഐ നേതാവിന്റെ പരാതിയിലാണെന്നും പ്രകാശ് കാരാട്ട് കൂട്ടിച്ചേര്‍ത്തു.

ആരെയും വിമര്‍ശിച്ചതിന്റെ പേരില്‍ മാത്രം സര്‍ക്കാര്‍ കേസ് എടുക്കില്ല, അതില്‍ മറ്റെന്തെങ്കിലും കാരണം ഉണ്ടാകുമെന്നും പ്രകാശ് കാരാട്ട് കൂട്ടിച്ചേര്‍ത്തു. പ്രതിപക്ഷ കക്ഷികളുടെ ഏകോപനത്തിന് വേണ്ടി 23ന് ഡല്‍ഹിയില്‍ യോഗം ചേരുമെന്നും പ്രകാശ് കാരാട്ട് വ്യക്തമാക്കി. പാലക്കാട് സംഘടിപ്പിച്ച ദ്വിദിന സെമിനാറില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇഎംഎസിന്റെ ജന്മദിനത്തോടനുബന്ധിച്ചാണ് ‘ഇഎംഎസ് സ്മൃതി’ എന്ന പേരില്‍ ദ്വിദിന ദേശീയ സെമിനാര്‍ സംഘടിപ്പിച്ചത്. ചൊവ്വാഴ്ച പട്ടാമ്പിയില്‍ നടന്ന സെമിനാറിന്റെ തുടര്‍ച്ചയായിരുന്നു പാലക്കാടും നടന്ന സെമിനാര്‍. സെമിനാറില്‍ എ കെ ബാലന്‍, കെ കെ ശൈലജ, പി കൃഷ്ണപ്രസാദ്, ഡോ. ബി ഇഖ്ബാല്‍ തുടങ്ങിയവര്‍ വിവിധ വിഷയങ്ങളില്‍ പ്രബന്ധാവതരണം നടത്തി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News