‘എന്നെ കാണുമ്പോള്‍ മാറില്‍ കയറിപ്പിടിക്കും, അതായിരുന്നു ചേട്ടന്മാരുടെ തമാശ’; തനിക്കുണ്ടായ ദുരനുഭവം തുറന്നുപറഞ്ഞ് പ്രശാന്ത് അലക്‌സാണ്ടര്‍

തന്റെ ജീവിതത്തില്‍ ചെറിയ പ്രായത്തിലുണ്ടായ ദുരനുഭം തുറന്നുപറഞ്ഞ നടന്‍ പ്രശാന്ത് അലക്‌സാണ്ടര്‍. ഏഴാം ക്ലാസില്‍ പഠിക്കുമ്പോള്‍ പത്താം ക്ലാസിലെ ചേട്ടന്മാരില്‍ നിന്നാണ് മോശം അനുഭവമുണ്ടായതെന്ന് താരം പറയുന്നു.

ആ അനുഭവങ്ങള്‍ തനിക്ക് വലിയൊരു ട്രോമയായി എന്നും ആ വിഷമത്തില്‍ നിന്നും രക്ഷപ്പെടാന്‍ ഒരുപാട് സമയമെടുത്തുവെന്നും നടന്‍ പറഞ്ഞു.

Also Read : ‘ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിനെ സ്വാഗതം ചെയ്യുന്നു, സിനിമയില്‍ ഒരു ‘ശക്തികേന്ദ്ര’വുമില്ല’: പ്രതികരിച്ച് മമ്മൂട്ടി

ചെറുപ്പത്തില്‍ ഞാന്‍ നല്ല തടിയനായിരുന്നു. പരീക്ഷയ്ക്ക് വേറെ ക്ലാസുകളിലാണല്ലോ ഇരിക്കുക. സീനിയേഴ്‌സിന്റെ കൂടെയാണ് പരീക്ഷയ്ക്ക് ഇരിക്കുന്നത്. പത്താം ക്ലാസിലെ രണ്ടു ചേട്ടന്മാരുടെ ഇടയില്‍ ഏഴാം ക്ലാസില്‍ പഠിക്കുന്ന ഞാനും. എനിക്ക് നല്ല വണ്ണമുണ്ടായിരുന്നു. ഈ ചേട്ടന്മാരുടെ ഒരു തമാശ, എന്നെ കാണുമ്പോള്‍ എന്റെ മാറില്‍ കയറിപ്പിടിക്കും. വണ്ണമുള്ളവരെ കാണുമ്പോഴുള്ള ഒരു രസം. ആദ്യത്തെ ദിവസം ഇവര്‍ എന്താണ് ചെയ്യുന്നതെന്ന് എനിക്ക് മനസിലായില്ല.

വീട്ടില്‍ അമ്മാച്ചന്മാര്‍ സ്‌നേഹത്തോടെ കെട്ടിപ്പിടിക്കുന്ന പോലെ, ഇവര്‍ക്ക് എന്നോട് ഇത്രമാത്രം സ്‌നേഹം തോന്നാന്‍ മുന്‍പരിചയം ഒന്നുമില്ലല്ലോ. വേദനിച്ചു തുടങ്ങിയപ്പോഴാണ് ഇത് സ്‌നേഹമല്ലെന്നും അവര്‍ എന്തോ തമാശ കാണിക്കുന്ന പോലെ ചെയ്യുന്നതാണെന്നും മനസിലാക്കുന്നത്. അവര്‍ അതില്‍ സന്തോഷം കണ്ടെത്തുന്നുണ്ടോ എന്നൊന്നും എനിക്കറിയില്ല. പക്ഷേ, എനിക്ക് പരീക്ഷ എഴുതാന്‍ പേടിയായി. ആ ക്ലാസിലേക്ക് പരീക്ഷ എഴുതാന്‍ പോകണമല്ലോ എന്ന പേടി! നിങ്ങള്‍ക്കു വേണമെങ്കില്‍ ചോദിക്കാം, ടീച്ചര്‍മാരോട് പരാതി പറഞ്ഞുകൂടെ എന്ന്.

എന്റെ ആ മാനസികാവസ്ഥയില്‍ ഞാന്‍ ടീച്ചേഴ്‌സ് റൂമിന്റെ അടുത്തു വരെ നടക്കും. പക്ഷേ, ഞാന്‍ ആലോചിക്കുന്നത് വേറെ ചില കാര്യങ്ങളാണ്. ടീച്ചര്‍ ഇനി ഇക്കാര്യം അവരോട് ചോദിച്ചിട്ട്, അവര്‍ പിന്നീട് എന്നെ എന്തെങ്കിലും ചെയ്താലോ? ക്ലാസിലും സ്‌കൂളിലും അല്ലേ ടീച്ചര്‍ക്ക് എന്നെ സംരക്ഷിക്കാന്‍ കഴിയൂ. പുറത്തോ? അതുകൊണ്ട്, ഞാന്‍ അത് ചിരിച്ച് ‘വിട് ചേട്ടാ’ എന്നൊക്കെ പറഞ്ഞ് സഹിക്കും.

പക്ഷേ, ഇത് എനിക്കൊരു ട്രോമ തന്നിട്ടുണ്ട്. അതിനെ അതിജീവിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായിട്ടാകും ഞാന്‍ ചിലപ്പോള്‍ ഒരു സീനിയറെ തല്ലിയിട്ടുണ്ടാകുക, ഒരു ഗ്യാങ്ങിനെ ഉണ്ടാക്കിയിട്ടുണ്ടാവുക. ഞാന്‍ ദുര്‍ബലനല്ല എന്നു കാണിക്കാന്‍ ശ്രമിച്ചു ശ്രമിച്ചാണ് ഞാന്‍ ആ സ്‌കൂളിലെ ലീഡര്‍ ആയത്. – പ്രശാന്ത് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News