വയനാട് ഡി സി സി ട്രഷറർ എൻ എം വിജയന്റെ മരണത്തിൽ പ്രാഥമിക മൊഴിയെടുക്കൽ പൂർത്തിയായി. പണമിടപാട് രേഖകൾ,ഫോൺ എന്നിവ പൊലീസ് പരിശോധിച്ചു. സാമ്പത്തിക ബാധ്യതയുള്ളതായാണ് പ്രാഥമിക നിഗമനം. പുറത്തുവന്ന രേഖകളും വെളിപ്പെടുത്തലുകളും പൊലീസ് അന്വേഷിക്കും.
ഫോൺ ഉൾപ്പെടെയുള്ള ഡിജിറ്റൽ രേഖകളുടെ പരിശോധനക്കായി സൈബർ സംഘത്തിന് ഇന്ന് കൈമാറും. പ്രാഥമിക പരിശോധന കഴിഞ്ഞ ദിവസം പൂർത്തിയായി. പണമിടപാട് കുറിപ്പുകളും ഡയറിയും പൊലീസ് പരിശോധിക്കുന്നുണ്ട്. സാമ്പത്തിക ബാധ്യതയുള്ളതായി പൊലീസ് പരിശോധനകളിൽ വ്യക്തമായിട്ടുണ്ട്.കൂടുതൽ വിശദാംശങ്ങളിലേക്ക് പൊലീസ് കടക്കുകയാണ്. ബന്ധുക്കളുടെയും സുഹൃത്തുക്കളുടേയും മൊഴിയെടുക്കൽ തുടരുകയാണ്. പ്രാദേശിക കോൺഗ്രസ് നേതാക്കളുടേയും മൊഴിയെടുക്കും.
also read: വയനാട് ഡി സി സി ട്രഷററുടെ ആത്മഹത്യ; പ്രാഥമിക മൊഴിയെടുക്കൽ ഇന്നും തുടരും
എൻ എം വിജയന് സാമ്പത്തിക ബാധ്യതയുണ്ടാക്കിയ പണമിടപാട് അർബൻ ബാങ്കിലെ നിയമന അഴിമതിയാണെന്ന് രേഖകൾ പുറത്തുവന്ന സാഹചര്യത്തിൽ അതിന്റെ സൂക്ഷമ പരിശോധനയും നടക്കുകയാണ്.ഇന്നലെ മകന്റെ നിയമനത്തിന് താൻ ഐ സി ബാലകൃഷ്ണൻ ഉൾപ്പെടുന്ന ഡി സി സി നേതൃത്വത്തിന് 17 ലക്ഷം നൽകിയെന്ന ഐസക്ക് താമരച്ചാലിൽ എന്ന കോൺഗ്രസ് പ്രവർത്തകന്റെ വെളിപ്പെടുത്തൽ പുറത്തുവന്നിരുന്നു.ഇതിന്മേലും പൊലീസ് അന്വേഷണമുണ്ടാവും.തെളിവുകളുടെ അടിസ്ഥാനത്തിൽ എം എൽ എ ,ഐ സി ബാലകൃഷ്ണനേയും ഉടൻ ചോദ്യം ചെയ്തേക്കും.
ജില്ലയിലെ പ്രമുഖ കോൺഗ്രസ് നേതാവിന്റെ മരണത്തിൽ പ്രതികരിക്കാത്ത നേതാക്കൾക്കെതിരെ കോൺഗ്രസിലും വലിയ ഭിന്നത രൂപപ്പെടുകയാണ്. സാമ്പത്തിക തിരിമറികളും അഴിമതിയും പുറത്തുവന്നതോടെ പ്രതിരോധത്തിലാണ് നേതൃത്വം.ഐ സി ബാലകൃഷ്ണന് പിന്തുണ നൽകിയതും മരിച്ച എൻ എം വിജയന്റെ വീട്ടിലേക്ക് പോലും നേതാക്കൾ എത്താത്തതും പ്രതിഷേധത്തിനിടയാക്കുന്നുണ്ട്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here