മാറിയത് കാലം മാത്രം; പ്രേം നസീർ ഇന്നും സൂപ്പർസ്റ്റാർ, നിത്യഹരിത നായകൻ വിടവാങ്ങിയിട്ട് 35 വർഷം

ആ യുഗം അവസാനിക്കുന്നില്ല, വെള്ളിത്തിരയിലെ നിത്യ ഹരിത സൗന്ദര്യം. നടനം കൊണ്ടും യഥാർഥ ജീവിത്തിലെ പച്ചയായ മനുഷ്യനായും മലയാളികളുടെ സ്നേഹം ആവോളം നേടിയ അബ്ദുൽ ഖാദർ എന്ന പ്രേം നസീർ മലയാളികളുടെ മുഴുവൻ സ്നേഹവും നേടിയാണ് യവനികയ്ക്കുള്ളിൽ മറഞ്ഞത്. ധ്വനി എന്ന അവസാന ചിത്രത്തിലൂടെ തന്റെ അഭിനയ പാരമ്പര്യം അടുത്ത തലമുറയ്ക്ക് കൈമാറിയാണ് അദ്ദേഹം തിരശീലയ്ക്കപ്പുറത്തേക്ക് മറഞ്ഞത്. പ്രണയവും ഹാസ്യവും വൈകാരികതയുമെല്ലാം നസീറിന്റെ കൈകളിൽ ഭദ്രം. ആ കലാപ്രതിഭ നമ്മെ വിട്ട് പിരിഞ്ഞിട്ട് 35 വർഷങ്ങൾ തികയുന്നു. കാലമിത്ര കഴിഞ്ഞിട്ടും ആ അതുല്യ പ്രതിഭ തന്റെ സിനിമകളിലൂടെ മലയാളികളുടെ മനസ്സിൽ ജീവിക്കുന്നു.

ALSO READ: ‘ആഹാ… ലളിതം സുന്ദരം’… ഭാരത് ജോഡാ ബസിനെ പ്രകീര്‍ത്തിച്ച മനോരമയെ ട്രോളി മന്ത്രി എംബി രാജേഷ്

കാലം മാറി, മനുഷ്യരും മാറി പക്ഷെ പ്രേം നസീർ മാത്രം മാറ്റമില്ലാതെ നിത്യഹരിത നായകനായി സിനിമ ആസ്വാദകരിൽ ജീവിക്കുന്നു. അത്രമേൽ സ്വാധീനം ഏവരിലും ഉളവാക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു. 1989 ജനുവരി 16 ന് അദ്ദേഹത്തിന്റെ അറുപത്തി രണ്ടാമത്തെ വയസ്സിലുണ്ടായ അപ്രതീക്ഷിത വിയോഗം മലയാള ചലച്ചിത്ര ലോകത്തിന് തീരാ നഷ്ടമായി മാറി. 38 വർഷം ചലച്ചിത്ര ലോകത്ത് തിളങ്ങിയ അദ്ദേഹം 725 സിനിമകളിലാണ് നായക വേഷത്തിലെത്തിയത്. ഇതിലൂടെ ഈ അതുല്യ കലാകാരനെത്തേടിയെത്തിയത് ലോക റെക്കോഡ് എന്ന അപൂർവ നേട്ടവും.

ആയിരം പാദസരങ്ങൾ കിലുങ്ങി, നിൻ പദങ്ങളിൽ നൃത്തമാടിടും, മനോഹരി നിൻ മനോരഥത്തിൽ തുടങ്ങി നിരവധി ഗാനങ്ങൾക്ക് ജീവൻ പകരാൻ പ്രേം നസീറിന്റെ അഭിനയ മികവിലൂടെ കഴിഞ്ഞു. നാടക നടനായിട്ടായിരുന്നു നസീർ തന്റെ അഭിനയ ജീവിതം ആരംഭിക്കുന്നത്. 1951 ൽ ത്യാഗസീമ എന്ന സിനിമയിൽ അഭിനയിച്ചെങ്കിലും നിർഭാഗ്യവശാൽ ചിത്രം പുറത്തിറങ്ങിയില്ല. തൊട്ടടുത്ത വർഷം പുറത്തിറങ്ങിയ മരുമകൾ എന്ന ചിത്രത്തിലൂടെ അദ്ദേഹം ബിഗ് സ്‌ക്രീനിൽ പ്രത്യക്ഷപ്പെട്ടു. തന്റെ രണ്ടാമത്തെ ചിത്രമായ വിശപ്പിന്റെ വിളി എന്ന സിനിമയുടെ സെറ്റിൽ വെച്ച് നസീർ എന്ന പേര് സ്വീകരിച്ചു. 1950 മുതൽ 1989 ൽ മരണം അദ്ദേഹത്തെ കീഴടക്കുന്നത് വരെയുള്ള വർഷങ്ങൾ മലയാള സിനിമയിലെ പകരം വെക്കാനില്ലാത്ത സൂപ്പർ താരങ്ങളിൽ ഒരാളായിരുന്നു അദ്ദേഹം.

മുറപ്പെണ്ണ് (1965), ഇരുട്ടിന്റെ ആത്മാവ് (1967), കള്ളിച്ചെല്ലമ്മ (1969), നദി (1969), അനുഭവങ്ങൾ പാളിച്ചകൾ (1971), അഴകുള്ള സെലീന (1973), വിട പറയും മുൻപേ (1981) ), പടയോട്ടം (1982), ധ്വനി (1988) തുടങ്ങിയ സിനിമകളിലെ പ്രകടനത്തിലൂടെ അദ്ദേഹം സ്വന്തമാക്കിയത് എണ്ണിയാൽ ഒടുങ്ങാത്തത്ര ആരാധകരെയാണ്. കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് (പ്രത്യേക ജൂറി അവാർഡ്), കലയ്ക്ക് നൽകിയ സംഭാവനകളെ മാനിച്ച് ഇന്ത്യാ ഗവൺമെന്റ് യഥാക്രമം മൂന്നാമത്തെയും നാലാമത്തെയും സിവിലിയൻ ബഹുമതികളായ പത്മഭൂഷൻ, പത്മശ്രീ എന്നിവ നൽകി രാജ്യം അദ്ദേഹത്തെ ആദരിച്ചിരുന്നു.

ALSO READ: ദേശീയപാത അതോറിറ്റി നിര്‍മിച്ച പാലങ്ങളെ താങ്ങുന്നത് വെറും കമ്പികള്‍; കോതാട് മൂലംപിള്ളി, മൂലംപിള്ളി മുളവുകാട് പാലങ്ങളിലേത് ‘അപകട’ യാത്ര;

മലയാളം കൂടാതെ തമിഴ്, തെലുങ്ക്, കന്നട ചിത്രങ്ങളിലും അദ്ദേഹം അഭിനയിച്ചു. നസീറിന്റെ സിനിമകളിലെ ഏറ്റവും വലിയ പ്രത്യേകത ഒരേ നായിക (ഷീല)യോടൊത്ത് 130 സിനിമകളിൽ അഭിനയിച്ചു എന്നതാണ്. ഇതിനെത്തുടർന്ന് അദ്ദേഹത്തെ തേടിയെത്തിയത് ഗിന്നസ് ബുക്ക് ഓഫ് വേൾഡ് റെക്കോർഡാണ്. 93 നായികമാർക്കൊപ്പം അഭിനയിച്ചതിനും 1973ലും 77ലും 30 സിനിമകളിൽ വീതം അഭിനയിച്ചതിനും മറ്റ് രണ്ടു റെക്കോഡുകളും അദ്ദേഹം സ്വന്തമാക്കി.

1926 ഏപ്രിൽ 7 ന് തിരുവിതാംകൂറിലെ ചിറയൻകീഴിൽ അക്കോട് ഷാഹുൽ ഹമീദിന്റെയും അസുമ ബീവിയുടെയും മൂത്ത മകനായിട്ടായിരുന്നു പ്രേം നസീറിന്റെ ജനനം. കഠിനംകുളം ലോവർ പ്രൈമറി സ്കൂൾ, ശ്രീ ചിത്തിരവിലാസം സ്കൂൾ, എസ്.ഡി. കോളേജ് (ആലപ്പുഴ), സെയിന്റ് ബെർക്കുമാൻസ് കോളേജ്, ചങ്ങനാശ്ശേരി തുടങ്ങിയ ഇടങ്ങളിൽ ആയിരുന്നു പഠനം. ഈ കാലയളവിൽ തന്നെ ഒരു നാടക കലാകാരനായി അദ്ദേഹം മാറിയിരുന്നു. പിന്നീട് സിനിമ രംഗത്തേക്കും എത്തിയ പ്രേം നസീർ സൂപ്പർ സ്റ്റാർ പദവിയിലേക്ക് എത്തുകയായിരുന്നു.

കേരളവും മലയാളികളും ഉള്ളിടത്തോളം കാലം നിത്യ ഹരിത നായകൻ എന്ന പദവി പ്രേം നസീർ എന്ന അതുല്യ പ്രതിഭയ്ക്ക് സ്വന്തം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News