അരിക്കൊമ്പനെ തളയ്ക്കാനുള്ള ദൗത്യത്തിൽ പങ്കാളികളാകാൻ രണ്ടു കുങ്കിയാനകൾ കൂടിയെത്തി. കുഞ്ചു, കോന്നി സുരേന്ദ്രൻ എന്നീ ആനകളാണ് ചിന്നക്കനാലിലെത്തിയത്. ആനയെ മയക്കുവെടി വെക്കുന്നതൊഴികെയുളള നടപടികളുമായി വനംവകുപ്പ് മുന്നോട്ട് പോവുകയാണ്. 29 ന് കോടതിയിൽ നിന്ന് ദൗത്യത്തിന് അനുകൂലമായ വിധി ഉണ്ടാകും എന്ന കണക്ക് കൂട്ടലിലാണ് വനം വകുപ്പ്.
ഇതേത്തുടർന്നാണ് രണ്ട് കുങ്കിയാനകളും ദൗത്യ സംഘത്തിലെ മറ്റ് അംഗങ്ങളും കൂടി ചിന്നക്കനാലിൽ എത്തിയത്. ദൗത്യത്തിന് നേതൃത്വം നൽകേണ്ട ചീഫ് ഫോറസ്റ്റ് വെറ്റിനറി സർജൻ അരുൺ സക്കറിയയും ഇടുക്കിയിൽ എത്തിയിട്ടുണ്ട്. സംഘാംഗങ്ങളെ മുഴുവൻ ഉൾകൊള്ളിച്ചു കൊണ്ട് മോക് ഡ്രിൽ സംഘടിപ്പിക്കുമെന്ന് അരുൺ സക്കറിയ പറഞ്ഞു. കോടതി വിധി ഉണ്ടെങ്കിൽ മാത്രമേ മയക്കുവെടി വയ്ക്കുകയുള്ളൂ. അരിക്കൊമ്പൻ അപകടകാരിയല്ലെന്ന പരിസ്ഥിതിവാദികളുടെ വാദം തെറ്റാണ്. ഇത് തെളിയിക്കുന്ന കൃത്യമായ വിവര ശേഖരണം വനം വകുപ്പിന്റെ പക്കലുണ്ടെന്നും അരുൺ സക്കറിയ വ്യക്തമാക്കി.
അതേസമയം, അരിക്കൊമ്പനെ പിടികൂടാനുള്ള ദൗത്യം അനിശ്ചിതത്വത്തിൽ ആയതോടെ ചിന്നക്കനാൽ ശാന്തൻപാറ മേഖലകളിൽ പ്രതിഷേധം കനക്കുകയാണ്. കഴിഞ്ഞ ദിവസം പ്രദേശത്തെ വിവിധ കേന്ദ്രങ്ങളിൽ പ്രതിഷേധ യോഗങ്ങൾ ചേർന്നിരുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here