കൊക്കോയ്ക്ക് അപ്രതീക്ഷിതമായി ലഭിച്ച വിലവർധനയിൽ പ്രതീക്ഷയർപ്പിച്ച് കർഷകർ. ചരിത്രത്തില്‍ ആദ്യമായി ഉണക്ക കൊക്കോയുടെ വില 1,000 രൂപയും കടന്നു. പക്ഷേ കൊക്കോയുടെ വില വർദ്ധനവിൽ ഇടുക്കിയിലെ കർഷകർക്ക് പ്രയോജനം ലഭിക്കുന്നില്ലന്നാണ് പരാതി. ഉൽപാദനകുറവും വന്യമൃഗ ശല്യവുമാണ് പ്രതിസന്ധി സൃഷ്ടിക്കുന്നത്. ഇടുക്കി ഹൈറേഞ്ചിലാണ് ഉയർന്ന വില ലഭിച്ചത്. ഉണക്ക കൊക്കോയ്ക്ക് ആയിരത്തിന് മുകളിൽ വില ലഭിക്കുന്നുണ്ട്.
പച്ച കൊക്കോയ്ക്ക് കിലോയ്ക്ക് 250 മുതൽ300 വരെ വിലയായി.സംസ്ഥാനത്ത് കൊക്കോ ഉത്പാദനത്തില്‍ മുൻപന്തിയില്‍ നില്‍ക്കുന്ന ജില്ലകളിലൊന്നാണ് ഇടുക്കി. ഹൈറേഞ്ച് മേഖലയില്‍ ഉത്പാദിപ്പിക്കുന്ന കൊക്കോയ്ക്ക് ഗുണമേൻമയും കൂടുതലാണ്. അതിനാല്‍ ചോക്ലേറ്റ് നിർമാണ കമ്പനികള്‍ ഇവിടെ നിന്നും കൊക്കോ സംഭരിക്കാൻ കൂടുതല്‍ താത്പര്യം കാണിക്കുന്നുണ്ട്. അതേസമയം കടുത്ത വേനൽ ഉണ്ടാക്കിയ ഉണക്കു മൂലം വിലവർധനവ് കർഷകർക്ക് കാര്യമായ പ്രയോജനം ചെയ്യാത്ത സാഹചര്യമാണ്. മുൻവർഷങ്ങളെ അപേക്ഷിച്ച് വേനല്‍മഴയിലുണ്ടായ കുറവാണ് ഉത്പാദനം കുറയാൻ കാരണം.
കടുത്ത ചൂടില്‍ പൂവിരിയുന്നത് കൊഴിഞ്ഞുപോകുകയാണ്. ആഗോളവിപണിയില്‍ ആവശ്യത്തിനനുസരിച്ച് കൊക്കോ ലഭിക്കാത്തതാണ് വില കുതിച്ചുയരാൻ കാരണം. ഇനിയും വില ഉയരാൻ സാധ്യതയുണ്ടെന്നാണ് കച്ചവടക്കാർ പറയുന്നത്. മറ്റു കൃഷികളും കടുത്ത ചൂടില്‍ ഉണങ്ങികരിയുകയാണ്. കിണറുകളിലും കുളങ്ങളിലും വെള്ളം വറ്റിത്തുടങ്ങിയതോടെ ജലസേചന സാധ്യതയും കുറയുന്നു . ഇതുമൂലം ഉൽപ്പന്നങ്ങൾക്ക് വില വർദ്ധനവ് ഉണ്ടായി എങ്കിലും അതിന്റെ പ്രയോജനം കാർഷിക മേഖലയ്ക്ക് ലഭിക്കാത്ത സ്ഥിതിയാണ്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here