നെല്ലിന്റെ വില കര്‍ഷകര്‍ക്ക് ഉടന്‍ ലഭിക്കാനിടയില്ലെന്ന പത്രവാര്‍ത്തകള്‍ക്ക് അടിസ്ഥാനമില്ലെന്ന് ഭക്ഷ്യ മന്ത്രി ജി.ആര്‍ അനില്‍. നെല്ലിന്റെ വിലയായി 1,11,953 കര്‍ഷകര്‍ക്ക് 811 കോടി രൂപ വിതരണം ചെയ്തതായി മന്ത്രി പറഞ്ഞു. 2022-23 സീസണില്‍ 1,34,152 കര്‍ഷകരില്‍ നിന്നും, മാർച്ച് 28 വരെ 3.61 ലക്ഷം മെട്രിക് ടണ്‍ നെല്ല് സംഭരിച്ചുവെന്നും മന്ത്രി വ്യക്തമാക്കി. 22,199 കര്‍ഷകര്‍ക്ക് നല്‍കാനുള്ള 207 കോടി രൂപ വിതരണം ചെയ്തു വരുന്നു.
ഏപ്രില്‍ ആദ്യ വാരത്തോടുകൂടി മാര്‍ച്ച് മാസം 31 വരെ സംഭരിക്കുന്ന മുഴുവന്‍ നെല്ലിന്റെയും വില കര്‍ഷര്‍ക്ക് നല്‍കുമെന്നും ജി.ആര്‍ അനില്‍ അറിയിച്ചു. മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് ഈ സംഭരണ വര്‍ഷം കൂടുതല്‍ നെല്ല് സംഭരിക്കാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായും മന്ത്രി വ്യക്തമാക്കി.
മാര്‍ച്ച് 22 മുതല്‍ 29 വരെ 231 കോടി രൂപ കര്‍ഷകരുടെ അക്കൗണ്ടിലേക്ക് നേരിട്ട് ട്രാന്‍സ്ഫര്‍ ചെയ്തിട്ടുണ്ട്. സപ്ലൈകോയുടെ അക്കൗണ്ടില്‍ നിന്നും പ്രസ്തുത തുക കര്‍ഷകരുടെ അക്കൗണ്ടിലേക്ക് നേരിട്ട് ട്രാന്‍സ്ഫര്‍ ചെയ്തിട്ടുള്ളതിനാല്‍ കര്‍ഷകരുടെ സിബില്‍ സ്കോറിനെ ബാധിക്കാത്ത വിധത്തിലാണ് തുക നല്‍കിവരുന്നത്. ഈ സീസണിലെ നെല്ല് സംഭരണം മെച്ചപ്പെട്ട രീതിയില്‍ നടന്നു വരുന്നതായും കര്‍ഷകര്‍ക്ക് നല്‍കേണ്ട തുക സമയബന്ധിതമായി നല്‍കുന്നതായും മന്ത്രി അറിയിച്ചു.
കര്‍ഷകരുടെ പ്രശ്നങ്ങളെ സര്‍ക്കാര്‍ ഗൗരവമായിട്ടാണ് കാണുന്നതെന്നും നെല്ലിന്റെ വില കര്‍ഷകര്‍ക്ക് സമയബന്ധിതമായി നല്‍കുന്നതിന് എല്ലാവിധ പരിശ്രമവും സര്‍ക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here