ജമ്മു കശ്മീരില്‍ മൂന്ന് സുരക്ഷാ ഉദ്യോഗസ്ഥരുടെ ജീവത്യാഗത്തില്‍ രാജ്യം തേങ്ങുമ്പോള്‍ ജി 20 ഉച്ചകോടിയുടെ വിജയം ആഘോഷിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ദുഃഖ വാര്‍ത്ത പുറത്ത് വന്നിട്ടും ദില്ലിയില്‍ ബിജെപി ആസ്ഥാനത്തെ ആഘോഷം അവസാനിപ്പിക്കാന്‍ മോദി തയാറായില്ലെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ ചൂണ്ടിക്കാട്ടി.
ബുധനാഴ്ചയാണ് കശ്മീരില്‍ ഭീകരരുമായുണ്ടായ ഏറ്റുമുട്ടലില്‍ കേണല്‍ ഉള്‍പ്പെടെ മൂന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ വീരമൃത്യു വരിച്ചത്. കേണല്‍ മന്‍പ്രീത് സിംഗ്, മേജര്‍ ആഷിഷ് ധോഞ്ചക്, ഡിഎസ്പി ഹുമയൂണ്‍ ഭട്ട് എന്നിവരാണ് ജീവത്യാഗം ചെയ്തത്. മരണവാര്‍ത്ത പുറത്തുവരുമ്പോള്‍ ജി 20 ഉച്ചകോടിയുടെ ആഘോഷ തിരക്കിലായിരുന്നു ദില്ലിയിലെ ബിജെപി ആസ്ഥാനം. കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങളുടെ ദുഖത്തില്‍ പങ്കുചേരേണ്ട പ്രധാനമന്ത്രി ദില്ലിയിലെ ബിജെപി ഓഫീസില്‍ ആഘോഷം തുടര്‍ന്നു. നരേന്ദ്ര മോദിയുടേത് വിവേക രഹിതമായ നടപടിയാണെന്ന് കോണ്‍ഗ്രസ് പ്രതികരിച്ചു. കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങളുടെ വിലാപത്തിന്റെയും ബിജെപി ആസ്ഥാനത്തെ ആഘോഷത്തിലേക്ക് എത്തുന്ന മോദിയുടെയും ദൃശ്യങ്ങള്‍ കോണ്‍ഗ്രസ് എക്‌സില്‍ പങ്കുവച്ചു.
Also Read: സോളാറിൽ സി ബി ഐ അന്വേഷണം എന്ന സതീശന്റെ ആവശ്യം മലർന്ന് കിടന്ന് തുപ്പുന്നത് പോലെ; എ കെ ബാലൻ
2019ല്‍ പുല്‍വാമയില്‍ സിആര്‍പിഎഫിന്റെ വാഹനവ്യൂഹത്തിനുനേരെയുണ്ടായ ആക്രമണത്തില്‍ 40 ജവാന്‍മാര്‍ കൊല്ലപ്പെട്ടിരുന്നു. ആ ഘട്ടത്തില്‍ ഡിസ്‌കവറി ചാനലിന്റെ ഡോക്യുമെന്ററി ചിത്രീകരണത്തിലായിരുന്ന മോദി അത് നിര്‍ത്തിവയ്ക്കാന്‍ തയാറാകാത്തത് ഏറെ വിവാദമായിരുന്നു. എല്ലാം അറിഞ്ഞത് വൈകിയാണെന്നായിരുന്നു മോദിയുടെ പ്രതികരണം. എന്നാല്‍ ഇത്തവണ രാവിലെ തന്നെ എല്ലാം അറിഞ്ഞിട്ടും ബിജെപിയും മോദിയും ആഘോഷം തുടര്‍ന്നെന്ന് ആര്‍ജെഡി നേതാവ് മനോജ് ഝാ പറഞ്ഞു. ഭരണഘടനയുടെ 370-ാം അനുച്ഛേദം റദ്ദാക്കി പ്രത്യേകപദവി എടുത്തുകളഞ്ഞതോടെ ജമ്മുകശ്മീരില്‍ ശാന്തിയും സമാധാനവും കൊണ്ടുവരുമെന്നായിരുന്നു കേന്ദ്രസര്‍ക്കാരിന്റെ അവകാശവാദം. എന്നാല്‍ കേന്ദ്രസര്‍ക്കാരിന്റെയും ബിജെപിയുടെയും അവകാശവാദം പൊള്ളത്തരമായിരുന്നുവെന്ന് വ്യക്തമാകുന്നതാണ് കശ്മീരില്‍ ആവര്‍ത്തിച്ചുണ്ടാകുന്ന തീവ്രവാദ ആക്രമണങ്ങള്‍.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here