രാജ്യമെമ്പാടും ക്രൈസ്തവർ ആക്രമണം നേരിടുന്നതിനിടെ ദില്ലിയിലെ ക്രിസ്മസ് ആഘോഷച്ചടങ്ങിൽ പങ്കെടുത്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. ദില്ലിയിലെ കാത്തലിക് ബിഷപ്പ്സ് കോൺഫറൻസ് ഓഫ് ഇന്ത്യ ആസ്ഥാനത്ത് നടന്ന ആഘോഷ പരിപാടിയിലാണ് പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുത്തത്. വൈകീട്ട് ആറരയോടെ CBCI ആസ്ഥാനത്തെത്തിയ മോദിയെ അധ്യക്ഷൻ മാർ ആൻഡ്രൂസ് താഴത്തിൽ ഉൾപ്പെടെയുള്ളവർ സ്വീകരിച്ചു. കർദ്ദിനാൾമാർ, ബിഷപ്പുമാർ, പ്രമുഖ ക്രൈസ്തവ നേതാക്കൾ എന്നിവരോടൊപ്പം മോദിയും പ്രാർഥനാ ചടങ്ങുകളിൽ പങ്കെടുത്തു.
സിബിസിഐ സ്ഥാപിച്ചതിൻ്റെ 80-ാം വാർഷികത്തിലെ ക്രിസ്മസ് ആഘോഷത്തിൽ തനിക്ക് പങ്കെടുക്കാനായതിൽ സന്തോഷമുണ്ടെന്ന് മോദി പറഞ്ഞു. ഇറ്റലിയിലെ ജി 7 ഉച്ചകോടിക്കിടെ ഫ്രാൻസിസ് മാർപാപ്പയെ കാണാനുള്ള അവസരം ലഭിച്ചെന്നും അദ്ദേഹത്തെ ഇന്ത്യയിലേക്ക് ക്ഷണിച്ചിട്ടുണ്ടെന്നും മോദി കൂട്ടിച്ചേർത്തു.
യേശുക്രിസ്തുവിൻ്റെ പാഠങ്ങൾ സ്നേഹത്തിൻ്റെയും സാഹോദര്യത്തിൻ്റെയും സന്ദേശം നൽകുന്നു. സമൂഹത്തിൽ അക്രമം നടക്കുമ്പോൾ തൻ്റെ ഹൃദയം വേദനിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു. തുടർന്ന് ജർമ്മനിയിലും ശ്രീലങ്കയിലും പള്ളികൾക്കെതിരെ നടന്ന ആക്രമണത്തെക്കുറിച്ച് പരാമർശിച്ച മോദി ബിജെപി ഭരിക്കുന്ന മണിപ്പൂരിലെ ക്രിസ്ത്യൻ വിഭാഗം നേരിടുന്ന അതിക്രമത്തെ പറ്റി ഒരക്ഷരം മിണ്ടിയതുമില്ല.
മണിപ്പൂരിൽ മാത്രം രണ്ടു വർഷത്തിനിടെ 100ൽ അധികം ക്രൈസ്തവ ആരാധനാലയങ്ങളാണ് ആക്രമത്തിനിരയായത്. കൂടാതെ, വിവിധ സംസ്ഥാനങ്ങളിൽ ക്രൈസ്തവ വിഭാഗങ്ങൾക്ക് നേരെ സംഘപരിവാർ അക്രമം അഴിച്ചു വിടുന്ന സാഹചര്യത്തിലും കൂടിയാണ് മോദിയുടെ ക്രിസ്മസ് ആഘോഷം എന്നത് വിമർശകരുടെ കണ്ണിൽ പൊടിയിടാനുള്ള ഒരു നീക്കമായി മാത്രമാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്.
.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here