വയനാട്ടിലെ ദുരന്തബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കാനായി എത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി ശനിയാഴ്ച രാവിലെ 11.10ന് വ്യോമസേനയുടെ എയര്‍ ഇന്ത്യ വണ്‍ വിമാനത്തില്‍ കണ്ണൂര്‍ വിമാനത്താവളത്തില്‍ ഇറങ്ങി. കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍, മുഖ്യമന്ത്രി പിണറായി വിജയന്‍, കെ കെ ശൈലജ ടീച്ചര്‍ എം എല്‍ എ, ചീഫ് സെക്രട്ടറി ഡോ. വി വേണു, ഡി ജി പി ഷേഖ് ദര്‍വേശ് സാഹിബ്, ജില്ലാ കളക്ടര്‍ അരുണ്‍ കെ വിജയന്‍, സിറ്റി പോലീസ് കമ്മിഷണര്‍ അജിത് കുമാര്‍, എ പി അബ്ദുള്ളക്കുട്ടി, സി കെ പത്മനാഭന്‍ തുടങ്ങിയവര്‍ ചേര്‍ന്ന് പ്രധാനമന്ത്രിയെ വിമാനത്താവളത്തില്‍ സ്വീകരിച്ചു. കേന്ദ്ര പെട്രോളിയം വകുപ്പ് സഹമന്ത്രി സുരേഷ് ഗോപി പ്രധാനമന്ത്രിയെ വിമാനത്തില്‍ അനുഗമിച്ചു. സ്വീകരണത്തിന് ശേഷം 11.17ന് പ്രധാനമന്ത്രി വ്യോമസേനാ ഹെലികോപ്റ്ററില്‍ വയനാട്ടിലേക്ക് തിരിച്ചു.
മരണം, നശിച്ച കൃഷി, കന്നുകാലി സമ്പത്ത്, ഭൂമിയുടെ അവസ്ഥ, വിദ്യാര്‍ഥികളുടെ പഠനം, റോഡുകളുടെ തകര്‍ച്ച, വീടുകളുടെയും കെട്ടിടങ്ങളുടെയും തകര്‍ച്ച തുടങ്ങി നേരിട്ട നഷ്ടത്തിന്റെ വ്യാപ്തി കണക്കാക്കാന്‍ പോലുമാവാതെ വിറങ്ങലിച്ച് നില്‍ക്കുകയാണ് വയനാട്. വയനാട്ടിലെ മുണ്ടക്കൈ, ചൂരല്‍മല തുടങ്ങിയ പ്രദേശങ്ങള്‍ പ്രധാനമന്ത്രി സന്ദര്‍ശിക്കുമ്പോള്‍ കേരളം അതിനാല്‍ തന്നെ പ്രതീക്ഷയിലാണ്. വൈകിയ ദേശീയ ദുരന്ത പ്രഖ്യാപനവും പുനരധിവാസ സഹായവും സംബന്ധിച്ച തീരുമാനവും പ്രധാനമന്ത്രി പ്രഖ്യാപിക്കുമെന്നാണ് പ്രതീക്ഷ. ഉരുള്‍പൊട്ടല്‍ ദേശീയ ദുരന്തമായും അതിതീവ്ര ദുരന്തമായും പ്രഖ്യാപിക്കണമെന്നതാണ് കേരളത്തിന്റെ ആവശ്യം.
ALSO READ:തുമ്പയില്‍ കാണാതായ മത്സ്യത്തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി
ഇതുവരെ കാണാത്ത ദുരന്തമാണ് വയനാട്ടിലുണ്ടായത്. 230 മൃതദേഹവും, 196 ശശീരഭാഗവും കണ്ടെത്തിയതായാണ് ഔദ്യോഗിക കണക്ക്. ദുരന്തതീവ്രത പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിയമിച്ച സമിതി കഴിഞ്ഞ ദിവസം ജില്ലയിലെത്തിയിരുന്നു. ഒമ്പതംഗ സമിതി മന്ത്രിമാര്‍, ജില്ലാധികൃതര്‍, തദ്ദേശ ജനപ്രതിനിധികള്‍ എന്നിവരുമായി ചര്‍ച്ച നടത്തി. ദുരന്തബാധിത മേഖലകളും സന്ദര്‍ശിച്ച സമിതി വെള്ളിയാഴ്ച വൈകിട്ടോടെ കേന്ദ്രസര്‍ക്കാരിന് റിപ്പോര്‍ട്ട് കൈമാറി.
കഴിഞ്ഞ കേന്ദ്രബജറ്റില്‍ അസം, ബിഹാര്‍, ഹിമാചല്‍പ്രദേശ്, ഉത്തരാഖണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങള്‍ക്ക് പ്രത്യേക പ്രളയസഹായം പ്രഖ്യാപിച്ചിരുന്നു. കേരളം സമര്‍പ്പിച്ച 2400 കോടി രൂപയുടെ പാക്കേജ് എന്നാല്‍ പരിഗണിച്ചില്ല. ഇപ്പോഴത്തെ സാഹചര്യം കൂടി കണക്കിലെടുത്ത് പാക്കേജ് അനുവദിക്കണമെന്നതാണ് സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെടുന്നത്. ഉരുള്‍പൊട്ടല്‍ ദുരന്തബാധിതര്‍ക്ക് സഹായവും ടൗണ്‍ഷിപ്പ് ഉള്‍പ്പെടെയുള്ള പുനരധിവാസവുമാണ് സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. എന്നാല്‍ കേന്ദ്ര സഹായം അനിവാര്യമാണ്. ഉരുള്‍പൊട്ടല്‍ അംഗീകൃത ദേശീയ ദുരന്തങ്ങളുടെ പട്ടികയിലുള്ളതിനാല്‍ പ്രഖ്യാപനത്തിന് കേന്ദ്രത്തിന് തടസ്സങ്ങളില്ല. അത് സാധ്യവുമാണ് എന്നിരിക്കെ പ്രഖ്യാപനം വൈകുകയാണ്.
ALSO READ:കാക്കനാട് യുവതി ഉള്‍പ്പെടെ ഒന്‍പത് പേര്‍ എംഡിഎംഎയുമായി പിടിയില്‍
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here